മോദി അമേരിക്കയില്‍; ട്രംപുമായി കൂടിക്കാഴ്ച നടത്തും, നാടുകടത്തലില്‍ ഇനിയെന്ത്?
വാഷിംഗ്ടണ്‍: രണ്ട് ദിവസത്തെ യു എസ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തി. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇന്ന് മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. വ്യാപാരം, ഊര്‍ജ്ജം, പ്രതിരോധം, സുരക്ഷ, സാങ്കേതിക പങ്കാളിത്തം, തന്ത്രപരമായ സഹകരണം എന്നിവയുള്‍പ്പെടെ പരസ്പര താല്‍പ്പര്യമുള്ള നിരവധി വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യ-യുഎസ് പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പ്രസിഡന്റ് ട്രംപിനെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി പറഞ്ഞു. എക്‌സിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'അല്‍പ്പം മുമ്പ് വാഷിംഗ്ടണ്‍ ഡിസിയില്‍ വന്നിറങ്ങി. ട്രംപിനെ കാണാനും ഇന്ത്യ-യുഎസ്എ സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്നു,' മോദി ട്വീറ്റ് ചെയ്തു.

ഇരുരാജ്യങ്ങളിലേയും ജനങ്ങളുടെ പ്രയോജനത്തിനും ലോകത്തിന്റെ മികച്ച ഭാവിക്കും അേമരിക്കയും ഇന്ത്യയും യോജിച്ച് പ്രവര്‍ത്തിക്കുന്നത് തുടരും എന്നും മോദി കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 5 ന് 104 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്തിയതിന്റെ പശ്ചാത്തലത്തില്‍ മോദിയുടെ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ട്. സൈനിക വിമാനത്തില്‍ ബന്ദികളെ പോലെ വിലങ്ങ് വെച്ച് കുടിയേറ്റക്കാരെ നാടുകടത്തിയത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
യുഎസില്‍ താമസിക്കുന്ന 487 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ കൂടി അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ഉടന്‍ നാടുകടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. കുടിയേറ്റക്കാരുടെ നാടുകടത്തലില്‍ ഇന്ത്യയുടെ ആശങ്ക മോദി ട്രംപിനെ അറിയിച്ചേക്കും എന്നാണ് വിവരം. ട്രംപ് രണ്ടാം തവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മോദിയുടെ ആദ്യ യുഎസ് സന്ദര്‍ശനമാണിത്.
ട്രംപ് പ്രസിഡന്റായതിന് ശേഷം അമേരിക്കയിലെത്തുന്ന നാലാമത്തെ മാത്രം ലോക നേതാവാണ് മോദി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ജപ്പാനിലെ ഷിഗെരു ഇഷിബ, ജോര്‍ദാനിലെ രാജാവ് അബ്ദുള്ള രണ്ടാമന്‍ എന്നിവരാണ് നേരത്തെ യുഎസ് സന്ദര്‍ശിച്ചത്. യുഎസില്‍ ആയിരിക്കുമ്പോള്‍ വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്ന വിശിഷ്ടാതിഥികള്‍ക്കായി സജ്ജീകരിച്ചിരിക്കുന്ന ചരിത്രപ്രസിദ്ധമായ ഗസ്റ്റ് ഹൗസായ ബ്ലെയര്‍ ഹൗസിലാണ് പ്രധാനമന്ത്രി താമസിക്കുക.
ലോകത്തിലെ ഏറ്റവും എക്‌സ്‌ക്ലൂസീവ് ഹോട്ടല്‍ എന്നും അറിയപ്പെടുന്ന ബ്ലെയര്‍ ഹൗസ് മുന്‍കാലങ്ങളില്‍ പ്രസിഡന്റുമാര്‍, രാജകുടുംബാംഗങ്ങള്‍, ലോക നേതാക്കള്‍ എന്നിവര്‍ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. അതേസമയം ട്രംപിന്റെ ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ തലവനായ ടെസ്ല, സ്പേസ് എക്സ് മേധാവി എലോണ്‍ മസ്‌കുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications