ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ സമരക്കാർ നേരെ പോലീസ് വെടിവെപ്പ്, ഒരാൾ കൊല്ലപ്പെട്ടു
ദില്ലി: ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ത്ത് പോലീസ്. വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാളുകളായി സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ നടക്കുന്ന ശ്രീലങ്കയില്‍ ആദ്യമായാണ് പോലീസ് സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നത്. പ്രതിഷേധക്കാര്‍ അക്രമോത്സുകരായതും പോലീസിന് നേര്‍ക്ക് കല്ലെറിഞ്ഞതുമാണ് വെടിവെയ്ക്കാന്‍ കാരണം എന്നാണ് പോലീസ് വക്താവ് വ്യക്തമാക്കുന്നത്. പരിക്കേറ്റ ആളുകളുമായി സമരക്കാര്‍ ആശുപത്രികളിലേക്ക് ഓടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കടുത്ത വിലക്കയറ്റത്തിനും ഇന്ധന ക്ഷാമത്തിനും എതിരെയാണ് ജനം പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 95 കിലോ മീറ്റര്‍ അകലത്തുളള രാംബുക്കനയില്‍ പ്രതിഷേധക്കാര്‍ ഹൈവേ തടഞ്ഞാണ് സമരം ചെയ്തത്. ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ധന ക്ഷാമ വിഷയം ഉയര്‍ത്തി ആളുകള്‍ സമരത്തിനിറങ്ങിയിരിക്കുകയാണ്. കൊളംബോയിലേക്കുളള റോഡുകളില്‍ ടയറുകള്‍ കത്തിച്ചും മറ്റും ആയിരക്കണക്കിന് വരുന്ന സമരക്കാര്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ രാംബുക്കന പോലീസ് സ്‌റ്റേഷന്‍ വളയുകയും കെട്ടിടത്തിന് നേര്‍ക്ക് കല്ലെറിയുകയും ചെയ്തു.

കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് രാംബുക്കനയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. 1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുളള ഏറ്റവും കടുത്ത സാമ്പത്തിക ദുരന്ത മുഖത്താണ് ശ്രീലങ്ക ഇപ്പോഴുളളത്. ഭക്ഷണവും മരുന്നുകളും ഇന്ധനവും അടക്കമുളള അവശ്യ വസ്തുക്കളൊന്നും ഇറക്കുമതി ചെയ്യാനാകത്തത്ര വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യമിപ്പോള്‍. തെറ്റായ തീരുമാനങ്ങളാണ് രാജ്യത്തെ ഈ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് എന്ന് ശ്രീലങ്കന്‍ പ്രസിഡണ്ട് ഗോദാബായ രാജാപക്‌സ കഴിഞ്ഞ ദിവസം തുറന്ന് സമ്മതിച്ചിരുന്നു.
സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് ശ്രീലങ്കയില്‍ ആഴ്ചകളായി സമരം നടന്ന് കൊണ്ടിരിക്കുകയാണ്. കൊളംബോയിലുളള പ്രസിഡണ്ട് രാജപക്‌സെയുടെ ഓഫീസ് പരിസരത്ത് ഒരാഴ്ചയോളമായി വലിയൊരു കൂട്ടം സമരക്കാര്‍ തമ്പടിച്ച് പ്രതിഷേധിക്കുകയാണ്. രാജ്യത്തെ പ്രധാന കുട്ടികളുടെ ആശുപത്രിയിലെ ഡോക്ടര്‍മാരും ഇന്ന് സമരത്തിനിറങ്ങി. മരുന്നുകളുടേയും അവശ്യ മെഡിക്കല്‍ ഉപകരണങ്ങളുടേയും ക്ഷാമം ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങിയത്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടി 4 ബില്യണ്‍ ഡോളര്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ നിന്ന് സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍.












Click it and Unblock the Notifications