പലസ്തീന്‍ പണ്ഡിതന്‍ മലേഷ്യയില്‍ വെടിയേറ്റുമരിച്ചു; പിന്നില്‍ മൊസാദെന്ന് ബന്ധുക്കള്‍
ക്വലാലംപൂര്‍: പലസ്തീനിയന്‍ യുവ പണ്ഡിതനും ശാസ്ത്രജ്ഞനുമായ ഫാദി അല്‍ ബത്ശ് മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംുപൂരില്‍ വെടിയേറ്റുമരിച്ചു. പ്രഭാത പ്രാര്‍ഥനയ്ക്കായി പള്ളിയിലേക്ക് പോവുകയായിരുന്ന അദ്ദേഹത്തിനു നേരെ താമസസ്ഥലത്തിന് പുറത്ത് കാത്തുനില്‍ക്കുകയായിരുന്ന രണ്ടു അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്കും ശരീരത്തിലും വെടിയേറ്റ അദ്ദേഹം സംഭവ സ്ഥലത്തുതന്നെ മരിച്ചു.
കൊലപാതകത്തിന് പിന്നില്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദ് ആണെന്ന് ഫാദിയുടെ ബന്ധുക്കള്‍ ആരോപിച്ചു. കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഗസ സ്വദേശിയായ പിതാവ് മലേഷ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

യൂറോപ്യന്‍ ബന്ധമുള്ള രണ്ടുപേരാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ഇവര്‍ക്ക് വിദേശചാരസംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും മലേഷ്യന്‍ ഉപപ്രധാനമന്ത്രി അഹ്മദ് സാഹിദ് ഹാമിദി പറഞ്ഞു. രണ്ട് അക്രമികള്‍ സെതപാക് ജില്ലയിലെ ഫാദിയുടെ താമസ സ്ഥലത്തിന് പുറത്ത് 20 മിനുട്ടോളം കാത്തുനിന്നിരുന്നതായും ഇദ്ദേഹത്തിന്റെ 10 തവണ വെടിവച്ചതായും മലേഷ്യന്‍ പോലിസ് മേധാവി ദതുക് സെറി മന്‍സൂര്‍ ലാസിം അറിയിച്ചു. കൊലപാതകത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
35കാരനായ ഫാദി ഗസയിലെ സായുധസംഘടനയായ ഹമാസിന്റെ പ്രവര്‍ത്തകനായിരുന്നുവെന്ന് സംഘടനയുടെ വക്താവ് ഹാസിം ഖാസിം അറിയിച്ചു. മതപണ്ഡിതനും താമസസ്ഥലത്തെ പള്ളിയിലെ ഇമാമുമാണ്. ഗസയിലെ ജബലിയ്യ പ്രദേശത്തുകാരനായ ഫാദി കഴിഞ്ഞ 10 വര്‍ഷമായി മലേഷ്യയിലാണ് താമസം. ഊര്‍ജമേഖലയില്‍ വലിയ സംഭാവനകള്‍ നല്‍കിയ യുവശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹമെന്നും ഹമാസ് വക്താവ് പറഞ്ഞു. തുര്‍ക്കിയില്‍ നടക്കുന്ന ഒരു സമ്മേളനത്തിന് പുറപ്പെടാനിരിക്കെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications