പെഗസസ് ഫോൺ ചോർത്തൽ; വിശ്വാസ യോഗ്യമായ തെളിവുണ്ടെങ്കിൽ അന്വേഷണമെന്ന് എൻഎസ്ഒ
ദില്ലി; ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതികരിച്ച് പെഗസസ് സോഫ്റ്റ്വെയറിന്റെ നിർമ്മാതാക്കളായ ഇസ്രയേല്‍ സൈബര്‍ ടെക്നോളജി ഗ്രൂപ്പ് എന്‍എസ്ഒ.സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്തുവെന്നതിന് വിശ്വസനീയമായ തെളിവുകൾ ഉണ്ടെങ്കിൽ വിവാദം അന്വേഷിക്കുമെന്ന് എൻഎസ്ഒ വ്യക്തമാക്കി. അതേസമയം മാധ്യമങ്ങളോട് വിശദമായ പ്രതികരണത്തിന് ഇല്ലെന്നും കമ്പനി വക്താവ് പറഞ്ഞു.
പെഗസസിനെതിരായ മാധ്യമ പ്രചരണങ്ങൾ ചില പ്രത്യേക സംഘങ്ങളുടെ തത്പര പ്രകാരമാണ്. ഇതിന്റെ ഭാഗമാണ് പുറത്തുവന്ന റിപ്പോർട്ടുകളെന്നും കമ്പനി വ്യക്തമാക്കി.
സ്പൈവെയർ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം പരിശോധിക്കാൻ ഇസ്രായേൽ സർക്കാർ ഉന്നത മന്ത്രാലയ സംഘത്തെ നിയോഗിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം.

സാങ്കേതികവിദ്യകളുടെ ദുരുപയോഗത്തിന്റെ വിശ്വസനീയമായ തെളിവുകൾ ലഭിച്ചാൽ സമഗ്രമായി അന്വേഷിക്കും. അവശ്യം വന്നാൽ സിസ്റ്റം അവസാനിപ്പിക്കുമെന്നും കമ്പനി വക്താവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം പുറത്തുവന്ന റിപ്പോര്‍ട്ടിലുള്ളത് ഊഹാപോഹങ്ങളും സ്ഥിരീകരിക്കാത്ത സിദ്ധാന്തങ്ങളുമാണെന്നാണ് തുടക്കം മുതൽ എൻഎസ്ഒയുടെ നിലപാട്. തങ്ങളുടെ ഉപഭോക്താക്കളുടെ പട്ടികയുടെ ഭാഗമല്ലാത്തതും ആര്‍ക്കുവേണമെങ്കിലും ലഭ്യമായതുമായ അടിസ്ഥാന വിവരങ്ങളാണ് ചോര്‍ത്തിയതായി അവകാശപ്പെടുന്നതെന്നും എൻഎസ്ഒ വിശദീകരിച്ചിരുന്നു. സർക്കാരുകൾ മാത്രമാണ് തങ്ങളുടെ ഉപഭോക്താക്കളെന്നും തീവ്രവാദത്തെ നിയന്ത്രിക്കുന്നതിനും കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനും പൊതു സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമാണമ് സേവനങ്ങൾ തങ്ങൾ കൈമാറാറുള്ളൂവെന്നുമാണ് എൻഎസ്ഒ അവകാശപ്പെടുന്നത്.












Click it and Unblock the Notifications