എസ്‌സിഒ യോഗത്തില്‍ പങ്കെടുക്കാന്‍ മോദിക്ക് പാകിസ്ഥാനിലേക്ക് ഔദ്യോഗിക ക്ഷണം
ലാഹോര്‍: ഇസ്ലാമാബാദില്‍ നടക്കുന്ന എസ് സി ഒ (ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍) യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാകിസ്ഥാന്‍ ഔദ്യോഗികമായി ക്ഷണിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ല രീതിയില്‍ അല്ലാത്തതിനാല്‍ തന്നെ നരേന്ദ്ര മോദി പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എസ്സിഒ കൗണ്‍സില്‍ ഓഫ് ഹെഡ്സ് ഓഫ് ഗവണ്‍മെന്റിന്റെ (സിഎച്ച്ജി) റൊട്ടേറ്റിംഗ് ചെയര്‍മാന്‍ സ്ഥാനം പാകിസ്ഥാനാണ് വഹിക്കുന്നത്.
ആ പദവിയില്‍ ഒക്ടോബറില്‍ രണ്ട് ദിവസത്തെ വ്യക്തിഗത എസ്സിഒ ഗവണ്‍മെന്റ് മേധാവികളുടെ മീറ്റിംഗിന് ആതിഥേയത്വം വഹിക്കും. ''ഒക്ടോബര്‍ 15-16 തീയതികളില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ രാഷ്ട്രത്തലവന്മാര്‍ക്ക് ക്ഷണങ്ങള്‍ അയച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒരു ക്ഷണം അയച്ചിട്ടുണ്ട്, ''വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച്ച് പറഞ്ഞു.

ചില രാജ്യങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എസ്‌സിഒ യോഗത്തിന് മുന്നോടിയായി മന്ത്രിതല യോഗവും എസ്സിഒ അംഗരാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക, സാമൂഹിക-സാംസ്‌കാരിക, മാനുഷിക സഹകരണം എന്നിവയില്‍ ഊന്നിയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിരവധി റൗണ്ട് മീറ്റിംഗുകളും നടക്കും. അതേസമയം എസ്സിഒ യോഗത്തില്‍ രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കണം എന്ന് നിര്‍ബന്ധമില്ല.
അതിനാല്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ മന്ത്രിതല സംഘത്തെ നിയോഗിക്കാനാണ് സാധ്യത. മുന്‍കാലങ്ങളിലും ഈ യോഗങ്ങളില്‍ മന്ത്രിമാരാണ് ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ളത്. ഈ വര്‍ഷം ജൂലൈ 3-4 തീയതികളില്‍ കസാക്കിസ്ഥാനില്‍ നടന്ന എസ്സിഒയുടെ 24-ാമത് രാഷ്ട്രത്തലവന്മാരുടെ വാര്‍ഷിക ഉച്ചകോടിയില്‍ മോദി പങ്കെടുത്തിരുന്നില്ല. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ആണ് ഇന്ത്യയെ പ്രതിനിധീകരിച്ച് അസ്താനയില്‍ എത്തിയിരുന്നത്.
ഈ സാഹചര്യത്തില്‍ ഒക്ടോബറില്‍ മോദി പാകിസ്ഥാനിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പാക് വിശകലന വിദഗ്ധര്‍ പറയുന്നു. 'എല്ലാ അംഗരാജ്യങ്ങളിലേക്കും ക്ഷണം അയയ്ക്കുക എന്നത് ഏതൊരു ആതിഥേയ രാജ്യവും പിന്തുടരുന്ന നിര്‍ബന്ധിത പ്രോട്ടോക്കോള്‍ ആണ്. പാകിസ്ഥാനും അതുതന്നെ ചെയ്തു,' അന്താരാഷ്ട്ര രാഷ്ട്രീയ വിദഗ്ധന്‍ കമ്രാന്‍ യൂസഫ് പറഞ്ഞു.
അതേസമയം കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്റെ അന്നത്തെ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി എസ്സിഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം, ഇന്ത്യ ഒരു വെര്‍ച്വല്‍ ഫോര്‍മാറ്റില്‍ എസ്സിഒ മീറ്റിംഗിന് ആതിഥേയത്വം വഹിക്കുകയും പാകിസ്ഥാനെ പങ്കെടുക്കാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. അന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് യോഗത്തില്‍ പങ്കെടുത്തത്












Click it and Unblock the Notifications