സൗദി അറേബ്യയില്‍ പാകിസ്താന്‍ സൈന്യം നിറയുന്നു; 25000 പേര്‍ വരുന്നു, യമനില്‍ ഇടപെടുമോ?
സൗദി അറേബ്യയിലേക്ക് കൂടുതല്‍ സേനയെ അയക്കാന്‍ പാകിസ്താന്‍. 25000 സൈനികരെ അയക്കാനാണ് പാകിസ്താന്‍ ഒരുങ്ങുന്നത് എന്ന് സിഎന്‍എന്‍-ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ 15000 സൈനികരെ വിന്യസിച്ച ശേഷമാണ് പാകിസ്താന്റെ അടുത്ത നീക്കം. സൗദിയും യമനിലെ ഹൂതികളും കടുത്ത പോര് തുടരുന്നതിനിടെയാണിത് എന്നതും എടുത്തു പറയണം.
സൈനികര്‍ക്ക് പുറമെ വ്യോമ പ്രതിരോധ സംവിധാനങ്ങളും റോക്കറ്റും ഡ്രോണുകളും പാകിസ്താന്‍ സൗദിയില്‍ വിന്യസിക്കും. സൗദിയും പാകിസ്താനും തമ്മില്‍ നേരത്തെ പ്രതിരോധ കരാര്‍ ഒപ്പുവെക്കുകയും പിന്നീട് തുര്‍ക്കിയെ കൂടി ഉള്‍പ്പെടുത്തി കരാര്‍ വിപുലീകരിക്കുകയും ചെയ്തിരുന്നു. മൂന്ന് രാജ്യങ്ങളും ചേര്‍ന്നുള്ള മക്ക കരാര്‍ ഘട്ടങ്ങളായി നടപ്പാക്കാന്‍ പോകുന്നു എന്നാണ് വിവരം.

മക്ക കരാറിന്റെ ഭാഗമായിട്ടാണ് 25000 സൈനികരെ കൂടി പാകിസ്താന്‍ സൗദിയില്‍ വിന്യസിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സൗദി അറേബ്യ യമനില്‍ അതിശക്തമായ ആക്രമണത്തിന് ഒരുങ്ങുന്നു എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ആഴ്ചകള്‍ക്കകം ഇതുണ്ടാകുമത്രെ. യമനിലെ ഒരു ലക്ഷം സൈനികരെ ഉപയോഗിച്ച് കരയാക്രമണം നടത്തുകയും സൗദി സൈന്യം വ്യോമാക്രമണം നടത്തുകയുമാകും ചെയ്യുക എന്നാണ് വാര്‍ത്തകള്‍.
സൗദി അറേബ്യ, പാകിസ്താന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ സൈനിക ഓഫീസര്‍മാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന സുപ്രധാന യോഗം റിയാദില്‍ ചേരാന്‍ ധാരണയായിട്ടുണ്ട്. ഈ യോഗത്തില്‍ മക്ക കരാര്‍ എങ്ങനെ നടപ്പാക്കണം എന്ന് തീരുമാനിക്കും. ഇതിന്റെ തുടര്‍ച്ചയായി പാകിസ്താന്‍ മാത്രമല്ല, തുര്‍ക്കിയിയും ഒരുപക്ഷേ, സൈനികരെ സൗദിയില്‍ വിന്യസിച്ചേക്കും.
ചെങ്കടലിനെയും ഏദന്‍ കടലിനെയും ബന്ധിപ്പിക്കുന്ന സുപ്രധാന കടല്‍പാതയാണ് ബാബുല്‍ മന്തിബ് കടലിടുക്ക്. ഈ മേഖല നിലവില്‍ യമനിലെ ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. ഇത് തിരിച്ചുപിടിക്കാനാണ് സൗദിയുടെ നീക്കം. അതിന് വേണ്ടിയാണ് ശക്തമായ ആക്രമണത്തിന് സൗദി ഒരുങ്ങുന്നത്. സൗദിയില്‍ തിരിച്ചടിക്കുമെന്നാണ് ഹൂതികളുടെ മുന്നറിയിപ്പ്. ഇടയ്ക്കിടെ ഇവര്‍ ആക്രമണം തുടരുന്നുമുണ്ട്.
ഷിയാ വിഭാഗത്തില്‍പ്പെട്ട ഹൂതികളെ ആക്രമണത്തിലൂടെ അടിച്ചമര്‍ത്തുന്നത് ഇറാന്‍ ഒരിക്കലും അംഗീകരിക്കില്ല. ഈ വേളയില്‍ ഇറാന്‍ സൗദിക്കും പാകിസ്താനും എതിരെ നീങ്ങുമോ എന്ന ചോദ്യവും ബാക്കിയാണ്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യം കൂടിയാണ് ഇറാന്‍. സൗദിയില്‍ ഹൂതികള്‍ക്കെതിരെ പാകിസ്താന്‍ നീങ്ങിയാല്‍ ഇറാനുമായുള്ള അതിര്‍ത്തിയിലും അവര്‍ വെല്ലുവിളി നേരിടേണ്ടി വരും.


Click it and Unblock the Notifications
