'ഞാന്‍ മലാല'യ്ക്ക് പാക് സ്‌കൂളുകളില്‍ വിലക്ക്
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ അത്ഭുത ബാലിക മലാല യൂസഫ് സായുടെ പുസ്തകത്തിന് സ്വന്തം നാട്ടിലെ സ്‌കൂളുകളില്‍ വിലക്ക്. കുട്ടികളെ പ്രതികൂലമായി സ്വാധീനിക്കും എന്ന കാരണം പറഞ്ഞാണ് മലാലയുടെ ആത്മകഥ പാകിസ്ഥാനില്‍ നിരോധിച്ചത്. പാകിസ്ഥാനിലെ സ്വകാര്യ സ്‌കൂളുകളുടെ സംഘടനയായ ഓള്‍ പാകിസ്ഥാന്‍ പ്രൈവറ്റ് സ്‌കൂള്‍ ഫെഡറേഷനാണ് വിലക്കേര്‍പ്പെടുത്തിയത്.
സ്‌കൂളുകളില്‍ മാത്രമേ മലാലയുടെ ആത്മകഥയായ ഞാന്‍ മലാല നിരോധിച്ചിട്ടുള്ളൂ. പാകിസ്ഥാന്‍ സര്‍ക്കാര്‍ പസ്തകം വിലക്കിയിട്ടില്ല. പാകിസ്ഥാനെയല്ല മലാല പ്രതിനിധീകരിക്കുന്നത് എന്നാണ് വിലക്ക് ഏര്‍പ്പെടുത്തുന്നവരുടെ ആരോപണം. മലാല പ്രതിനിധീകരിക്കുന്നത് പടിഞ്ഞാറിനെയും പാശ്ചാത്യ രാജ്യങ്ങളെയുമാണ്. പാഠ്യവിഷയമായി മാത്രമല്ല, റഫറന്‍സിന് പോലും പുസ്തകം ഉപയോഗിക്കുന്നതില്‍ വിലക്കുണ്ട്.

തങ്ങളുടെ സ്‌കൂളുകളില്‍ പഠിക്കാനെത്തുന്നതില്‍ അമ്പത് ശതമാനത്തിലധികം പെണ്‍കുട്ടികളാണ്. അധ്യാപകരിലും ഭൂരിഭാഗം സ്ത്രീകളാണ്. അവരെ പുസ്തകം തെറ്റായ രീതിയില്‍ സ്വാധീനിക്കും. അതിനാലാണ് നിരോധനം. ഓള്‍ പാകിസ്ഥാന്‍ പ്രൈവറ്റ് സ്‌കൂള്‍ ഫെഡറേഷന്‍ പ്രസിഡണ്ട് മിര്‍സ ഖലീഫ് അലി പറഞ്ഞു. നാല്‍പതിനായിരത്തോളം സ്‌കൂളുകളിലെ ലൈബ്രറിയില്‍ നിന്നുമാണ് പുസ്തകം ഒഴിവാക്കിയത്.
ബ്ലോഗിലൂടെ താലിബാനെ വിമര്‍ശിച്ചതിനാണ് മലാല യൂസഫ് സായി എന്ന ബാലികയ്ക്ക് ഭീകരവാദികളുടെ ആക്രമണത്തിന് ഇരയാകേണ്ടി വന്നത്. 2012 ഒക്ടോബറിലാണ് മലാല ആക്രമിക്കപ്പെട്ടത്. താലിബാന്റെ കണ്ണിലെ കരടായെങ്കിലും ലോകം മുഴുവന്‍ മലാലയ്‌ക്കൊപ്പം നിന്നു. വിദ്യാഭ്യാസ നിഷേധം അനുഭവിക്കേണ്ടി വരുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് പുസ്തകം എഴുതുന്നത് എന്ന് നേരത്തെ മലാല തന്നെ പറഞ്ഞിരുന്നു.












Click it and Unblock the Notifications