തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാന്‍ പാകിസ്താന്‍ പ്രസിഡന്റ്; പ്രക്ഷോഭ ആഹ്വാനവുമായി ഇമ്രാന്‍ ഖാന്‍
ഇസ്ലാമാബാദ്: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാന്‍ പ്രസിഡന്റ് ആരിഫ് ആല്‍വി തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കി. പാകിസ്താന്‍ ഭരണഘടനയുടെ 48(5)(എ), 224(2) വകുപ്പുകള്‍ ഉദ്ധരിച്ചാണ് പ്രസിഡന്റിന്റെ നടപടി. ഇതുപ്രകാരം പാര്‍ലമെന്റ് പിരിച്ചുവിട്ട് 90 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കണമെന്നാണ് ചട്ടം. പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റിന്റെ നടപടിയുടെ നിയമസാധുത സുപ്രിംകോടതി പരിശോധിച്ചുകൊണ്ടിരിക്കെയാണിത്. പൊതുതെരഞ്ഞെടുപ്പിന് വലിയ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. പൊടുന്നനെ രാജ്യം തെരഞ്ഞെടുപ്പിലേക്ക് എത്തിയതിനാല്‍ ചുരുങ്ങിയത് മൂന്നുമാസമെങ്കിലും കഴിഞ്ഞ് മാത്രമെ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയൂവെന്നാണ് കമ്മിഷന്‍ നിലപാട്.

അതേസമയം, രാഷ്ട്രത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനായി പൊതുജനങ്ങള്‍ രംഗത്തിറങ്ങണമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ആഹ്വാനം. പാകിസ്താനിലെ ജനാധിപത്യത്തിന്റെയും പരമാധികാരത്തിന്റെയും ഏറ്റവും വലിയ കാവല്‍ക്കാര്‍ നിങ്ങളാണ്. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് കടമയുണ്ടെന്നും ഇമ്രാന്‍ പറഞ്ഞു. പൊതുതെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഇമ്രാന്‍ഖാന്‍ ഇത് രണ്ടാംതവണയാണ് ജനങ്ങളോട് പ്രക്ഷോഭത്തിനിറങ്ങാന്‍ ആഹ്വാനം ചെയ്യുന്നത്.
ഇമ്രാനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം വിജയിക്കുമെന്ന് ഉറപ്പായതോടെയാണ് അദ്ദേഹം വോട്ടെടുപ്പിന് നില്‍ക്കാതെ പാര്‍ലമെന്റ് പിരിച്ചുവിട്ടത്. രാജ്യം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നില്‍ അമേരിക്കയാണെന്നും പ്രതിപക്ഷം വിദേശസഹായത്തോടെ തന്നെ പുറത്താക്കാന്‍ നീക്കം നടത്തുകയാണെന്നുമാണ് ഇമ്രാന്റെ ആരോപണം.
രാഷ്ട്രീയ അനിശ്ചിതത്വവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ഇന്നും ഉത്തരവ് പുറപ്പെടുവിച്ചില്ല. ഇന്ന് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ (പിടിഐ) വാദമാണ് നടന്നത്. കേസില്‍ മനുഷ്യാവകാശലംഘനം ഉണ്ടായിട്ടില്ലെന്ന് പിടിഐ അഭിഭാഷകന്‍ വാദിച്ചു. പാക് സര്‍ക്കാരിനെ തകര്‍ക്കാന്‍ വിദേശ ഗൂഢാലോചന നടന്നുവെന്ന വാദം തെളിയിക്കുന്നതിന് അവസാനമായി നടന്ന ദേശീയ സുരക്ഷാ സമിതി (എന്‍എസ്എ) യോഗത്തിന്റെ മിനുട്സ് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.
ഇമ്രാന്‍ഖാനെതിരേ പ്രതിപക്ഷം പാര്‍ലമെന്റില്‍ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിന്‍മേല്‍ വോട്ടെടുപ്പ് നടക്കും മുമ്പ് പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് ആരിഫ് ആല്‍വിയുടെ നടപടിയും പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്താതിരുന്ന ഡപ്യൂട്ടി സ്പീക്കറുടെ നടപടിയും ചോദ്യംചെയ്തുള്ള ഒരുകൂട്ടം ഹരജികളാണ് സുപ്രിംകോടതിയിലുള്ളത്. സംഭവത്തില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യപ്പെടുകയും പിടിഐയിലെ ചില വിമതര്‍ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നതും ഇമ്രാന്‍ ഖാന് കനത്ത തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ ഇമ്രാന്‍ ഖാന്‍ പുറത്താക്കപ്പെടുമായിരുന്നു. അവസാന ഘട്ടത്തിലാണ് പാര്‍ലമെന്റ് പിരിച്ചുവിടുക എന്ന കടുത്ത തീരുമാനം ഇമ്രാന്‍ ഖാന്‍ എടുത്തത്. തൊട്ടുപിന്നാലെ അദ്ദേഹം മന്ത്രിസഭയും പിരിച്ചുവിട്ടു. ഈ നീക്കങ്ങളെല്ലാം അട്ടിമറിട്ട് കോടതി വിധി വരുമോ എന്നതാണ് ഇനി അറിയേണ്ടത്.












Click it and Unblock the Notifications