ട്രംപിന്റെ അവകാശവാദം തള്ളി മോദി; ഇന്ത്യയ്ക്ക് ആരുടെയും മധ്യസ്ഥത വേണ്ട: ഫോണില്‍ 35 മിനിറ്റ് സംഭാഷണം
ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാട് അമേരിക്കയോട് വീണ്ടും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മധ്യസ്ഥതയും സ്വീകരിച്ചിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള സംഭാഷണത്തില്‍ മോദി വ്യക്തമാക്കി. പാകിസ്ഥാന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്ത്യ വെടിനിര്‍ത്തലിന് സമ്മതിച്ചത്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടുവെന്ന ട്രംപിന്റെ അവകാശവാദത്തെ തള്ളുന്നതായിരുന്നു മോദിയുടെ മറുപടി. 35 മിനിറ്റ് നേരമാണ് ഇരുവരും ഫോണില്‍ സംസാരിച്ചത്.
ഇനിയും പാകിസ്ഥാനും സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത് ഇരുവശത്തെയും സൈനിക മേധാവികള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്കിടെയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു ഇതില്‍ യുഎസ് പ്രസിഡന്റിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ല. അത്തരം അവകാശവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നേരത്തെ കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ മോദിയും ട്രംപും തമ്മില്‍ നേരിട്ടുള്ള കൂടിക്കാഴ്ച നടക്കും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഉച്ചകോടിയില്‍നിന്ന് ട്രംപ് ഒരു ദിവസം മുന്‍പേ മടങ്ങിയിരുന്നു. ഇതാണ് കൂടിക്കാഴ്ച്ച നടക്കാതെ പോയത്. ഇതേതുടര്‍ന്ന് ട്രംപാണ് ഫോണ്‍ സംഭാഷണത്തിന് മുന്‍കൈയെടുത്തത്. തുടര്‍ന്നാണ് ഇന്ത്യ-പാക് സംഘര്‍ഷവും സംഭാഷണത്തില്‍ ഉള്‍പ്പെടുത്തിയത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രയാണ് ഇരുവരുടെയും ചര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ഇന്ത്യ ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല; ഭാവിയിലും സ്വീകരിക്കില്ലെന്നു മോദി പറഞ്ഞു. തീവ്രവാദത്തോട് സന്ധിയില്ല. ഇതുകൂടാതെ ഓപ്പറേഷന്‍ സിന്ദൂര്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നും മോദി പറഞ്ഞതായി വിക്രം മിസ്ര കൂട്ടിച്ചേര്‍ത്തു.
മെയ് ഏഴ് മുതല്‍ പത്ത് വരെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷമുണ്ടായത്. പാകിസ്ഥാന്റെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ സൈനിക നടപടി ഓപ്പറേഷന്‍ സിന്ദൂറിനുള്ള പാകിസ്ഥാന്റെ പ്രത്യാക്രമണം ആയിരുന്നു അത്. നാലു ദിവസത്തെ സംഘര്‍ഷത്തിന് ശേഷം പാകിസ്ഥാന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയത്.
നാലു ദിവസത്തെ സംഘര്‍ഷത്തിനിടയില്‍ യുഎസുമായി യാതൊരു ബന്ധവും ഉണ്ടായിട്ടില്ലെന്നും ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പോലും ചര്‍ച്ച ചെയ്തിട്ടില്ലെന്നും വിക്രം മിസ്ര വ്യക്തമാക്കി.
മെയ് 10 ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതായി ആദ്യമായി പ്രഖ്യാപിച്ചത് ട്രംപാണ്. അമേരിക്കയുടെ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ എന്ന് അവകാശപ്പെട്ടു കൊണ്ടായിരുന്നു ഇക്കാര്യം ലോകത്തെ അറിയിച്ചത്. ലോക രാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു ട്രംപിന്റെ പ്രസ്താവന. പല തവണ ട്രംപ് ഇത് ആവര്‍ത്തിക്കുകയും ചെയ്തു. ഇതിനുള്ള മറുപടിയാണ് മോദി നല്‍കിയത്.
ഇന്ത്യ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും തീവ്രവാദ കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടത്. ഇന്ത്യയുടെ നടപടികള്‍ വളരെ ആസൂത്രിതവും കൃത്യവുമായിരുന്നു. ഇന്ത്യയുടെ ശക്തമായ പ്രതികരണം കാരണമാണ് സൈനിക നടപടി നിര്‍ത്താന്‍ പാകിസ്ഥാന് ഇന്ത്യയോട് അഭ്യര്‍ത്ഥിക്കേണ്ടി വന്നത് - മിസ്രി പറഞ്ഞു. മോദി പറഞ്ഞ കാര്യങ്ങള്‍ ട്രംപിന് വ്യക്തമായെന്നും ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പിന്തുണ പ്രകടിപ്പിച്ചുവെന്നും മിസ്രി പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ട്രംപ് മോദിയെ അനുശോചനം അറിയിച്ച് ഫോണില്‍ വിളിക്കുകയും ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിന്‌ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ ഫോണ്‍ സംഭാഷണമാണിത്.












Click it and Unblock the Notifications