പാകിസ്താന്‍ കൈവിട്ട നീക്കത്തിന്; 20 വര്‍ഷത്തിനിടെ ആദ്യം, എല്ലാം ആ 700 കോടിക്ക് വേണ്ടി
ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്താന്‍ പണം കണ്ടെത്താന്‍ കൈവിട്ട നീക്കത്തിന്. ദേശീയ വിമാന കമ്പനിയായ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വില്‍ക്കാന്‍ തീരുമാനിച്ചു. പരസ്യമായി ലേലം നടത്താനാണ് നീക്കം. ഡിസംബര്‍ 23ന് ലേലം നടക്കും.
ഓഹരികള്‍ സ്വന്തമാക്കുന്ന കമ്പനികള്‍ക്ക് പിഐഎയുടെ നിയന്ത്രണവും ഏറ്റെടുക്കാം. അന്താരാഷ്ട്ര നാണയ നിധി അനുവദിച്ച ധനസഹായത്തിന്റെ രണ്ടാംഗഡു ഡിസംബര്‍ എട്ടിന് കൈമാറാമെന്ന് അറിയിച്ചിട്ടുണ്ട്. ഐഎംഎഫ് മുന്നോട്ട് വച്ച നിബന്ധനകള്‍ പാലിക്കുന്നതിനാണ് പിഐഎ വില്‍ക്കുന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് 17 വിമാനങ്ങള്‍ പിഐഎ പിന്‍വലിച്ചിട്ടുണ്ട്. ഇനി 16 വിമാനങ്ങള്‍ മാത്രമാണ് കമ്പനിക്കുള്ളത്.

വിവിധ രാജ്യങ്ങളില്‍ നിന്ന് പാകിസ്താന്‍ വായ്പ എടുത്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയവരില്‍ അഞ്ചാം സ്ഥാനത്താണ് ഐഎംഎഫ്. പാകിസ്താന് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ 700 കോടി നല്‍കാമെന്ന് കഴിഞ്ഞ വര്‍ഷമാണ് ഐഎംഎഫ് വാഗ്ദാനം ചെയ്തത്. 100 കോടി നല്‍കുകയും ചെയ്തു. അടുത്ത തിങ്കളാഴ്ച 120 കോടി ഡോളര്‍ കൂടി നല്‍കും.
ബാക്കിയുള്ള പണം നല്‍കണം എങ്കില്‍ ചില നിബന്ധനകള്‍ പാലിക്കണം എന്ന ഉപാധി മുന്നോട്ട് വച്ചു. നഷ്ടത്തിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണം എന്നായിരുന്നു ഉപാധി. സര്‍ക്കാരിന് സാധ്യമായില്ലെങ്കില്‍ യോഗ്യരായ കമ്പനികളെ കണ്ടെത്തി കൈമാറാനും നിര്‍ദേശിച്ചു. ഈ സാഹചര്യത്തിലാണ് ഡിസംബര്‍ 23ന് ലേലം നടത്തി പിഐഎ വില്‍ക്കുന്നത്.
പിടി മുറുക്കാന്‍ സൈന്യം
നാല് കമ്പനികളാണ് ലേലത്തില്‍ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്. ലക്കി സിമന്റ് കര്‍സോര്‍ഷ്യം, ആരിഫ് ഹബീബ് കോര്‍പറേഷന്‍ കണ്‍സോര്‍ഷ്യം, ഫൗജി ഫെര്‍ട്ടിലൈസര്‍ കമ്പനി ലിമിറ്റഡ്, എയര്‍ ബ്ലൂ ലിമിറ്റഡ് എന്നീ കമ്പനികളാണ് മുന്നോട്ട് വന്നിരിക്കുന്നത്. ഇതില്‍ ഫൗജി ഫെര്‍ട്ടിലൈസര്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയാണ്.
ഫൗജി ഫൗണ്ടേഷന്‍ എന്ന കമ്പനിയുടെ ഭാഗമാണ് ഫൗജി ഫെര്‍ട്ടിലൈസര്‍. പാകിസ്താനിലെ പ്രധാന കമ്പനിയായി ഫൗജി ഫൗണ്ടേഷന്‍ മാറിക്കഴിഞ്ഞു. നിരവധി സ്ഥാപനങ്ങള്‍ ഈ കമ്പനിക്ക് കീഴിലുണ്ട്. സൈനിക മേധാവി അസീം മുനീര്‍ പാകിസ്താന്റെ ഭരണം നിയന്ത്രിക്കുന്നു എന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് പിഐഎ ഏറ്റെടുക്കാന്‍ ഫൗജി ഫെര്‍ട്ടിലൈസര്‍ ശ്രമം നടത്തുന്നത്.
അസീം മുനീറിന് നേരിട്ട് ഫൗജി ഫെര്‍ട്ടിലൈസറില്‍ പങ്കില്ല. കമ്പനിയുടെ ഡയക്ടര്‍ ബോര്‍ഡില്‍ ക്വാര്‍ട്ടര്‍മാസ്റ്റര്‍ ജനറലിനെ അസീം മുനീര്‍ നിയമിച്ചിട്ടുണ്ട്. പാകിസ്താനില്‍ രണ്ട് പതിറ്റാണ്ടിനിടെ നടക്കുന്ന ആദ്യ ഏറ്റവും വലിയ സ്വകാര്യവല്‍ക്കരണമണ് ഡിസംബര്‍ 23ന്. സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നതിന് മാത്രമായി ഒരു വകുപ്പ് പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications