കൊതിയോടെ പാകിസ്താന്‍; യുഎഇ കനിയുമെന്ന പ്രതീക്ഷയില്‍ കാകര്‍... കുവൈത്ത് വക 1000 കോടി?
ദുബായ്: പാകിസ്താനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി അന്‍വാറുല്‍ ഹഖ് കാകര്‍. ഒരാഴ്ച നീളുന്ന ഗള്‍ഫ് പര്യടനത്തിലാണ് അദ്ദേഹം. അടുത്ത പൊതു തിരഞ്ഞെടുപ്പ് വരെ താല്‍ക്കാലിക പ്രധാനമന്ത്രിയായി തുടരുന്ന കാകര്‍ പ്രത്യേക ലക്ഷ്യത്തോടെയാണ് യുഎഇയില്‍ എത്തിയിരിക്കുന്നത്.
ഞായറാഴ്ച വൈകീട്ട് യുഎഇയില്‍ എത്തിയ പാകിസ്താന്‍ പ്രധാനമന്ത്രി ഇന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തും. ചൊവ്വാഴ്ചയും യുഎഇയുടെ പ്രധാന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച തീരുമാനിച്ചിട്ടുണ്ട്. പാകിസ്താനെ വില്‍ക്കാനുള്ള ശ്രമമാണ് ഭരണകൂടം നടത്തുന്നതെന്ന വിമര്‍ശത്തിനിടെയാണ് പ്രധാനമന്ത്രിയുടെ ഗള്‍ഫ് പര്യടനം.

കോടികളുടെ കരാര്‍ ലക്ഷ്യമിട്ടാണ് പാകിസ്താന്‍ പ്രധാനമന്ത്രി യുഎഇയിലെത്തിയിരിക്കുന്നത്. ശേഷം അദ്ദേഹം കുവൈത്തിലെത്തി 1000 കോടി ഡോളറിന്റെ നിക്ഷേപ ചര്‍ച്ചകള്‍ നടത്തും. വീണ്ടും യുഎഇയിലേക്ക് തിരിക്കും. ഡിസംബര്‍ രണ്ടിനാണ് യുഎഇയില്‍ നിന്ന് പാകിസ്താനിലേക്ക് മടങ്ങുക. പൊതുതിരഞ്ഞെടുപ്പിന് കളമൊരുക്കാന്‍ ഷഹ്ബാസ് ശരീഫ് സര്‍ക്കാര്‍ അടുത്തിടെ രാജിവച്ചിരുന്നു. തുടര്‍ന്നാണ് കാകറിനെ ഇടക്കാല പ്രധാനമന്ത്രിയാക്കിയത്.
ഇടക്കാല പ്രധാനമന്ത്രിയുടെ പ്രധാന ചുമതല അടുത്ത തിരഞ്ഞെടുപ്പ് വരെ രാജ്യത്ത് സുസ്ഥിരത നിലനിര്‍ത്തുക എന്നതാണ്. ഇത്തരം കാവല്‍ സര്‍ക്കാരുകള്‍ക്ക് വിദേശരാജ്യങ്ങളുമായി ഔദ്യോഗിക കരാറുകളില്‍ ഏര്‍പ്പെടാന്‍ അധികാരമുണ്ടാകാറില്ല. ഈ പ്രതിസന്ധി മറികടക്കാന്‍ മുതിര്‍ന്ന രാഷ്ട്രീയ-സൈനിക നേതാക്കളെ ഉള്‍ക്കൊള്ളിച്ച് പ്രത്യേക ഫോറം രൂപീകരിച്ചിരിക്കുകയാണ് കാകര്‍.
കാര്‍ഷികം, ഖനനം, ഐടി, പ്രതിരോധ രംഗത്തെ നിര്‍മാണം, ഊര്‍ജം എന്നീ മേഖലകളില്‍ നിക്ഷേപം തേടിയാണ് പാകിസ്താന്‍ പ്രധാനമന്ത്രി യുഎഇയും കുവൈത്തും സന്ദര്‍ശിക്കുന്നത്. പാകിസ്താനിലെ ചില തുറമുഖങ്ങളുടെ നടത്തിപ്പ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കൈമാറുമെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. മാത്രമല്ല, ഖനികളുടെ ചുമതലയും കൈമാറിയേക്കുമെന്നായിരുന്നു വാര്‍ത്തകള്‍.
ഏഴ് മേഖലകളിലേക്ക് കുവൈത്തിന്റെ നിക്ഷേപം പാകിസ്താന്‍ പ്രതീക്ഷിക്കുന്നു. 1000 കോടി ഡോളറിന്റെ ധാരണാപത്രമാണ് ഇരുരാജ്യങ്ങളും ഒപ്പ് വയ്ക്കാന്‍ പോകുന്നത്. അടുത്ത ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പാകിസ്താന്‍ പ്രധാനമന്ത്രി കുവൈത്തിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി കരാറുകളില്‍ ഒപ്പുവയ്ക്കും. ശേഷം ദുബായിലേക്ക് തന്നെ മടങ്ങും.
ദുബായില്‍ കാലാവസ്ഥാ ഉച്ചകോടി ബുധനാഴ്ച ആരംഭിക്കുകയാണ്. ഡിസംബര്‍ ഒന്ന്, രണ്ട് ദിവസങ്ങളില്‍ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാകും കാകര്‍ പാകിസ്താനിലേക്ക് തിരിക്കുക. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ദുബായിലെത്തും. യുഎഇ നേതാക്കളുമായി ചര്‍ച്ച നടത്തുന്ന അദ്ദേഹം കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായ പരിപാടിയില്‍ സംബന്ധിച്ച ശേഷം ഡിസംബര്‍ ഒന്നിന് മടങ്ങും.












Click it and Unblock the Notifications