നേപ്പാളില്‍ 68 യാത്രകരുമായി പറന്നുയർന്ന് വിമാനം തകർന്ന് വീണു: 36 മൃതദേഹങ്ങള്‍ കണ്ടെത്തി
കാഠ്മണ്ഡു: നേപ്പാളില്‍ യാത്രാവിമാനം തകർന്ന് വീണു. നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട 72 സീറ്റുകളുള്ള യാത്രാവിമാനം തകർന്നുവീണതെന്നാണ് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നത്. 36 മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൂടുതല്‍ പേര്‍ മരിച്ചെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. 68 പേരായിരുന്നു വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്നത്. കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് പറന്ന യെതി എയർലൈൻസ് വിമാനം കാസ്കി ജില്ലയിലെ പൊഖാറയിൽ തകർന്നു വീഴുകയായിരുന്നു.
68 യാത്രക്കാർക്ക് പുറമെ നാല് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. പഴയ വിമാനത്താവളത്തിനും പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലാണ് വിമാനം തകർന്നതെന്ന് യെതി എയർലൈൻസ് വക്താവ് സുദർശൻ ബർതൗളയെ ഉദ്ധരിച്ച് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വിമാനം തകർന്ന് വീണ സ്ഥലത്ത് നിന്നും തീയും വലിയ തോതിലുള്ള പുകപടലങ്ങളും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിട്ടുണ്ട്.

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും വിമാനത്താവളം തൽക്കാലം അടച്ചിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ആഭ്യന്തര സർവീസ് നടത്തിയിരുന്ന വിമാനമാണ് തകർന്നത്. വിദേശ പൗരന്മാർ യാത്രക്കാരിൽ ഉണ്ടായിരുന്നോയെന്ന കാര്യം ഉള്‍പ്പടെ വ്യക്തമല്ല.












Click it and Unblock the Notifications