കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലസ്തീന്‍ ഐക്യ സര്‍ക്കാറിന് വഴിയൊരുങ്ങുന്നു; ഗാസയില്‍ ഐക്യ മന്ത്രിസഭായോഗം ചേര്‍ന്നു

  • By Desk
Google Oneindia Malayalam News

ഗാസ സിറ്റി: രണ്ടു വര്‍ഷത്തിനു ശേഷം ആദ്യമായി ഗസയില്‍ വച്ച് ഫലസ്തീന്‍ മന്ത്രിസഭാ യോഗം ചേര്‍ന്നു. ഫത്ഹ്-ഹമാസ് വിഭാഗങ്ങള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് ഐക്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ഗസയിലെത്തിയ പ്രധാനമന്ത്രി റാമി ഹംദല്ലയുടെ നേതൃത്വത്തിലായിരുന്നു ഐക്യ കാബിനറ്റ് യോഗം.

ഫലസ്തീന്‍ രാഷ്ട്ര നിര്‍മാണത്തിന്റെ മുന്നോടിയായുള്ള ഐക്യ സര്‍ക്കാര്‍ രൂപീകരണത്തിന്റെ സുപ്രധാനമായ ആദ്യ ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. ഐക്യത്തിലൂടെ മാത്രമേ ലക്ഷ്യം നേടാനാവൂ എന്ന കാര്യം എല്ലാവരും തിരിച്ചറിഞ്ഞതായും അതിന്റെ അടിസ്ഥാനത്തില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍ നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ഗസയിലെത്തിയ ഉടനെ അതിര്‍ത്തിയിലെ യാത്രാ പ്രശ്‌നങ്ങള്‍, ഫലസ്തീന്‍ അതോറിറ്റി ജീവനക്കാരുടെ ശമ്പളം തുടങ്ങിയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വിവിധ കമ്മിറ്റികള്‍ക്ക് അദ്ദേഹം രൂപം നല്‍കിയിരുന്നു.

ramihamdallah2

ഐക്യ സര്‍ക്കാര്‍ നിലവില്‍ വരുന്നതോടെ പതിറ്റാണ്ടിലേറെയായി തുടരുന്ന ഫത്ഹ്-ഹമാസ് ഭിന്നതയ്ക്കാണ് അറുതിയാവുകയെന്ന് നിരീക്ഷകര്‍ വിലയിരുത്തി. ഗസയിലെ ജനങ്ങളുടെ അഭിലാഷങ്ങളാണ് പുതിയ ഐക്യസര്‍ക്കാരിലൂടെ പൂവണിയുന്നതെന്ന് ഹമാസ് വക്താവ് ആസിം ഖാസിം പറഞ്ഞു. ഗസയിലെ ജനങ്ങളുടെ ദുരിതപൂര്‍ണമായ അവസ്ഥയ്ക്ക് എത്രയും പെട്ടെന്ന് അറുതിയാവണമെന്ന് ഹമാസ് നേതാക്കള്‍ കാബിനറ്റ് യോഗത്തെ അറിയിച്ചു. ഇത്തവണ ഇരു കക്ഷികളും ഐക്യത്തിന്റെ കാര്യത്തില്‍ ഗൗരവതരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും വക്താവ് പറഞ്ഞു. ഇത്തവണ ഐക്യ ശ്രമങ്ങള്‍ വിജയിക്കുമെന്ന് ഫത്ഹ് വക്താവ് ഉസാമ ഖവാസ്മിയും അഭിപ്രായപ്പെട്ടു. ഐക്യ സര്‍ക്കാര്‍ പദ്ധതി വിജയമാവണമെങ്കില്‍ നല്ല ക്ഷമയും ശ്രമവും വേണം. പ്രതീക്ഷാനിര്‍ഭരമായ സാഹചര്യമാണ് നമുക്ക് ചുറ്റുമുള്ളത്. ഇത്തവണ ഈ ശ്രമത്തില്‍ നിന്ന് ഞങ്ങള്‍ പിറകോട്ടില്ല- അദ്ദേഹം വ്യക്തമാക്കി.

ഇസ്രായേലിലെ ഈജിപ്ത് അംബാസഡര്‍ ഹാസിം ഖൈറാത്തിന്റെ നേതൃത്വത്തിലുള്ള ഈജിപ്ത്യന്‍ സുരക്ഷാ സംഘമാണ് അനുരഞ്ജന ശ്രമങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്. ഈജിപ്ത് അധികൃതരുമായി കഴിഞ്ഞ മാസം ഹമാസ്-ഫത്ഹ് വിഭാഗങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ മുന്നോടിയായി ഗസ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഹമാസ് പിരിച്ചുവിട്ടിരുന്നു.

mahmoud

2007 മുതല്‍ ഗസയുടെ നിയന്ത്രണം ഹമാസിനാണ്. ഫലസ്തീനില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫത്ഹ് വിഭാഗത്തെ പരാജയപ്പെടുത്തി ഹമാസ് വിജയിച്ചിരുന്നുവെങ്കിലും അത് അംഗീകരിക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഫത്ഹ് സുരക്ഷാ ഉദ്യോഗസ്ഥരെ പുറത്താക്കിയ ഹമാസ് ഗസയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അതിന് ശേഷം 2014ല്‍ ഐക്യ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും ഇസ്രായേല്‍ ഗസയ്‌ക്കെതിരേ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ആ ശ്രമങ്ങള്‍ വിഫലമാവുകയായിരുന്നു.
English summary
ഫലസ്തീന്‍ Palestinian Prime Minister Rami Hamdallah has chaired a unity cabinet meeting in Gaza as part of national reconciliation efforts between his Fatah party and Hamas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X