ഇന്ത്യയുമായി അര്‍ഥവത്തായ ചര്‍ച്ചകളും സമാധാന ബന്ധവും ആഗ്രഹിക്കുന്നു: മോദിയോട് ഷെഹ്ബാസ് ഷെരീഫ്
ഇസ്ലാമാബാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യയുമായി സമാധാനപരവും സഹകരണപരവുമായ ബന്ധം ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. അര്‍ഥപൂര്‍ണമായ സംഭാഷണത്തിലൂടെ ഇന്ത്യയുമായി സമാധാനപരവും സഹകരണപരവുമായ ബന്ധം നേടാനാകുമെന്ന് ഷെഹ്ബാസ് ഷെരീഫ് കത്തില്‍ പറയുന്നു. പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും പാകിസ്ഥാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കത്തില്‍ ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
ക്രിയാത്മകമായ ഇടപെടല്‍ ആഗ്രഹിക്കുന്നുവെന്ന് കത്തിന് നരേന്ദ്ര മോദി മറുപടി നല്‍കിയതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ പ്രതികരണം പോസിറ്റാവായി കാണുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞത്. മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഇളയ സഹോദരനാണ് ഷെഹ്ബാസ് ഷെരീഫ്. 2019 ഫെബ്രുവരിയിലെ പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് നടന്ന ബാലാകോട്ട് വ്യോമാക്രമണത്തിനും ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

ഇരു രാജ്യങ്ങളും ഹൈക്കമ്മീഷനുകളുടെ എണ്ണം കുറച്ചു. നിലവില്‍ ഇരു തലസ്ഥാനത്തും മുഴുവന്‍ സമയ ഹൈക്കമ്മീഷണര്‍മാരില്ല. ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കുന്നതില്‍ ഇരു രാജ്യങ്ങള്‍ക്കും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മുന്നോട്ട് വരണമെന്നും ഷെഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നരേന്ദ്ര മോദി ഷെഹ്ബാസ് ഷെരീഫിനെ അഭിനന്ദിക്കുകയും ഇന്ത്യ മേഖലയില്‍ സമാധാനവും സ്ഥിരതയും ആഗ്രഹിക്കുന്നുവെന്നും പറഞ്ഞിരുന്നു.

പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഷെഹ്ബാസ് ഷെരീഫിന് അഭിനന്ദനങ്ങള്‍. ഭീകരതയില്ലാത്ത ഒരു മേഖലയില്‍ ഇന്ത്യ സമാധാനവും സ്ഥിരതയും ആഗ്രഹിക്കുന്നു, അതുവഴി നമ്മുടെ വികസന വെല്ലുവിളികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നമ്മുടെ ജനങ്ങളുടെ ക്ഷേമവും സമൃദ്ധിയും ഉറപ്പാക്കാനും കഴിയും എന്നായിരുന്നു മോദി പറഞ്ഞത്. ഇതിന് മറുപടിയായി പാകിസ്ഥാന്‍ ഇന്ത്യയുമായി സമാധാനപരവും സഹകരണപരവുമായ ബന്ധമാണ് ആഗ്രഹിക്കുന്നത് എന്ന് ഷെഹ്ബാസ് ട്വീറ്റ് ചെയ്തു.

ജമ്മു & കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കേണ്ടത് അനിവാര്യമാണ്. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന്റെ ത്യാഗങ്ങള്‍ പ്രസിദ്ധമാണ്. നമുക്ക് സമാധാനം ഉറപ്പാക്കുകയും നമ്മുടെ ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യാം. ഷെഹ്ബാസ് ഷെരീഫ് ചുമതലയേറ്റതോടെ, ഉഭയകക്ഷി ബന്ധത്തില്‍ ഒരു മുന്നേറ്റത്തിനായി ശുഭാപ്തിവിശ്വാസത്തോടെയാണ് ഇരുരാജ്യങ്ങളും വീക്ഷിക്കുന്നത്.

ഭരണത്തിലെ മാറ്റം ഒരു നയതന്ത്ര തുറക്കല്‍ വാഗ്ദാനം ചെയ്‌തേക്കാം എന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. തന്റെ ജ്യേഷ്ഠന്‍ നവാസ് ഷെരീഫിന്റെ നിഴലില്‍ നിന്ന് ഉയര്‍ന്നുവന്ന, പി എം എല്‍ - എന്‍ പ്രസിഡന്റായ ഷെഹ്ബാസ് ഷെരീഫ് പാകിസ്ഥാന്‍ സൈന്യവുമായി അടുപ്പമുള്ള ആളാണ്. പാകിസ്ഥാന്റെ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായിരുന്നു ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യയുമായുള്ള മികച്ച ബന്ധത്തിന്റെ വക്താക്കളാണ് ഷെരീഫ് കുടുംബം. ഇരു രാജ്യങ്ങളുടെയും പ്രധാന ആശങ്കകള്‍ ഒന്നുതന്നെയാണെന്നും, ഉഭയകക്ഷി സംഭാഷണം പുനരാരംഭിക്കാന്‍ ഷെഹ്ബാസ് ഷെരീഫ് തയ്യാറാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയുമായുള്ള മികച്ച വ്യാപാര ബന്ധം പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ആവശ്യമായ ഉത്തേജനം നല്‍കും. പാകിസ്ഥാന്‍ പഞ്ചാബിലെ റോഡുകള്‍, പാലങ്ങള്‍, ഫ്ളൈ ഓവറുകള്‍, ഗതാഗത പദ്ധതികള്‍ എന്നിവയുടെ നിര്‍മ്മാണം തുടങ്ങിയ നടപടികളിലൂടെ 2023 ലെ അടുത്ത പാകിസ്ഥാന്‍ തെരഞ്ഞെടുപ്പിന് മുമ്പ്, അടിസ്ഥാന സൗകര്യ പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഷെഹ്ബാസ് ആഗ്രഹിക്കുന്നത്. ഇമ്രാന്‍ ഖാന്‍ അവിശ്വാസ വോട്ടെടുപ്പിലൂടെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായതോടെയാണ് ഷെഹ്ബാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്.












Click it and Unblock the Notifications