വെടിനിർത്തൽ എന്ന യുഎസ് നിർദേശം ഹമാസ് അംഗീകരിച്ചെന്ന് പലസ്തീൻ; തള്ളി ഇസ്രായേൽ
ഗാസയിൽ വെടിനിർത്തലിന് വേണ്ടിയുള്ള യുഎസിന്റെ നിർദേശം ഹമാസ് അംഗീകരിച്ചതായി പലസ്തീൻ അധികൃതർ. ഖത്തറിൽ വെച്ച് ഹമാസ് അധികൃതരും യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും നടത്തിയ ചർച്ചയിലാണ് ഹമാസ് വെടിനിർത്തലിന് സന്നദ്ധത അറിയിച്ചതെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കരാർ പ്രകാരം ഉടൻ തന്നെ 70 ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ചതായും 10 ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കാൻ തയ്യാറാണെന്ന് അറിയിച്ചതായും അധികൃതർ അറിയിച്ചു.
ഇസ്രായേലിൽ ജയിലിൽ കഴിയുന്ന പലസ്തീൻകാരെ മോചിപ്പിക്കാനും കരാറിൽ നിർദേശമുണ്ട്. ഇസ്രയേലുമായുള്ള യുദ്ധം തുടരുന്നതിനിടെ ഗാസയില്‍ ഹമാസ് സാമ്പത്തികമായും അല്ലാതെയും കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇത്തരം റിപ്പോർട്ടുകൾ പുറത്തുവരുന്നത്.. അതേസമയം വെടിനിർത്തൽ അംഗീകരിച്ചുവെന്ന വാർത്തകൾ തള്ളുകയാണ് ഇസ്രായേൽ. ഒരു ഇസ്രായേൽ ഭരണകുടത്തിനും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണിതെന്ന് ഇസ്രായേൽ നേതാക്കൾ പ്രതികരിച്ചു. ഇന്നോ നാളെയോ ആയി വിഷയത്തിൽ പ്രതികരിക്കാമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ശബ്ദസന്ദേശത്തിൽ പ്രതികരിച്ചത്. അതേസമയം വിറ്റ്കോഫും ഇക്കാര്യം നിഷേധിച്ചു. താൻ നിർദേശിച്ച കാര്യങ്ങളല്ല ചർച്ചയായതെന്ന് അദ്ദേഹം പറഞ്ഞു.

ഈ വർഷം ആദ്യം ഇസ്രായേലും പലസ്തീനും വെടിനിർത്തൽ കരാറിലെത്തിയിരുന്നു. ഇരുവിഭാഗങ്ങളും ദിവസങ്ങളോളം വെടിനിർത്തൽ നടപ്പാക്കുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ മാർച്ച് 18 ന് ഇസ്രായേൽ ഈ കരാർ ലംഘിച്ച് ഗാസയ്ക്ക് മേൽ വീണ്ടും ആക്രമണം നടത്തുകയായിരുന്നു. കണ്ട് ദിവസങ്ങൾക്ക് ശേഷം ഹമാസും തിരിച്ചടിച്ചു.
2023 ഒക്ടോബർ 7 ഇസ്രായേൽ ആക്രമണ സമയത്ത് പിടികൂടിയ ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ തയ്യാറണെന്നും പകരം എന്നന്നേക്കുമായി ഇസ്രായേൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നുമാണ് ഹമാസിന്റെ ആവശ്യം. എന്നാൽ ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി താൽക്കാലിക വെടിനിർത്തലിന് മാത്രമേ തയ്യാറാകൂവെന്നാണ് നെതന്യാഹു പ്രതികരിച്ചത്. ഹമാസിനെ ഇല്ലാതാക്കിയാൽ മാത്രമേ യുദ്ധം അവസാനിക്കൂ എന്നും നെതന്യാഹു പറഞ്ഞു.
ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രായേൽ ഗസയ്ക്ക് നേരെ ആക്രമണം കടുപ്പിച്ചത്. അന്ന് ഹമാസ് ആക്രമണത്തിൽ 1200 ഓളം പേരാണ് കൊല്ലപ്പെട്ടത്. അതേസമയം ഗസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ സ്ത്രീകളും കുട്ടികളുമടക്കം 54,000 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.












Click it and Unblock the Notifications