ഇമ്രാന്റെ നീക്കത്തില്‍ പതറാതെ പ്രതിപക്ഷം, സഭയില്‍ തുടരും, അഭിഭാഷകര്‍ സുപ്രീംകോടതിയിലേക്ക്
ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ച ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം. ഡെപ്യൂട്ടി സ്പീക്കറുടെ നടപടി ഭരണഘടന ലംഘനമാണെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നിലവിലെ ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി പറഞ്ഞു. സര്‍ക്കാര്‍ ഭരണഘടന ലംഘിച്ചു. അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് അനുവദിച്ചില്ല. സംയുക്ത പ്രതിപക്ഷം പാര്‍ലമെന്റ് വിടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
ഞങ്ങളുടെ അഭിഭാഷകര്‍ സുപ്രീം കോടതിയിലേക്ക് പോകുകയാണ്. പാകിസ്ഥാന്‍ ഭരണഘടന സംരക്ഷിക്കാനും ഉയര്‍ത്തിപ്പിടിക്കാനും പ്രതിരോധിക്കാനും നടപ്പാക്കാനുമുള്ള എല്ലാ സ്ഥാപനങ്ങളേയും ഞങ്ങള്‍ ബന്ധപ്പെടും. ഞങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കുകയും കേസ് ഇന്ന് കേള്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുമെന്നും ബിലാവല്‍ ഭൂട്ടോ സര്‍ദാരി പറഞ്ഞു.

നാടകീയമായ നീക്കങ്ങളിലൂടെയാണ് അവിശ്വാസ പ്രമേയത്തെ ഡെപ്യൂട്ടി സ്പീക്കര്‍ നിരാകരിച്ചത്. വിദേശ ശക്തികള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും അവിശ്വാസത്തിന് അനുമതി നല്‍കരുതെന്നും മന്ത്രി ഡെപ്യൂട്ടി സ്പീക്കറോട് ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് ഡെപ്യൂട്ടി സ്പീക്കര്‍ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചത്.
ഇതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത ഇമ്രാന്‍ ഖാന്‍ ദേശീയ അസംബ്ലി പിരിച്ചുവിടുകയാണെന്ന് അറിയിക്കുകയായിരുന്നു. തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിദേശ ശക്തികളാണ് ശ്രമിക്കുന്നതെന്നും അതിന് കീഴ്‌പ്പെടില്ലെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു. ജനാധിപത്യത്തില്‍ ജനങ്ങളാണ് വിധി തീരുമാനിക്കേണ്ടതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. സ്പീക്കറുടെ തീരുമാനത്തില്‍ ഞാന്‍ ഓരോ പാക്കിസ്ഥാനിയെയും അഭിനന്ദിക്കുന്നു.
അവിശ്വാസ പ്രമേയം നമുക്കെതിരെയുള്ള വിദേശ ഗൂഢാലോചനയാണ്. ആരു ഭരിക്കണമെന്ന് പാകിസ്ഥാന്‍ തീരുമാനിക്കണം. നിയമസഭകള്‍ പിരിച്ചുവിടാന്‍ താന്‍ രാഷ്ട്രപതിക്ക് കത്തെഴുതിയിട്ടുണ്ടെന്നും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തണം. തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ ഞാന്‍ ജനങ്ങളോട് പാകിസ്ഥാനോട് ആഹ്വാനം ചെയ്യുന്നുവെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
അതേസമയം ഇസ്ലാമാബാദില്‍ ഇന്ന് 144 പ്രഖ്യാപിച്ചിരുന്നു. ഇമ്രാന്‍ ഖാന്‍ ദേശീയ അസംബ്ലിയില്‍ ഇന്ന് എത്തിയിരുന്നില്ല. 10000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇന്ന് പാര്‍ലമെന്റിന് മുന്നില്‍ വിന്യസിച്ചിരിക്കുന്നത്. ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ദേശീയ അസംബ്ലി സ്പീക്കര്‍ അസദ് ഖൈസറിനെ പുറത്താക്കാനുള്ള പ്രമേയം പാക്കിസ്ഥാന്‍ പ്രതിപക്ഷ അംഗം അവതരിപ്പിച്ചിരുന്നു. സ്പീക്കര്‍ക്കെതിരായ പ്രമേയത്തില്‍ പ്രതിപക്ഷത്തെ നൂറിലധികം എം എല്‍ എമാര്‍ ഒപ്പു വെച്ചിരുന്നു.












Click it and Unblock the Notifications