പ്രധാനമന്ത്രിയുടെ മകന്‍ മുഖ്യമന്ത്രി; പാകിസ്താനില്‍ പുതിയ വിവാദം, പ്രതിപക്ഷം കോടതിയില്‍
ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രിയുടെ മകന്‍ പ്രവിശ്യാ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിനെ ചൊല്ലി വന്‍ വിവാദം. പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിന്റെ മകന്‍ ഹംസ ഷഹ്ബാസ് ആണ് പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പാകിസ്താന്‍ രാഷ്ട്രീയത്തില്‍ വര്‍ഷങ്ങളായി നിര്‍ണായക സാന്നിധ്യമാണ് വ്യവസായികളായ ഷരീഫ് കുടുംബം. നേരത്തെ നവാസ് ഷരീഫ് പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹത്തെ അഴിമതി കേസില്‍ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നാണ് മറ്റൊരു അവസരം ലഭിച്ചപ്പോള്‍ സഹോദരന്‍ ഷഹ്ബാസിനെ പ്രധാനമന്ത്രിയാക്കിയത്.

പാകിസ്താന്‍ മുസ്ലിം ലീഗ് (നവാസ്) വിഭാഗത്തിന് ശക്തമായ സ്വാധീനമുള്ള പ്രവിശ്യയാണ് പഞ്ചാബ്. 47കാരനായ ഹംസ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ലാഹോറില്‍ മുസ്ലിം ലീഗിന്റെ വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. എന്നാല്‍ പുതിയ നിയമനത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ ആരോപിക്കുന്നു. ഹംസയുടെ നിയമനം ചോദ്യം ചെയ്ത് പ്രതിപക്ഷം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് അറിയിച്ചു. പഞ്ചാബ് ഗവര്‍ണര്‍ ബാലിഗുര്‍ റഹ്മാന്‍ ആണ് മുഖ്യമന്ത്രി ഹംസയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ജൂലൈ 17ന് നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് നിയമസഭയില്‍ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. പാകിസ്താന്‍ മുസ്ലിം ലീഗ്- ക്യു വിഭാഗത്തിന്റെ നേതാവ് ചൗധരി പര്‍വായിസ് ഇലാഹിയാണ് ഹംസക്കെതിരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മല്‍സര രംഗത്തുണ്ടായിരുന്നത്. ഇലാഹിക്ക് ലഭിച്ച 10 വോട്ടുകള്‍ അസാധുവായി ഡെപ്യൂട്ടി സ്പീക്കര്‍ ദോസ്ത് മുഹമ്മദ് മസാരി പ്രഖ്യാപിക്കുകയായിരുന്നു.
ഇതോടെയാണ് ഹംസയ്ക്ക് മുഖ്യമന്ത്രി പദത്തിലേക്ക് വീണ്ടും വഴി തെളിഞ്ഞത്. മൂന്ന് വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് ഹംസ മുഖ്യമന്ത്രിയായിരിക്കുന്നത്. സഭയില്‍ ചില അട്ടിമറികള്‍ നടന്നുവെന്ന് ഇലാഹി ആരോപിക്കുന്നു. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പിടിഐ പാര്‍ട്ടിയുടെ സഖ്യകക്ഷിയാണ് ഇലാഹിയുടെ പിഎംഎല്‍-ക്യു.
പഞ്ചാബ് നിമയസഭയില്‍ 368 അംഗങ്ങളാണുള്ളത്. ഹംസയ്ക്ക് 179 വോട്ടുകള്‍ ലഭിച്ചു. ഇലാഹിക്ക് 176 വോട്ടുകളും. ചൗധരി ഷുജാഅത്ത് ഹുസൈന്‍ ആണ് പിഎംഎല്‍-ക്യു അധ്യക്ഷന്‍. ഇദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച് നിയമസഭയിലെത്തിയ 10 പേര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ ഡെപ്യൂട്ടി സ്പീക്കര്‍ എണ്ണിയില്ല. ഇതോടെയാണ് ഹംസയ്ക്ക് മുഖ്യമന്ത്രി പദത്തിലേക്ക് വഴി തെളിഞ്ഞത്.
ഷുജാഅത്ത് ഹുസൈന്‍ നിര്‍ദേശം നല്‍കിയത് ഹംസയ്ക്ക് വോട്ട് ചെയ്യാനായിരുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറയുന്നു. തന്റെ പാര്‍ട്ടി അംഗങ്ങളുടെ വോട്ടുകള്‍ എണ്ണരുതെന്ന് ഷുജാഅത്ത് ഹുസൈന്‍ ഡെപ്യൂട്ടി സ്പീക്കറോട് കത്ത് മുഖേന നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, സ്പീക്കര്‍ പക്ഷം പിടിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇത് രണ്ടാം തവണയാണ് ഇലാഹിയെ പരാജയപ്പെടുത്തി ഹംസ പഞ്ചാബ് മുഖ്യമന്ത്രിയാകുന്നത്.












Click it and Unblock the Notifications