ഇമ്രാന്‍ ഖാന്‍ കുടുങ്ങുമോ? സഭാ രേഖകള്‍ ഹാജരാക്കാന്‍ പാക് സുപ്രിംകോടതി
ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേല്‍ സഭയില്‍ സ്വീകരിച്ച നടപടികളുടെ രേഖകള്‍ ആവശ്യപ്പെട്ട് പാകിസ്താന്‍ സുപ്രീംകോടതി. ഡെപ്യൂട്ടി സ്പീക്കര്‍ സ്വീകരിച്ച നടപടികള്‍ ഭരണഘടനാ പരമാണോ എന്നാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. വിദേശ ഗൂഢാലോചനയുടെ ഭാഗമാണ് അവിശ്വാസ പ്രമേയം എന്ന് ചൂണ്ടിക്കാട്ടി പാകിസ്താന്‍ ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി പ്രമേയം തള്ളുകയായിരുന്നു. രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട സുപ്രീംകോടതി പ്രതിപക്ഷത്തിന്റെത് ഉള്‍പ്പെടെയുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു.
ഭരണഘടനാപരമായ കോടതിയുടെ ഉത്തരവുകള്‍ പാര്‍ലമെന്റിന്റെ അധികാരത്തിനും മുകളിലാണെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഉമര്‍ അത്ത ബന്ദിയാല്‍ നിരീക്ഷിച്ചു. ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള പ്രധാനമന്ത്രിയുടെ ആവശ്യം പ്രസിഡന്റ് ആരിഫ് അല്‍വി അംഗീകരിക്കുകയും പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതില്‍ ഭരണഘടനാ ലംഘനം നടന്നോ എന്നാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ കോടതി ഇടപെടില്ലെന്ന് സൂചിപ്പിച്ചു. അതേസമയം, ഭരണഘടനാ ലംഘനം നടന്നാല്‍ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി.

രാജ്യത്തിന്റെ വിദേശനയത്തിലോ സര്‍ക്കാരിന്റെ ആഭ്യന്തര, രാഷ്ട്രീയകാര്യങ്ങളിലോ കോടതി ഇടപെടുന്നില്ല. നയപരമായകാര്യങ്ങള്‍ക്ക് പകരം ഭരണഘടനയുടെ വെളിച്ചത്തില്‍ കാര്യങ്ങള്‍ നോക്കുകയാണെങ്കില്‍ കോടതിക്ക് അത് എളുപ്പമാവുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അവിശ്വാസപമേയം പാര്‍ലമെന്റിന്റെ മേശപ്പുറത്തുവയ്ക്കുമ്പോള്‍ സഭയില്‍ ആവശ്യമായ ഭൂരിപക്ഷമുണ്ടായിരുന്നു. പാര്‍ലമെന്റ് ചട്ടങ്ങള്‍ നോക്കി ഭരണഘടനാപരമായ അവകാശങ്ങള്‍ അവഗണിക്കാനാവില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.
പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ദേശീയസഭ പ്രസിഡന്റ് പിരിച്ചുവിട്ടത്. ഈ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികളാണ് കോടതിയിലുള്ളത്. കൂടാതെ വിഷയത്തില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. പ്രസിഡന്റ്, സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരെയെല്ലാം കക്ഷി ചേര്‍ത്തിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗഭരണഘടനാ ബെഞ്ചാണ് കേസ് കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ ഇജാസുല്‍ അഹ്‌സാന്‍, ജസ്റ്റിസ് മസ്ഹര്‍ ആലം ഖാന്‍ മിയാന്‍ഖെല്‍, ജസ്റ്റിസ് മുനീബ് അക്തര്‍, ജസ്റ്റിസ് ജമാല്‍ ഖാന്‍ മണ്ടോഖൈല്‍ എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങള്‍. അവിശ്വാസപ്രമേയ നടപടികളില്‍ ചില ചട്ടലംഘനങ്ങള്‍ നടന്നതായി വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി. വോട്ടെടുപ്പിനു മുമ്പ് ചര്‍ച്ച നടത്തണമെന്ന് നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ടെങ്കിലും അത് നടന്നിട്ടില്ല. റൂളിങ് നല്‍കാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്കുള്ള അധികാരം കോടതി ചോദ്യം ചെയ്യുകയുമുണ്ടായി.
അവിശ്വാസപ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചാല്‍ അത് നിശ്ചിത ദിവസത്തിനുള്ളില്‍ വോട്ടെടുപ്പിന് ഇടണമെന്നാണ് നിയമം. എന്നാല്‍ അതിന് നില്‍ക്കാതെ സഭ പിരിച്ചുവിട്ട നടപടി ഭരണഘടനാവിരുദ്ധമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഈ വാദത്തെ സാധൂകരിക്കുന്ന നിലപാടാണ് കോടതിയും സ്വീകരിച്ചത്. പ്രതിപക്ഷത്തിന് അനുകൂലമായി കോടതി വിധിയുണ്ടായാല്‍ ദേശീയ അസംബ്ലി വീണ്ടും വിളിച്ചുചേര്‍ത്ത് അവിശ്വാസ പ്രമേയം വോട്ടിനിടുന്ന സാഹചര്യമുണ്ടാകും. അല്ലെങ്കില്‍ മൂന്ന് മാസത്തിനകം പൊതുതിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുന്ന സാഹചര്യമല്ല രാജ്യത്തുള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പാകിസ്താനിലെ രാഷ്ട്രീയ അസ്ഥിരിതയില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് റഷ്യ ആരോപിച്ചു. പാകിസ്താനില്‍ അമേരിക്ക നാണംകെട്ട ഇടപെടലാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയ വക്താവ് മരിയ സക്കറോവ പറഞ്ഞു. അമേരിക്കക്ക് വഴങ്ങാത്തതിനാലാണ് ഇമ്രാന്‍ ഖാന്റെ ഭരണത്തില്‍ അവര്‍ ഇടപെടുന്നതും റഷ്യ ആരോപിച്ചു. തനിക്കെതിരായ പ്രതിപക്ഷനീക്കത്തിന് പിന്നില്‍ വിദേശകരങ്ങളാണെന്ന് ഇമ്രാന്‍ഖാന്‍ ആരോപിച്ചതിന് പിന്നാലെയാണം റഷ്യയും രംഗത്തുവന്നത്. അമേരിക്ക, ഇന്ത്യ, ഇസ്രായേല്‍ എന്നീ രാജ്യങ്ങളിലേക്ക് ചൂണ്ടിയാണ് പാകിസ്താന്റെ വിമര്‍ശനം. അതേസമയം, പ്രവര്‍ത്തകരെ ആവേശത്തിലാക്കി ഇന്ന് രാത്രി റാലി പ്രഖ്യാപിച്ചിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍.












Click it and Unblock the Notifications