ഹണിമൂണിന് പിന്നാലെ യുഎസ് തടങ്കലില്‍; ഭക്ഷണവും വെള്ളവും പോലും ലഭിക്കാതെ പാലസ്തീന്‍ നവവധു
വാഷിങ്ടണ്‍: ഹണിമൂണ്‍ യാത്രയ്ക്കിടെ നാലു മാസത്തോളം അമേരിക്കയുടെ തടങ്കലില്‍ കഴിഞ്ഞ പാലസ്തീന്‍ നവവധുവിന്റെ ഞെട്ടിക്കുന്ന അനുഭവങ്ങളാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. അമേരിക്കയില്‍ ഹണിമൂണ്‍ ആഘോഷിച്ച ശേഷം മയാമി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ വാര്‍ദ് സാക്കീഖ് എന്ന യുവതിയെയാണ് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തത്.
22 വയസുള്ള പാലസ്തീന്‍ വധുവിന്റെ ജീവിതം ഒരു ദിവസം കൊണ്ടാണ് മാറിമറിഞ്ഞത്. സൗദി അറേബ്യയിലാണ് ജനിച്ചതെങ്കിലും ഒരു രാജ്യത്തും വാര്‍ദ് സാക്കീഖിന് പൗരത്വം ഇല്ല. എട്ടു വയസു മുതല്‍ അമേരിക്കയിലാണ് താമസിക്കുന്നത്.

ഭര്‍ത്താവിനൊപ്പം മയാമി വിമാനത്താവളത്തിലെത്തിയ തന്നെ കൈവിലങ്ങുകളും ചങ്ങലകളും അണിയിച്ച് കൊണ്ടുപോവുകയായിരുന്നു എന്ന് വാര്‍ദ് പറഞ്ഞു. ഭക്ഷണവും വെള്ളവുമില്ലാതെ 16 മണിക്കൂറോളം താന്‍ ഇതേ അവസ്ഥയില്‍ കഴിഞ്ഞതായും അവര്‍ മോചനത്തിന് ശേഷം ഡാളസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഓര്‍ത്തെടുക്കുന്നു. എനിക്ക് അഭിഭാഷകനെയോ ഭര്‍ത്താവിനെയോ രണ്ടു ദിവസത്തിലേറെ ഫോണില്‍ പോലും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല.
എട്ടു വയസു മുതല്‍ യുവതി ടെക്‌സാസിലാണ് താമസിക്കുന്നത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം വിവാഹ ഫോട്ടോഗ്രാഫി ബിസിനസ് ആരംഭിച്ചു. ഈ വര്‍ഷം ജനുവരിയില്‍ ആയിരുന്നു വിവാഹം. യുഎസ് പൗരനായ താഹിര്‍ ഷെയ്ക്കിനെയാണ് വിവാഹം കഴിച്ചത്. യുഎസില്‍ ഗ്രീന്‍ കാര്‍ഡ് ആയിരുന്നു ഇരുവരുടെയും ലക്ഷ്യം.
എന്നാല്‍ മയാമി വിമാനത്താവളത്തില്‍ വച്ച് യുഎസ് അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തതോടെ വിവാഹ മോതിരവും ഇമിഗ്രേഷന്‍ രേഖകളും അവര്‍ ബലമായി കൈവശം വെച്ചു. 50 മണിക്കൂറോളം ഫോണ്‍ വിളിക്കാനുള്ള അനുവാദം പോലും തന്നില്ലെന്ന് യുവതി പരാതിപ്പെടുന്നു. ഫെഡറല്‍ കോടതി ഉത്തരവ് ലംഘിച്ച് യുഎസ് അധികൃതര്‍ രണ്ടു തവണയോളം നാടുകടത്താന്‍ ശ്രമിച്ചു. തങ്ങളുടെ സ്വപ്നങ്ങള്‍ എല്ലാം 140 ദിവസത്തെ തടങ്കല്‍ ജീവിതം തകര്‍ത്തുകളഞ്ഞതായും ജീവിതത്തിലെ അഞ്ച് മാസം എനിക്ക് നഷ്ടപ്പെട്ടതായും വാര്‍ദ് പറഞ്ഞു.
അതേസമയം, തടങ്കല്‍ കേന്ദ്രങ്ങളിലെ തടവുകാര്‍ക്ക് ഭക്ഷണവും വൈദ്യസഹായവും ആശയവിനിമയ സൗകര്യങ്ങളും നല്‍കുന്നുണ്ടെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്ലോഫ്‌ലിന്‍ അവകാശപ്പെട്ടു. 'വാര്‍ദിന്റെ കേസ് ട്രംപ് ഭരണകൂടത്തിന്റെ ക്രൂരമായ കുടിയേറ്റ നയങ്ങളുടെ ജീവിക്കുന്ന തെളിവാണെന്ന് യുവതിയുടെ അഭിഭാഷക മരിയ കാരി പറഞ്ഞു. പാലസ്തീന്‍ ആയതു കൊണ്ടാണ് വാര്‍ദ് സാക്കീഖിനെ ലക്ഷ്യം വയ്ക്കുന്നതെന്നും മരിയ കാരി ആരോപിച്ചു.
ട്രംപ് ഭരണകൂടത്തിന്റെ കര്‍ശനമായ ഇമിഗ്രേഷന്‍ നിയമങ്ങളിലെ പിഴവുകളാണ് യുവതിയുടെ അനുഭവം ചൂണ്ടിക്കാണിക്കുന്നതെന്ന് അഭിഭാഷകര്‍ പറയുന്നു. 2024 ല്‍ ഇതുവരെ 100,000-ത്തിലധികം ആളുകളെ നാടുകടത്തി. ഇതുകൂടാതെ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെ മരണനിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications