പലസ്തീന്‍ അതോറിറ്റി പ്രസിഡന്റിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യാവകാശ പ്രവർത്തകൻ അറസ്റ്റിൽ
റാമല്ല: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പലസ്തീന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. യൂത്ത് എഗെയ്ന്‍സ്റ്റ് സെറ്റ്ല്‍മെന്റ്‌സ് എന്ന സര്‍ക്കാരിതര സംഘടനയുടെ കോഡിനേറ്റര്‍ ഇസ്സ അംറോയെയാണ് ഫലസ്തീന്‍ അതോറിറ്റി പോലിസ് അറസ്റ്റ് ചെയ്തത്. പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകന്‍ അയ്മന്‍ ഖാവസ്മിയെ തടവിലാക്കിയതിനെ വിമര്‍ശിച്ച് പോസ്റ്റിട്ടതിനായിരുന്നു അറസ്റ്റ്.
പലസ്തീനികളുടെ സുരക്ഷ ഉറപ്പുവരുത്താനാവാത്ത മഹ്മൂദ് അബ്ബാസ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട റേഡിയോ മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റ്, അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചതാണ് അധികൃതരെ ചൊടിപ്പിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ പീഡനങ്ങള്‍ക്കിരയാവുന്ന മാധ്യമപ്രവര്‍ത്തകര്‍ സധൈര്യം മുന്നോട്ടുവരണമെന്നും പ്രശ്‌നം അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇസ്സയുടെ അറസ്റ്റ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരായ നാണം കെട്ട ആക്രമണമാണെന്ന് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മഗ്ദലെന മുഗ്‌റാബി കുറ്റപ്പെടുത്തി. അധികൃതരെ വിമര്‍ശിക്കുകയെന്നത് ഒരു കുറ്റകൃത്യമല്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ അടിച്ചമര്‍ത്തല്‍ നടപടികളുമായി പലസ്തീന്‍ അതോറിറ്റി മുന്നോട്ടുപോവുകയാണെന്നുള്ളതിന്റെ തെളിവാണ് മാധ്യമപ്രവര്‍ത്തകന്റെയും മനുഷ്യാവകാശ പ്രവര്‍ത്തകന്റെയും അറസ്റ്റെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഹെബ്രോണിലെ വീട്ടിലെത്തിയ പോലീസ് സംഘം ഇസ്സയെ സംസാരിക്കാനെന്നു പറഞ്ഞ് വിളിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് സഹോദരന്‍ അഹ്മദ് അംറോ പറഞ്ഞു. പിന്നീട് സഹോദരനെക്കുറിച്ച് ഒരു വിവരവുമില്ല. തന്റെ സഹോദരന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും എന്തിനാണ് അറസ്‌റ്റെന്ന് മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications