പാകിസ്താന്‍ തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്‍, ഇറാനിലേക്ക് ചരക്കുകള്‍
ഇസ്ലാമാബാദ്: സൗദി അറേബ്യയുമായി പ്രതിരോധ കരാര്‍ ഒപ്പുവച്ച രാജ്യമാണ് പാകിസ്താന്‍. സൗദി അറേബ്യയെ ആരെങ്കിലും ആക്രമിച്ചാല്‍ പാകിസ്താന്‍ ഇടപെടും എന്നതാണ് കരാറിന്റെ കാതല്‍. ഇറാനും ഇസ്രായേലും കൊമ്പുകോര്‍ത്ത കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു കരാര്‍ ഒപ്പിട്ടത്. ഇസ്രായേല്‍ സൈന്യം ഖത്തറില്‍ ആക്രമണം നടത്തിയ തൊട്ടടുത്ത ദിവസം ഒപ്പുവച്ച കരാര്‍ വലിയ ചര്‍ച്ചയായിരുന്നു.
ഇപ്പോള്‍ ഇറാന്‍ സൗദി അറേബ്യയില്‍ പലതവണ ആക്രമണം നടത്തിയിട്ടും പാകിസ്താന്‍ ഇടപെട്ടിട്ടില്ല. പ്രതിരോധ കരാര്‍ പ്രകാരം പാകിസ്താന് ഇടപെടാന്‍ സാധിക്കും. പാകിസ്താന്റെ അയല്‍ രാജ്യമാണ് ഇറാന്‍. ശക്തമായ നടപടി സ്വീകരിച്ചാല്‍ പാകിസ്താന്‍ കുരുക്കിലാകുമെന്ന് ഷഹ്ബാസ് ഷരീഫിന്റെ ഭരണകൂടത്തിന് ആശങ്കയുണ്ട്. ഈ വേളയില്‍ തന്ത്രത്തില്‍ നീങ്ങുകയാണ് പാകിസ്താന്‍.

അഫ്ഗാനിസ്താനുമായി നിലവില്‍ പാകിസ്താന്‍ കൊമ്പുകോര്‍ക്കുന്നുണ്ട്. ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം നടത്തുകയും ചെയ്യുന്നു. ഇതിനിടെ ഇറാനെതിരെ കൂടി സൈനിക നീക്കം നടത്തുന്നത് തിരിച്ചടിക്ക് കാരണമാകുമെന്ന് പാകിസ്താന്‍ ഭയക്കുന്നു. മാത്രമല്ല, ഇസ്രായേലിനും അമേരിക്കക്കും എതിരെ നിലയുറപ്പിച്ചിട്ടുള്ള ഇറാന് പാകിസ്താനിലെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട് എന്നും ഷഹ്ബാസ് മനസിലാക്കുന്നു.
മൂന്ന് രാജ്യങ്ങളിലെ പ്രതിനിധികള്‍ പാകിസ്താനില്‍
ഈ സാഹചര്യത്തില്‍ ചര്‍ച്ചകളിലൂടെ പരിഹാരം കാണണം എന്ന ആവശ്യം മുന്നോട്ട് വച്ചിരിക്കുകയാണ് പാകിസ്താന്‍. സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത് വിദേശകാര്യ മന്ത്രിമാര്‍ പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ എത്തിയിരിക്കുകയാണ്. പാകിസ്താന്‍ വിദേശകാര്യമന്ത്രി ഇസ്ഹാഖ് ദറിന്റെ ക്ഷണപ്രകാരമാണ് മൂന്ന് രാജ്യങ്ങളുടെയും പ്രതിനിധികള്‍ വന്നിരിക്കുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന ചര്‍ച്ചയാണത്രെ ഇസ്ലാമാബാദില്‍ നടക്കുന്നത്. സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആലുസ്സൗദും ചര്‍ച്ചയില്‍ ഭാഗമാകുന്നുണ്ട്. വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചകള്‍ക്ക് ശേഷം പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫുമായും ഇവര്‍ ചര്‍ച്ച നടത്തും. അതിനിടെ ഇസ്ഹാഖ് ദര്‍ ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ച്ചിയുമായി ഫോണില്‍ സംസാരിച്ചു.
വ്യാപാര തന്ത്രം ഇങ്ങനെ
ഇറാനുമായി ചര്‍ച്ച നടത്തി ഹോര്‍മുസ് വഴി കൂടുതല്‍ ചരക്കുകള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് പാകിസ്താന്‍. വിദേശകാര്യ മന്ത്രിമാര്‍ ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയില്‍ പാകിസ്താനിലേക്കുള്ള 20 കപ്പല്‍ ചരക്കുകള്‍ ഹോര്‍മുസ് വഴി കടത്തിവിടാന്‍ ധാരണയായിട്ടുണ്ട്. ഇത് പാകിസ്താന് വലിയ നേട്ടമാണ്. മാത്രമല്ല, റോഡ് മാര്‍ഗം ഇറാനിലേക്ക് ഭക്ഷണവും മരുന്നും പഴങ്ങളുമെല്ലാം അയക്കുന്നതിന് പാകിസ്താന്‍ അനുമതി നല്‍കി.
ഇറാനിലേക്ക് മാത്രമല്ല, പാകിസ്താന്റെ ചരക്കുകള്‍ ഇറാനിലൂടെ അസര്‍ബൈജാനിലേക്കും മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും പോകും. ഒരു ഭാഗത്ത് യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ച, മറുഭാഗത്ത് ചരക്കുകള്‍ എത്തിക്കാനുള്ള ചര്‍ച്ച, കൂടാതെ റോഡ് മാര്‍ഗം ചരക്കുകള്‍ ഇറാനിലേക്ക് എത്തിക്കല്‍ തുടങ്ങി പല നീക്കമാണ് പാകിസ്താന്‍ നടത്തുന്നത്. സൗദിയെ പിണക്കാതെയും ഇറാനെ കൂടെ നിര്‍ത്തിയുമുള്ള തന്ത്രപരമായ നീക്കമാണ് പാകിസ്താന്‍ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications