ആദ്യ പ്രധാനമന്ത്രി വെടിയേറ്റ് മരിച്ചു; അവസാന പ്രധാനമന്ത്രിയെ പുകച്ച് പുറത്താക്കി... കഷ്ടം തന്നെ!!
ഇസ്ലാമാബാദ്: ഒരു പ്രധാനമന്ത്രി പോലും അഞ്ച് വര്‍ഷം തികയ്ക്കാത്ത രാജ്യമാണ് പാകിസ്താന്‍. ആദ്യ പ്രധാനമന്ത്രി വെടിയേറ്റ് കൊല്ലപ്പെട്ടത് മുതല്‍ തുടങ്ങുന്ന ആ രാജ്യത്തിന്റെ കഷ്ടകാലം. അഴിമതി, ഉള്‍പ്പോര്, സൈനിക ഇടപെടല്‍... തുടങ്ങി പല കാരണങ്ങളാലാണ് പ്രധാനമന്ത്രിമാര്‍ പുറത്താക്കപ്പെട്ടത്. സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷത്തിനിടെ പാകിസ്താന് 29 പ്രധാനമന്ത്രിമാരാണുണ്ടായത്. ഇതില്‍ മൂന്ന് തവണ പ്രധാനമന്ത്രി പദത്തിലെത്തിയ നവാസ് ശെരീഫ് മാത്രമാണ് കേമന്‍. കൂടുതല്‍ കാലം പാകിസ്താന്റെ പ്രധാനമന്ത്രിയായതും ഇദ്ദേഹമാണ്. രാഷ്ട്രീയ അസ്ഥിരത പാകിസ്താന് മുന്നേറ്റം നടത്തുന്നതില്‍ വലിയ തടസമായിരുന്നു. അതിന് പുറമെയാണ് സായുധ സംഘങ്ങളുടെയും മറ്റും സാന്നിധ്യവും.

പാകിസ്താന്റെ ആദ്യ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്‍ രാഷ്ട്രീയ റാലിക്കിടെ കൊല്ലപ്പെടുകയായിരുന്നു. രണ്ടാമത്തെ പ്രധാനമന്ത്രി ഖാജ നസീമുദ്ദിനെ ഗവര്‍ണര്‍ ജനറല്‍ പുറത്താക്കി. മൂന്നാമത്തെ പ്രധാനമന്ത്രി മുഹമ്മദ് അലി ബോഗ്ര രണ്ടര വര്‍ഷം തികയും മുമ്പ് രാജിവച്ചു. ഭരണ കക്ഷിയിലെ ആഭ്യന്തര കലഹമാണ് നാലാമത്തെ പ്രധാനമന്ത്രി ചൗധരി മുഹമ്മദ് അലിയെ സ്ഥാനഭ്രഷ്ടനാക്കിയത്. അഞ്ചാമത്തെ പ്രധാനമന്ത്രി ഹുസൈന്‍ ഷഹീദ് സുഹ്‌റവര്‍ദിക്ക് ഒരു വര്‍ഷവും ഒരു മാസവും ഭരിക്കാനേ കഴിഞ്ഞുള്ളൂ. ശേഷം പ്രധാനമന്ത്രിയായ ഇബ്രാഹീം ഇസ്മാഈല്‍ ചുന്ദ്രിഗര്‍ അവിശ്വാസ പ്രമേയം വന്നതിനെ തുടര്‍ന്ന് രാജിവച്ചു. പിന്നീട് പ്രധാനമന്ത്രിയായ മാലിക് ഫിറോസ് ഖാന്‍ നൂന്‍ പട്ടാള നിയമം നടപ്പാക്കിയപ്പോള്‍ പുറത്താക്കപ്പെട്ടു.
ബംഗ്ലാദേശ് രൂപീകരണത്തെ തുടര്‍ന്ന് രണ്ടാഴ്ച മാത്രം പ്രധാനമന്ത്രി കസേരയിലിരുന്ന നൂറുല്‍ അമീര്‍ രാജിവച്ചു. ശേഷം വന്ന പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയാണ് ഏറെ ശ്രദ്ധിക്കപ്പെട്ട പ്രധാനമന്ത്രി. ഇദ്ദേഹത്തെ സൈന്യം പുറത്താക്കുകയും വധശിക്ഷയ്ക്ക് വിധേയമാക്കുകയും ചെയ്തു. സൈനിക മേധാവിയാണ് അടുത്ത പ്രധാനമന്ത്രി മുഹമ്മദ് ഖാന്‍ ജുനിജോയെ പുറത്താക്കിയത്. 1988ലാണ് സുല്‍ഫിക്കറിന്റെ മകള്‍ ബേനസീര്‍ പാകിസ്താന്‍ പ്രധാനമന്ത്രിയയാത്. അഴിമതി ചൂണ്ടിക്കാട്ടി പ്രസിഡന്റ് പുറത്താക്കുമ്പോള്‍ ബേനസീറിന്റെ ഭരണം രണ്ടുവര്‍ഷം തികഞ്ഞിരുന്നില്ല. ശേഷം നവാസ് ശെരീഫും ബേനസീറും മാറി മാറി പ്രധാനന്ത്രിമാരായെങ്കിലും കാലാവധി തികച്ചില്ല.
മിര്‍ സഫറുല്ല ഖാന്‍ ജമാലി സൈന്യവുമായി ഒത്തുപോകാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് രാജിവച്ച പ്രധാനമന്ത്രിയണ്. യൂസഫ് റസാ ഗിലാനിയെ അഴിമതി ആരോപണത്തെ തുടര്‍ന്ന് സുപ്രീംകോടതി അയോഗ്യനാക്കുകയായിരുന്നു. പിന്നീട് നവാസ് ശെരീഫ് വന്നു. ശേഷം ഇമ്രാന്‍ ഖാനും. ഇപ്പോള്‍ ഇമ്രാന്‍ ഖാന് ശേഷം നവാസ് ശെരീഫിന്റെ സഹോദരന്‍ ഷെഹ്ബാസ് ശരീഫ് പ്രധാനമന്ത്രിയായിരിക്കുന്നു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ച നടത്താനുള്ള സന്നദ്ധ അധികാരമേറ്റ ഉടനെ അറിയിച്ചിരിക്കുകയാണ് ഷഹ്ബാസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. വെല്ലുവിളികള്‍ മറികടക്കാന്‍ ഷഹ്ബാസിന് കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്. കലങ്ങി മറിഞ്ഞ രാഷ്ട്രീയത്തിലും സൈനിക ഇടപെടലിലും പതറാതെ പാകിസ്താനിലെ ജുഡീഷ്യറി നിലനില്‍ക്കുന്നു എന്നത് മറ്റൊരു എടുത്തുപറയേണ്ട കാര്യമാണ്.












Click it and Unblock the Notifications