ഗാസയെ ഹമാസ് മുക്തമാക്കണം; ഭരിക്കേണ്ടത് ഇവർ: എന്താണ് യുഎസ് മുന്നോട്ട് വെച്ച 21 ഇന നിർദേശങ്ങള്‍
ന്യൂയോർക്ക്: ഗാസയില്‍ സംഘർഷം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 21 ഇന നിർദേശങ്ങള്‍ പുറപ്പെടുവിച്ചതിന് പിന്നാലെ ഗാസയിൽ സമാധാനം പുലരാകാൻ പോകുന്നതായി പ്രഖ്യാപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തലിനായി അമേരിക്ക മുന്നോട്ട് വെച്ച കരാർ അംഗീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഹമാസ് വെടിനിർത്തൽ അംഗീകരിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും വൈറ്റ്‌ഹൗസിൽ വച്ച് നടന്ന വാർത്ത സമ്മേളനത്തി നെതന്യാഹു വ്യക്തമാക്കി.
ഗാസയുടെ പുനർനിർമാണത്തിന് ട്രംപിൻ്റെ അധ്യക്ഷതയിൽ ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കും എന്നത് അടക്കമുള്ള തീരുമാനങ്ങളും ഇസ്രായേല്‍ സ്വീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഗാസ ഭരിക്കുന്നതില്‍ ഹമാസിന് ഒരു പങ്കും ഉണ്ടാകരുതെന്ന നിർദേശവും ഇസ്രായേലിന്റെ ഭാഗത്ത് നിന്നും ഉണ്ട്. അതേസമയം ട്രംപ് മുന്നോട്ട് വെച്ച നിർദേശങ്ങളോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വെടിനിർത്തലിനും പുനർനിർമ്മാണത്തിനും പകരമായി ഹമാസ് നിരായുധരാവുകയും, ഭരണത്തിൽ നിന്ന് ഒഴിയുകയും, യുദ്ധ സം വിധാനങ്ങൾ (തുരങ്കങ്ങൾ ഉൾപ്പെടെ) നശിപ്പിക്കുകയും വേണം എന്ന നിർദേശം അംഗീകരിക്കാന്‍ ഹമാസ് തയ്യാറാകുമോയെന്നാണ് പ്രധാന ചോദ്യം.

ഗാസ വെടിനിർത്തലിനായി യുഎസ് മുന്നോട്ടുവെച്ച 21 ഇന നിർദേശങ്ങള്‍
1 . ഗാസയെ തീവ്രവാദമോ ഭീകരതയോ ഇ ല്ലാത്ത മേഖലയാക്കി മാറ്റും.
2. താമസക്കാരുടെ ജീവിതം മെച്ചപ്പെടുത്താനായി ഗാസ പുനർനിര്‍മ്മിക്കും.
3. .ഇരുപക്ഷവും പദ്ധതി അംഗീകരിച്ചാൽ ഉടൻ യുദ്ധം അവസാനിപ്പിക്കും; ഇസ്രായേൽ ഘട്ടംഘട്ടമായി സൈന്യത്തെ പിൻവലിക്കും.
4. ഇസ്രായേൽ അംഗീകരിച്ചാൽ 48 മണിക്കൂറിനുള്ളിൽ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ബന്ദികളെയും തിരികെ നൽകണം.
5. ഇസ്രായേൽ നൂറുകണക്കിന് പലസ്തീൻ തടവുകാരെയും, യുദ്ധശേഷം തടവിലാക്കിയ 1,000-ൽ അധികം ഗാസക്കാരെയും, പലസ്തീനികളുടെ മൃതദേഹാവശിഷ്ടങ്ങളും വിട്ടു നല്‍കും .
6. സമാധാനപരമായ സഹവർത്തിത്വം ഉറപ്പു നല്‍കുന്ന ഹമാസ് അംഗങ്ങൾക്ക് പൊതുമാപ്പ് നൽകും; വിസമ്മതിക്കുന്നവരെ വിദേശത്തേക്ക് സുരക്ഷിതമായി പോകാന്‍ അനുവദിക്കും.
7. പ്രതിദിനം കുറഞ്ഞത് 600 ട്രക്കുകളിലായി സഹായം എത്തിക്കും, അതിനോടൊപ്പം അടിസ്ഥാന സൗകര്യങ്ങൾ നന്നാക്കുകയും അവശിഷ്ടങ്ങൾ നീക്കുകയും ചെയ്യും.
