കുറയുന്ന കൊവിഡ് കേസുകൾ, എന്നിട്ടും യുഎസിൽ രണ്ടാമത്തെ ബൂസ്റ്റർ വാക്‌സിന് അനുമതി തേടി ഫൈസർ
വാഷിങ്‌ടൺ: യുഎസിൽ 65 വയസും അതിന് മുകളിൽ പ്രായമുള്ളവരിലും അടിയന്തര സാഹചര്യങ്ങളിൽ കൊവിഡ് വാക്‌സിന്റെ രണ്ടാം ബൂസ്റ്റർ ഉപയോഗിക്കുന്നതിനുള്ള അനുമതി തേടി ഫൈസർ. യുഎസ് ഡ്രഗ് റെഗുലേറ്ററെയാണ് ആവശ്യവുമായി കമ്പനികൾ സമീപിച്ചത്. ഇസ്രയേലിൽ നടന്ന പഠനത്തെ അടിസ്ഥാനമാക്കിയാണ് പുതിയ തീരുമാനമെന്നും അഡീഷണൽ എംആർഎൻഎ ബൂസ്റ്റർ പ്രതിരോധശേഷി വർധിപ്പിക്കുമെന്നും ആരോഗ്യ സ്ഥിതി വളരെ മോശമാകുന്നതിൽ നിന്ന് സംരക്ഷിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
ഒമിക്രോൺ തരംഗം കുറഞ്ഞ സാഹചര്യത്തിൽ മിക്ക രാജ്യങ്ങളിലെയും കൊവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പല രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ കൊണ്ടുവരാൻ തുടങ്ങിക്കഴിഞ്ഞു. അഡീഷണൽ വാക്‌സിൻ ബൂസ്റ്റർ സ്വീകരിച്ചവരിൽ കൊവിഡ് കേസുകൾ രണ്ട് ശതമാനം കുറഞ്ഞെന്നും ആരോഗ്യസ്ഥിതി മോശമാകുന്ന അവസ്ഥയിൽ നാല് ശതമാനത്തിന്റെ കുറവുണ്ടെന്നും പഠനം പറയുന്നു. ഒരു ഡോസ് ബൂസ്റ്റർ വാക്‌സിൻ സ്വീകരിച്ചവരുമായി താരതമ്യ പഠനമാണ് നടന്നത്. ഒന്നാം ബൂസ്റ്റർ സ്വീകരിച്ചതിന് നാല് മാസങ്ങൾക്ക് ശേഷം രണ്ടാമത്തെ അഡീഷണൽ ബൂസ്റ്റർ സ്വീകരിച്ച 60ഉം അതിന് മുകളിൽ പ്രായമുള്ളവരെയുമാണ് പഠനത്തിൽ വിധേയമാക്കിയത്.

ഇസ്രയേൽ ആരോഗ്യപ്രവർത്തകരെയാണ് രണ്ടാമത്തെ പഠത്തിന് വിധേയരാക്കിയത്. ഒരു ബൂസ്റ്റർ വാക്‌സിൻ സ്വീകരിച്ചവരെ വച്ച് താരതമ്യം ചെയ്യുമ്പോൾ രണ്ടാമത്തെ ഡോസ് ബൂസ്റ്റർ വാക്‌സിൻ സ്വീകരിച്ചവരിൽ ആന്‍റിബോഡിയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തി. ഇവരിൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെന്നും കമ്പനികൾ അവകാശപ്പെട്ടു. ഇതിനകം തന്നെ പല യുറോപ്യൻ രാജ്യങ്ങളും ബൂസ്റ്റർ വാക്‌സിന്‍റെ രണ്ടാമത്തെ ഡോസിന് അനുമതി നൽകിയിട്ടുണ്ട്. ആരോഗ്യസ്ഥിതി മോശമായവരിലും രോഗപ്രതിരോധശേഷി കുറവുള്ളവർക്കുമാണ് ബൂസ്റ്റർ വാക്‌സിൻ നൽകുന്നത്.
മുൻ അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്‌ച ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത് തന്‍റെ ആരോഗ്യസ്ഥിതി തൃപ്‌തികരമാണെന്നും ഭാര്യ മിഷേൽ ഒബാമ കൊവിഡ് നെഗറ്റീവ് ആണെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. കൊവിഡ് വാക്‌സിൻ സ്വീകരിച്ചത് ഗുണകരമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും എല്ലാവരും തന്നെ കൊവിഡ് വാക്‌സിൻ സ്വീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേ സമയം ഇന്ത്യയിൽ കുട്ടികളുടെ വാക്‌സിനേഷൻ ഇന്ന് ആരംഭിക്കും. 12 വയസിനും 14 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളിലെ വാക്‌സിനേഷനാണ് ബുധനാഴ്‌ച ആരംഭിക്കുന്നത്. കോർബെവാക്‌സ് ആണ് കുട്ടികൾക്ക് വിതരണം ചെയ്യുന്നത്. 60 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ വാക്‌സിന്റെ വിതരണവും ഇന്ന് മുതൽ ആരംഭിക്കും.












Click it and Unblock the Notifications