ഇമ്രാന്‍ ഖാന്‍ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചു; കത്ത് പുറത്തുവിടും, രാജി പ്രഖ്യാപിച്ചേക്കും
ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ന് രാത്രി രാജി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷമാകും രാജി എന്നാണ് വാര്‍ത്തകള്‍. അതേസമയം, ഇമ്രാന്‍ ഖാന്‍ രാജ്യത്തോട് സംസാരിക്കുമെന്ന് വ്യക്തമാക്കിയ ആഭ്യന്തര മന്ത്രി പക്ഷേ, അദ്ദേഹം രാജിവയ്ക്കുമെന്ന സൂചന നല്‍കിയില്ല. ഇമ്രാന്‍ ഖാന്‍ ഇന്ന് വൈകീട്ട് പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. എല്ലാ മന്ത്രിമാരും എത്തണമെന്ന് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. മാത്രമല്ല, സഖ്യകക്ഷി നേതാക്കള്‍ക്കും ക്ഷണമുണ്ട്.
വിദേശ ശക്തികള്‍ തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പണം ഇറക്കുന്നു എന്ന് വെള്ളിയാഴ്ച ഇമ്രാന്‍ ഖാന്‍ ഇസ്ലാമാബാദില്‍ നടത്തിയ പ്രസംഗത്തില്‍ ആരോപിച്ചിരുന്നു. ഇതിന്റെ തെളിവ് തന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ന് മന്ത്രിസഭാ യോഗത്തില്‍ ഇമ്രാന്‍ ഖാന്‍ തെളിവ് പരസ്യമാക്കുമെന്നാണ് വിവരം. ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം രാജി പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിദേശ ശക്തികള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് സംബന്ധിച്ച തെളിവുകളെ കുറിച്ച് എനിക്ക് അറിയില്ല എന്നാണ് പാകിസ്താന്‍ ആഭ്യന്തര മന്ത്രി പ്രതികരിച്ചത്.

അതേസമയം, പ്രധാനമന്ത്രി രാജിവയ്ക്കില്ലെന്ന് പാകിസ്താന്‍ മന്ത്രി ഫവാദ് ചൗധരി പ്രതികരിച്ചു. അവസാന ശ്വാസം വരെ അദ്ദേഹം പോരാടുമെന്നാണ് ചൗധരി പറയുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇമ്രാന്‍ ഖാനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷത്തോടൊപ്പം ഭരണമുന്നണിയിലെ ചില പാര്‍ട്ടികളും ചേര്‍ന്നിരിക്കുകയാണ്. മാത്രമല്ല, ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയിലെ വിമതരും പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുമെന്നാണ് കരുതുന്നത്. ക്യാബിനറ്റ് മന്ത്രിമാര്‍ രാജി പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ വിശ്വാസം നേടാനാകാതെ ഇമ്രാന്‍ ഖാന്‍ പുറത്തുപോകേണ്ടി വരുമെന്നാണ് കരുതുന്നത്.
ഏപ്രില്‍ മൂന്നിനാണ് അവിശ്വാസ പ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് നടക്കുക. ഇന്നാണ് എംക്യുഎം മന്ത്രിമാര്‍ രാജിപ്രഖ്യാപിച്ചത്. എംക്യുഎമ്മിന് 7 അംഗങ്ങളും ബലൂചിസ്താന്‍ അവാമി പാര്‍ട്ടിക്ക് അഞ്ച് അംഗങ്ങളുമാണ് പാര്‍ലമെന്റിലുള്ളത്. രണ്ടു പാര്‍ട്ടികളും പിന്തുണ പിന്‍വലിച്ച സാഹചര്യത്തിലാണ് ഇമ്രാന്‍ ഖാന്‍ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചിരിക്കുന്നതും രാജി പ്രഖ്യാപിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതും.
സൈന്യത്തിന്റെ പിന്തുണ നേടുന്നതില്‍ ഇമ്രാന്‍ ഖാന്‍ പരാജയപ്പെട്ടു എന്നും വാര്‍ത്തകളുണ്ട്. ഈ സാഹചര്യത്തിലാണ് വിശ്വാസ വോട്ട് തേടാന്‍ നില്‍ക്കാതെ രാജിക്കൊരുങ്ങുന്നതത്രെ. പാകിസ്താന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമാണ് സൈന്യത്തിന്. 1947ല്‍ സ്വാതന്ത്ര്യം ലഭിച്ച ശേഷം നാല് സൈനിക അട്ടിമറികള്‍ നടന്ന രാജ്യമാണ് പാകിസ്താന്‍. അട്ടിമറി ശ്രമങ്ങളും ഒട്ടേറെ നടന്നിട്ടുമുണ്ട്. മൂന്ന് പതിറ്റാണ്ടിലധികം സൈനിക ഭരണത്തിന് കീഴിലായിരുന്ന രാജ്യമാണ് പാകിസ്താന്‍.












Click it and Unblock the Notifications