രണ്ടരവയസ്സുകാരനെതിരെ മോഷണക്കേസ്
കറാച്ചി: ലോകത്തെവിടെയെങ്കിലും ഇങ്ങനെയൊന്ന് സംഭവിക്കുമോ എന്നാണ് ചോദ്യമെങ്കില്‍, സംഭവിക്കും എന്ന് തന്നെയാണ് ഉത്തരം. പാകിസ്താനിലെ ഒരു പോലീസ് സ്‌റ്റേഷനിലാണ് രണ്ടരവയസ്സുള്ള കൊച്ചുകുഞ്ഞിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. അതും പിടിച്ചുപറിയും മോഷണക്കുറ്റവും ചുമത്തി.
പഞ്ചാബ് പ്രവിശ്യയില്‍പ്പെട്ട മുള്‍ത്താനില്‍ ദൗലത്ത് ഗേറ്റ് പോലീസ് സ്‌റ്റേഷനിലാണ് വിചിത്രമായ ഈ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സൗദ് എന്ന രണ്ടരവയസ്സുകാരനാണ് എഫ് ഐ ആറില്‍ പേരുവരാനുള്ള ദൗര്‍ഭാഗ്യം ഉണ്ടായത്. സൗദിന്റെ അമ്മയുമായി സ്വത്ത് തര്‍ക്കത്തിലായിരുന്ന അര്‍ഷാദ് എന്നയാളുടെ പരാതിയിലാണ് രണ്ടര വയസ്സുകാരനെതിരെ പോലീസ് കേസെടുത്തത്.

കൈക്കുഞ്ഞായ മകനെതിരെ പോലീസ് കേസെടുത്തത് കാണിച്ച് അമ്മ കോടതിയിലെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടന്‍തന്നെ സ്റ്റേഷന്‍ ഓഫീസറെ പുറത്താക്കിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാകിസ്താനിലെ മുഴുവന്‍ പോലീസ് സേനയ്ക്കും കളങ്കമുണ്ടാക്കുന്നതാണ് സംഭവം എന്നാണ് പോലീസുകാര്‍ തന്നെ പറയുന്നത്.
അര്‍ഷാദിന് താന്‍ സ്ഥലം വില്‍ക്കാത്തത് കൊണ്ടാണ് കൈക്കുഞ്ഞായ മകനെതിരെ കേസ് കൊടുത്തതെന്ന് സൗദിന്റെ അമ്മ പറഞ്ഞു. പോലീസ് സ്‌റ്റേഷനില്‍ പോയി സ്‌റ്റേഷന്‍ ഓഫീസറെ സ്വാധീനിച്ചാണ് തങ്ങളുടെ കുടുംബത്തിനെതിരെ അര്‍ഷാദ് കള്ളക്കേസുണ്ടാക്കിയത് - സൗദിന്റെ അമ്മയെ ഉദ്ധരിച്ചുകൊണ്ട് സമാ ടി വി റിപ്പോര്‍ട്ടുചെയ്തു.












Click it and Unblock the Notifications