നരേന്ദ്ര മോദിക്ക് ട്രിനിഡാഡ് & ടൊബാഗോയുടെ പരമോന്നത സിവിലിയന്‍ ബഹുമതി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ട്രിനിഡാഡ് & ടൊബാഗോയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ദി ഓര്‍ഡര്‍ ഓഫ് ദി റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് & ടൊബാഗോ പുരസ്‌കാരം സമ്മാനിച്ചു. ട്രിനിഡാഡ് & ടൊബാഗോ പ്രധാനമന്ത്രി കമല പെര്‍സാദ്-ബിസെസ്സര്‍, പരമ്പരാഗത ഇന്ത്യന്‍ വസ്ത്രം ധരിച്ച് മുഴുവന്‍ മന്ത്രിസഭയോടൊപ്പം പിയാര്‍കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി മോദിയെ സ്വീകരിച്ചു.
''ദി ഓര്‍ഡര്‍ ഓഫ് ദി റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് & ടൊബാഗോ' ബഹുമതി ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. 140 കോടി ഇന്ത്യക്കാരുടെ പേരില്‍ ഞാന്‍ അത് സ്വീകരിക്കുന്നു,' അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് മോദി പറഞ്ഞു. 13 ലക്ഷം മാത്രം ജനസംഖ്യയുള്ള ഈ കൊച്ചു ദ്വീപ് രാഷ്ട്രമാണ് ട്രിനിഡാഡ് & ടൊബാഗോ. ഇന്ത്യയിലെ കുഞ്ഞന്‍ സംസ്ഥാനമായ ഗോവയേക്കാള്‍ കുറവാണ് ജനസംഖ്യ.

ട്രിനിഡാഡ് & ടൊബാഗായില്‍ 45 ശതമാനവും ഇന്ത്യന്‍ വംശജരാണ്. ഇവരില്‍ ഭൂരിഭാഗവും ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും ഭോജ്പുരി സംസാരിക്കുന്ന ജില്ലകളില്‍ നിന്നുള്ളവരാണ്. ഇവരുടെ പൂര്‍വ്വികരില്‍ ഭൂരിഭാഗവും കൊളോണിയല്‍ ഇന്ത്യയില്‍ നിന്ന് കൂലിപ്പണിക്കാരായി വന്ന് ഇവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. വിമാനത്താവളത്തില്‍ മോദിക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയിരുന്നത്.
വിമാനത്താവളം സാംസ്‌കാരിക പ്രകടനങ്ങളാല്‍ നിറഞ്ഞു. ഇന്ത്യന്‍ പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ വേഷം ധരിച്ച ആളുകളുടെ പ്രകടനങ്ങള്‍ ആണ് മോദിയെ സ്വാഗതം ചെയ്തത്. മോദി ഹോട്ടലില്‍ എത്തുന്നതുവരെ സാംസ്‌കാരിക പ്രകടനങ്ങള്‍ തുടര്‍ന്നു. 'ഭാരത് മാതാ കീ ജയ്', 'മോദി, മോദി' എന്നീ മന്ത്രങ്ങള്‍ ആലപിച്ചും ഓര്‍ക്കസ്ട്ര പ്രകടനത്തോടെയും പരമ്പരാഗത ഭോജ്പുരി ചൗട്ടാല്‍ താളങ്ങളോടെയുമായിരുന്നു വരവേല്‍പ്.
അതേസമയം ഈ നാട്ടുകാര്‍ സ്വന്തം മണ്ണ് മാത്രമാണ് ഉപേക്ഷിച്ചത് എന്നും ആത്മാവിനെയല്ല എന്നും മോദി പറഞ്ഞു. അവര്‍ വെറും കുടിയേറ്റക്കാര്‍ മാത്രമല്ല, കാലാതീതമായ ഒരു നാഗരികതയുടെ സന്ദേശവാഹകരായിരുന്നു. ബീഹാറിന്റെ പൈതൃകം ഇന്ത്യയുടെയും ലോകത്തിന്റെയും അഭിമാനമാണ്. നൂറ്റാണ്ടുകളായി ജനാധിപത്യം, രാഷ്ട്രീയം, നയതന്ത്രം തുടങ്ങിയ വിവിധ മേഖലകളില്‍ ആ സംസ്ഥാനം ലോകത്തിന് വഴികാട്ടി.
21-ാം നൂറ്റാണ്ടില്‍ ബീഹാറില്‍ നിന്ന് പുതിയ അവസരങ്ങള്‍ ഉയര്‍ന്നുവരും എന്നും മോദി പറഞ്ഞു. അതേസമയം ഇന്ത്യന്‍ വംശജരായ പൗരന്മാരുടെ ആറാം തലമുറ അംഗങ്ങള്‍ക്ക് ഇപ്പോള്‍ ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ കാര്‍ഡുകള്‍ക്ക് അര്‍ഹതയുണ്ടെന്ന് മോദി പ്രഖ്യാപിച്ചു. ഇത് അവരെ ഇന്ത്യയില്‍ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കും.












Click it and Unblock the Notifications