വത്തിക്കാനില്‍ മാര്‍പാപ്പയെ കണ്ടെത്താനുള്ള ആകാംക്ഷ നീളും; ഉയര്‍ന്നത് ഈ പുക
വത്തിക്കാന്‍ സിറ്റി: പേപ്പല്‍ കോണ്‍ക്ലേവിന്റെ ആദ്യ ദിനത്തില്‍ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനായില്ല. സിസ്‌റ്റൈന്‍ ചാപ്പലിനുള്ളില്‍ നിന്ന് കറുത്ത പുകയാണ് ഉയര്‍ന്നത്. നൂറ് കോടിയിലേറെ കത്തോലിക്ക വിശ്വാസികളാണ് തങ്ങളുടെ പുതിയ തലവനെ തിരഞ്ഞെടുക്കുന്നത് കാത്ത് വത്തിക്കാനിലേക്ക് ഉറ്റുനോക്കുന്നത്. അതീവ രഹസ്യ സ്വഭാവത്തിലാണ് കോണ്‍ക്ലേവിന്റെ നടപടിക്രമങ്ങള്‍ മുന്നോട്ടുപോകുന്നത്. ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനാവാതെ വന്നതോടെ ഇന്നും വോട്ടെടുപ്പ് തുടരും. പാപ്പയെ തിരഞ്ഞെടുത്താല്‍ ചിമ്മിനിയില്‍നിന്ന് വെളുത്ത പുക ഉയരും.
ആഗോള കത്തോലിക്ക സഭയുടെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ 133 കര്‍ദിനാള്‍മാരാണ് വോട്ടവകാശമുള്ളത്. ഇവരെല്ലാം 80 വയസില്‍ത്താഴെ പ്രായമുള്ളവരാണ്. കോണ്‍ക്ലേവിലെ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പുറത്തു പറയില്ലെന്ന് ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്തശേഷമാണ് വോട്ട് രേഖപ്പെടുത്തുന്നത്. ബുധനാഴ്ച ഒരു തവണയാണ് വോട്ട് രേഖപ്പെടുത്തിയത്.

ബാലറ്റ് പേപ്പറുകളില്‍ മാര്‍പാപ്പയാവാന്‍ തങ്ങള്‍ ആഗ്രഹിക്കുന്ന കര്‍ദിനാളിന്റെ പേര് ഓരോരുത്തരും എഴുതും. വ്യാഴാഴ്ച മുതല്‍ ദിവസേന നാല് തവണ വോട്ടെടുപ്പ് നടക്കും. കഴിഞ്ഞ മാസം അന്തരിച്ച ഫ്രാന്‍സിസ് പാപ്പയെ രണ്ടാം ദിവസം അവസാനവട്ട വോട്ടെടുപ്പിലാണ് തിരഞ്ഞെടുത്തത്.
പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന് തുടക്കംകുറിക്കുന്ന നടപടി ക്രമങ്ങളില്‍ മലയാളിയായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിനാണ് പ്രധാന ചുമതല. കോണ്‍ക്ലേവിലെ വിവരങ്ങള്‍ ചോരാതിരിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സിസ്‌റ്റൈന്‍ ചാപ്പലിനു ചുറ്റും ജാമറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ആശയവിനിമയത്തിനും കര്‍ദിനാള്‍മാര്‍ക്ക് വിലക്കുണ്ട്.
വോട്ടുകള്‍ എണ്ണുന്ന മൂന്ന് കര്‍ദിനാള്‍മാര്‍, അനാരോഗ്യം കാരണം സന്നിഹിതരാകാന്‍ കഴിയാത്തവരില്‍ നിന്ന് ബാലറ്റ് ശേഖരിക്കുന്ന മൂന്ന് കര്‍ദിനാള്‍മാര്‍, വോട്ടെണ്ണലിന്റെ കൃത്യത പരിശോധിക്കുന്ന മൂന്ന് കര്‍ദിനാള്‍മാര്‍ എന്നിവരെയാണ് മാര്‍ ജോര്‍ജ് കൂവക്കാട് തിരഞ്ഞെടുത്തത്. കോണ്‍ക്ലേവ് നടക്കുന്ന വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലിന്റെ വാതിലുകള്‍ തുറക്കുന്നതും അടയ്ക്കുന്നതും മാര്‍ കൂവക്കാടിന്റെ മേല്‍നോട്ടത്തിലാകും.
സിസ്‌റ്റൈന്‍ ചാപ്പലില്‍ സ്ഥാപിച്ച സ്ഥാപിച്ച ചിമ്മിനിയിലൂടെ വെളുത്ത പുക ഉയരുന്നത് കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികള്‍. ഇതിനായി പ്രത്യേക പ്രാര്‍ത്ഥനകളും വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടത്തുന്നുണ്ട്.
വിനോദ സഞ്ചാര കേന്ദ്രമായ സിസ്‌റ്റൈന്‍ ചാപ്പലില്‍ ഇപ്പോള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാര്‍ ഒഴികെ ആര്‍ക്കും പ്രവേശനമില്ല. സിസ്‌റ്റൈന്‍ ചാപ്പലിനു സമീപമുള്ള സാന്താ മാര്‍ത്തയിലാണ് കര്‍ദിനാള്‍മാര്‍ താമസിക്കുന്നത്.












Click it and Unblock the Notifications