8. യുഎൻ, റെഡ് ക്രസന്റ് പോലെയുള്ള നിഷ്പക്ഷരായ അന്താരാഷ്ട്ര ഏജൻസികൾക്ക് മാത്രമായിരിക്കും സഹായ വിതരണത്തിന്റെ ചുമതല.
9. പലസ്തീനില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ ഗാസ ഭരിക്കും, ഇതിന് യുഎസ് നേതൃത്വത്തിലുള്ളതും അറബ്, യൂറോപ്യൻ പങ്കാളികളുള്ളതുമായ ഒരു പുതിയ അന്താരാഷ്ട്ര സമിതി മേൽനോട്ടം വഹിക്കും.
10. ഗാസയെ പുനർനിർമ്മിക്കാനും നിക്ഷേപം ആകർഷിക്കാനുമായി സമഗ്രമായ സാമ്പത്തിക പദ്ധതി നടപ്പാക്കും.
11..കുറഞ്ഞ താരിഫുകളും വിപുലമായ വാണിജ്യ സാധ്യതകളുള്ളതുമായ ഒരു പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കും.
12. ആരെയും നിർബന്ധിച്ച് മാറ്റിപ്പാർപ്പിക്കില്ല. താമസക്കാർ അവിടെത്തന്നെ താമസിച്ച് പുനർനിർമ്മാണത്തിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കും . സ്ഥലം വിട്ടു പോകുന്നവർക്ക് തിരിച്ചുവരാൻ അവകാശമുണ്ടായിരിക്കും.
13..ഹമാസിനെ ഭരണത്തിൽ നിന്ന് ഒഴിവാക്കും; തുരങ്കങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സൈനിക സംവിധാനങ്ങളും പൊളിച്ചുനീക്കും.
14. ഹമാസിൽ നിന്നോ മറ്റ് ഗ്രൂപ്പുകളിൽ നിന്നോ ഉള്ള ഭീഷണിക്കെതിരെ പ്രാദേശിക ശക്തികൾ സുരക്ഷാ ഉറപ്പ് നൽകും.
15. യുഎസും സഖ്യകക്ഷികളും ഗാസയിൽ ഒരു താൽക്കാലിക സേനയെ വിന്യസിക്കും; ദീർഘകാല സുരക്ഷയ്ക്കായി പലസ്തീൻ പോലീസിന് പരിശീലനം നൽകും.
16. ഇസ്രായേൽ ഗാസയെ കൂട്ടിച്ചേർക്കുകയോ എന്നെന്നേക്കുമായി കൈവശം വയ്ക്കുകയോ ചെയ്യില്ല. stabilization യൂണിറ്റുകള്‍ സുരക്ഷ ഉറപ്പാക്കുമ്പോള്‍ സൈന്യം നിയന്ത്രണം കൈമാറും.
17. ഹമാസ് പദ്ധതി നിരസിച്ചാൽ, ഭീകരരഹിത മേഖലകളിൽ നടപടികൾ ആരംഭിക്കും, അവിടെ ഇസ്രായേൽ നിയന്ത്രണം stabilization force ന് കൈമാറും.
18. ഇസ്രായേൽ ഭാവിയിൽ ഖത്തറിനെതിരെ ആക്രമണം നടത്തുകയില്ല. മധ്യസ്ഥതയില്‍ ദോഹയുടെപങ്ക് യുഎസും അന്താരാഷ്ട്ര സമൂഹവും അംഗീകരിക്കും.
19. പരസ്പര ധാരണ വളർത്താനും ആഖ്യാനങ്ങൾ മാറ്റിയെടുക്കാനും തീവ്രവാദം കുറയ്ക്കുന്നതിനും വിവിധ മതങ്ങൾ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പരിപാടികൾ ആരംഭിക്കും.
20. ഗാസയുടെ പുനർനിർമ്മാണവും പലസ്തീൻ അതോറിറ്റിയുടെ (PA) പരിഷ്കാരങ്ങളും ഒരു പലസ്തീൻ രാഷ്ട്രത്തിനായി വിശ്വസിക്കാവുന്ന വഴി തുറക്കും. (കൃത്യമായ സമയപരിധിയില്ല)
21. സഹവർത്തിത്വത്തിനായുള്ള ശാശ്വത രാഷ്ട്രീയ ചട്ടക്കൂട് ഉണ്ടാക്കാൻ വേണ്ടി ഇസ്രായേലും പലസ്തീനികളും തമ്മില്‍ നടത്തേണ്ട ദീർഘകാല ചർച്ചകൾക്ക് യുഎസ് സൗകര്യമൊരുക്കും.












Click it and Unblock the Notifications