ഗാസയിലെ സമാധാനം: ലോകം ആദ്യം അറിഞ്ഞത് ട്രംപ് പറഞ്ഞല്ല,വുച്ചിയുടെ ക്യാമറയിലൂടെ
വാഷിങ്ടണ്‍: ഗാസയെ സമാധാന പാതയിലേക്ക് നയിക്കുന്ന ഇസ്രായേല്‍-ഹമാസ് വെടിനിർത്തല്‍ ചർച്ചകള്‍ കഴിഞ്ഞ രണ്ട് ദിവസമായി തുർക്കിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇരുപക്ഷവും ആദ്യഘട്ട വെടിനിർത്തല്‍ ധാരണയില്‍ എത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിക്കുകയും ചെയ്തു. എന്നാല്‍ യഥാർത്ഥത്തില്‍ അതിനും മുമ്പ് അസോസിയേറ്റഡ് പ്രസിന്റെ ഫോട്ടോഗ്രാഫർ ഇവാൻ വുച്ചിയുടെ ക്യാമറയിലൂടെ ഈ വിവരം പുറത്തായിരുന്നു.
വൈറ്റ് ഹൗസിൽ ആൻറിഫയുമായി ബന്ധപെട്ട മീറ്റിങ് നടക്കുന്നതിനിടെ അവിടെക്ക് കടന്നുവന്ന സ്റ്റേറ്റ് സെക്രടറി മാർക്കോ റൂബിയോ ഒരു കഷണം കടലാസ് ട്രംപിന് കൈമാറി. പിന്നാലെ അദ്ദേഹത്തിന്റെ ചെവിയിലായി റൂബിയോ എന്തോ പറഞ്ഞ് മടങ്ങുകയും ചെയ്തു. ഈ രംഗങ്ങള്‍ ഹാളിലുണ്ടായിരുന്ന ഇവാൻ വുച്ചി തന്റെ ക്യാമറയില്‍ പകർത്തി. ഏതൊരു ഫോട്ടോഗ്രാഫറേയും പോലെ എടുത്ത ഫോട്ടോകള്‍ വുച്ചി ഡിസ്പ്ലേയില്‍ പരിശോധിക്കുമ്പോഴാണ് ലോകം കാത്തിരിക്കുന്ന വാർത്ത തന്റെ കണ്‍മുന്നില്‍ കണ്ടത്.

"Very close. We need you to approve a Truth Social post soon so you can announce deal first" ഇതായിരുന്നു മാർക്ക് റൂബിയോ ട്രംപിന് കൊടുത്ത കടലാസില്‍ ഉണ്ടായിരുന്നത്. യുദ്ധവിരാമത്തിന് അംഗീകാരമായെന്നും ഇത് ട്രംപ് ആദ്യം ലോകത്തെ അറിയിക്കണമെന്നും അതിന് വേണ്ടി ട്രൂത്ത് സോഷ്യൽ പോസ്റ്റിന് അംഗീകാരം നൽകണമെന്നുമായിരുന്നു റുബിയോ ട്രംപിന്റെ ചെവിയില്‍ പറഞ്ഞ രഹസ്യം.
അതേസമയം, ബുധനാഴ്ച, ഇസ്രായേലും ഹമാസും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ മൂന്നാം ഈജിപ്തിലെ ഒരു റിസോർട്ടില്‍ തുടരുകയാണ്. ട്രംപിന്റെ മിഡില്‍ ഈസ്റ്റ് ഉപദേശകനായ സ്റ്റീവ് വിറ്റ്കോഫ്, ഖത്തറിന്റെ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ആല്‍ താനി, മറ്റു മുതിര്ന്ന ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ പങ്കെടുത്തു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ പദ്ധതിയുടെ ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയങ്ങളിലേക്ക് ചര്‍ച്ചകള്‍ കടന്നുവെന്നതിന്റെ സൂചനയായിട്ട് ഇത് വിലയിരുത്തപ്പെടുന്നു.
2023 ഒക്ടോബര്‍ 7-നുണ്ടായ ഹമാസ് ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തിന് പിന്നാലെയായിരുന്നു ചർച്ചകള്‍ ആരംഭിച്ചത്. ആക്രമണത്തില്‍ 1,200-ലധികം ഇസ്രായേലികള്‍ കൊല്ലപ്പെടുകയും, 250-ത്തിലധികം പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്ത്. പിന്നാലെ ഇസ്രായേല്‍ ആരംഭിച്ച വംശഹത്യയില്‍ ഗാസയില്‍ 60000 ത്തിലധികം പാലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതില്‍ ആയിരക്കണക്കിന് കുട്ടികളും ഉള്‍പ്പെടുന്നു.
നേരത്തെ ബൈഡന്‍ ഭരണകൂടം നടത്തിയ വെടിനിർത്തല്‍ കരാർ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ട്രംപിന്റെ പദ്ധതി അറബ് രാജ്യങ്ങളുടെ പിന്തുണയോടെയാണ് നടക്കുന്നത്. ഹമാസിന്റെ ആയുധ കൈമാറ്റം, യുദ്ധത്തിന് ശേഷമുള്ള ഗാസയുടെ ഭരണം, പുനര്‍നിര്‍മാണം എന്നിവ സംബന്ധിച്ച് എന്ത് തീരുമാനം ഉണ്ടാകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications