പാകിസ്താന്‍ കടല്‍ നികത്തി ദ്വീപ് ഉണ്ടാക്കുന്നു; ക്രൂഡ് ഓയില്‍ ഖനനം ലക്ഷ്യം, യുഎസ് പിന്തുണ
ഇസ്ലാമാബാദ്: കടല്‍ നികത്തി കൃത്രിമ ദ്വീപ് ഉണ്ടാക്കാന്‍ പാകിസ്താന്‍. പാകിസ്താന്‍ പെട്രോളിയം ലിമിറ്റഡ് ആണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ക്രൂഡ് ഓയിലും പ്രകൃതി വാതകവും ഖനനം ചെയ്യുന്നതിന്റെ ഭാഗമാണിത്. സിന്ധ് പ്രവിശ്യയിലെ സുജവാലില്‍ 30 കിലോമീറ്ററിലാണ് കടല്‍ നികത്തി ദ്വീപ് ഉണ്ടാക്കുന്നത്. ഖനനത്തിന് വേണ്ടി പശ്ചാത്തലം ഒരുക്കുകയാണ് പാകിസ്താന്‍.
ഇസ്ലാമാബാദില്‍ നടന്ന എനര്‍ജി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കവെ പാകിസ്താന്‍ പെട്രോളിയം ജനറല്‍ മാനേജര്‍ അര്‍ഷദ് പലേക്കര്‍ ആണ് ഇക്കാര്യം വിശദീകരിച്ചത്. ആറടി ഉയരത്തില്‍ ഒരു പ്രതലമുണ്ടാക്കുകയാണ് ചെയ്യുക. ഉയര്‍ന്ന തിരമാലകള്‍ വന്നാലും ഖനനത്തിന് തടസമില്ലാതിരിക്കുകയാണ് ഉദ്ദേശം. ദ്വീപ് സജ്ജമായാല്‍ 25 ഇടങ്ങളില്‍ ഒരേ സമയം ഖനനം ചെയ്യാന്‍ സാധിക്കും.

ദ്വീപിന്റെ നിര്‍മാണം വരുന്ന ഫെബ്രുവരിയില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാകിസ്താനിലെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടയില്‍ ക്രൂഡ് ഓയിലും വാതകവുമുണ്ട് എന്നാണ് നിഗമനം. ഇവ ഖനനം ചെയ്യുന്നതിന് അമേരിക്കയും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യല്‍ വഴി താല്‍പ്പര്യം പരസ്യമാക്കുകയും ചെയ്തു.
തീരമേഖലയില്‍ ഖനനം നടത്താന്‍ പാകിസ്താന്‍ പെട്രോളിയം, മാരി എനര്‍ജീസ്, പ്രൈം ഇന്റര്‍നാഷണല്‍ ഓയില്‍ ആന്റ് ഗ്യാസ് കമ്പനി എന്നിവര്‍ക്ക് പാകിസ്താന്‍ ഭരണകൂടം ലൈസന്‍സ് നല്‍കിയിട്ടുണ്ട്. എണ്ണ ഖനനത്തിന് പാകിസ്താനും അമേരിക്കയും കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഒരുകാലത്ത് ഇന്ത്യയ്ക്കും പാകിസ്താന്റെ എണ്ണ വില്‍ക്കുമെന്ന് ട്രംപ് അവകാശപ്പെടുകയും ചെയ്തു.
500 കോടി ഡോളര്‍ നിക്ഷേപം വേണം
സിന്ധ് പ്രവിശ്യയിലെ ഖരോ മേഖലയില്‍ വലിയ എണ്ണ ശേഖരമുണ്ട് എന്ന് പാകിസ്താന്റെ പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്റ് ഗ്യാസ് ഡവലപ്‌മെന്റ് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയില്‍ 4185 മീറ്റര്‍ ആഴത്തില്‍ പര്യവേക്ഷണം നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം. ഒരു ദിവസം 64 ലക്ഷം ക്യൂബിക് അടി വാതകവും 55 ബാരല്‍ ഓയിലും ഖനനം ചെയ്യാന്‍ സാധിക്കുമെന്നാണ് നിഗമനം.
മാത്രമല്ല, പാകിസ്താനിലെ വിവിധ നദിക്കരകളിലും എണ്ണ-വാതക ശേഖരമുണ്ട് എന്നാണ് കണ്ടെത്തല്‍. ഇതിന്റെ വിശദമായ പരിശോധന നടക്കുകയാണ്. ഈ വേളയിലാണ് അമേരിക്ക താല്‍പ്പര്യം അറിയിച്ച് രംഗത്തുവന്നതും കരാര്‍ ഒപ്പുവച്ചിരിക്കുന്നതും. ലോകത്തെ പ്രധാന നാല് വാതക ശേഖരവും ഇതില്‍പ്പെടുമെന്നാണ് പാകിസ്താന്റെ അവകാശവാദം.
അതേസമയം, എണ്ണ-വാതക ശേഖരത്തിന്റെ കണക്കുകള്‍ നിഗമനങ്ങള്‍ ആണെന്നും പൂര്‍ണമായി വിശ്വസിക്കാറായിട്ടില്ല എന്നുമാണ് ഓയില്‍ ആന്റ് ഗ്യാസ് റഗുലേറ്ററി അതോറിറ്റി (ഒജിആര്‍എ) മുന്‍ അംഗം മുഹമ്മദ് ആരിഫ് പറയുന്നത്. വിശദമായ പര്യവേക്ഷണത്തിന് കുറഞ്ഞത് 500 കോടി ഡോളര്‍ എങ്കിലും വേണ്ടി വരുമെന്നും കരുതുന്നു. പാകിസ്താന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ഇതിന് യോജിക്കുന്നില്ല. പൂര്‍ണമായ പര്യവേക്ഷണം കഴിയണം എങ്കില്‍ അഞ്ച് വര്‍ഷം വേണ്ടിവരുമെന്നും ആരിഫ് പറയുന്നു.












Click it and Unblock the Notifications