പാകിസ്താനികളുടെ പോക്കറ്റ് കീറും: പെട്രോളിന് വർധിക്കുന്നത് 10 പാക് രൂപ, ഒരു ലിറ്ററിന് 289
ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയില്‍ പെട്രോള്‍ വിലയില്‍ കുറവ് വരുത്തിയേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ പെട്രോള്‍ വില വീണ്ടും ഉയർന്നതോടെ രാജ്യത്ത് വിലക്കുറവ് പ്രഖ്യാപിച്ചില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞതിനാല്‍ ഇനി ഏതാനും മാസത്തേക്ക് വിലക്കുറവോ വർധനവോ പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ തൊട്ടടുത്ത അയല്‍രാജ്യമായ പാകിസ്താനിലെ സ്ഥിതി ഇതില്‍ നിന്നും വ്യത്യസ്തമാണ്.
പാകിസ്താനിലെ ജനങ്ങള്‍ ഉടന്‍ തന്നെ പെട്രോളിയം വില വർധനവ് നേരിടേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുതിച്ചുചാട്ടം കാരണം പെട്രോളിൻ്റെ വില ലിറ്ററിന് ഏകദേശം 10 പാക് രൂപയുടെ വർധനവിനാണ് സാധ്യത.

വരാനിരിക്കുന്ന ദ്വൈവാര അവലോകനത്തിൽ പെട്രോൾ വില ലിറ്ററിന് 279.75 എന്ന നിലവിലെ നിരക്കിൽ നിന്ന് 289.69 പാക് രൂപയായി ഉയർന്നേക്കും. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ 86 രൂപ കൊടുത്താല്‍ പാകിസ്താനില്‍ ഒരു ലിറ്റർ പെട്രോള്‍ കിട്ടും. എന്നാല്‍ പാകിസ്താന്‍ രൂപയ്ക്ക് ഇന്ത്യന്‍ രൂപയേക്കാള്‍ മൂന്നിരട്ടിയോളം മൂല്യം കുറവ്. ഒരു ഇന്ത്യന്‍ രൂപ കൊടുത്താല്‍ 3.33 പാക് രൂപയാണ് ലഭിക്കുക.
വെള്ളിയാഴ്ച, യുഎസ് ഡോളറിനെതിരെ പാക രൂപയ്ക്ക് നേരിയ വർധനവ് രേഖപ്പെടുത്തി, ഡോളറിന് ഏകദേശം 277.94 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം ഡോളറിന് 83.38 എന്നതാണ് ഇന്ത്യന്‍ രൂപയുടെ നിരക്ക്
അതേസമയം റിപ്പോർട്ട് അനുസരിച്ച്, അതിവേഗ ഡീസലിൻ്റെ (എച്ച്എസ്ഡി) വില ലിറ്ററിന് 1.30 രൂപ കുറഞ്ഞ് 284.26 പാക് രൂപയായേക്കും, നിലവിലെ നിരക്ക് ലിറ്ററിന് 285.86 പാക് രൂപയാണ്. ലോകമെമ്പാടും അതിവേഗ ഡീസലിൻ്റെ (എച്ച്എസ്ഡി) വില കുറയുന്നതിനാലാണ്, പാക്കിസ്ഥാനിലും അതിൻ്റെ വിലയിൽ കുറവുണ്ടാകുന്നത്. ആഗോളതലത്തിൽ, എച്ച്എസ്ഡിയുടെ വില അടുത്ത ആഴ്ചകളിൽ ബാരലിന് 98 ഡോളറായി കുറഞ്ഞിരുന്നു. മാർച്ചിലെ ആദ്യ പതിനഞ്ച് ദിവസങ്ങളിൽ ബാരലിന് 99 ഡോളറായിരുന്നു നിരക്ക്.
ആഗോള നിരക്കുകളും പ്രാദേശിക കറൻസിയുടെ വിനിമയ നിരക്കും അടിസ്ഥാനമാക്കി ഓരോ 15 ദിവസത്തിലും പാകിസ്താനില്‍ ഇന്ധന വില അവലോകനം ചെയ്യുന്നു. കഴിഞ്ഞ ദ്വൈവാര അവലോകന സമയത്ത്, പെട്രോൾ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. അതേസമയം ഹൈ സ്പീഡ് ഡീസലിൻ്റെ (എച്ച്എസ്ഡി) വില ലിറ്ററിന് 1.77 പികെആർ കുറവ് വരുത്തി.












Click it and Unblock the Notifications