മാര്‍പാപ്പയുടെ മരണം ആഘോഷമാക്കി കാസ, നിര്യാണത്തിലെ അനുശോചന കുറിപ്പ് പിന്‍വലിച്ച് ഇസ്രായേല്‍
ജറുസലേം: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പങ്കുവെച്ച കുറിപ്പ് പിന്‍വലിച്ച് ഇസ്രായേല്‍. പലസ്തീനിലെ ഇസ്രായേല്‍ നടപടിയെ പലതവണ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ളയാളാണ് പോപ് ഫ്രാന്‍സിസ്. അതിനാല്‍ തന്നെ ഇസ്രായേല്‍ പങ്ക് വെച്ച അനുശോചന കുറിപ്പ് ശ്രദ്ധേയമായിരുന്നു. 'ശാന്തമായി വിശ്രമിക്കു ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അദ്ദേഹത്തിന്റെ ഓര്‍മ അനുഗ്രഹമായിത്തീരട്ടെ' എന്നായിരുന്നു ഇസ്രായേലിന്റെ അനുശോചന കുറിപ്പ്.
ജറുസലേമിലെ പശ്ചിമ മതില്‍ സന്ദര്‍ശിച്ച മാര്‍പാപ്പയുടെ ചിത്രവും ഇതിനൊപ്പം ഇസ്രയേല്‍ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്ക് വെച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ ചിത്രവും കുറിപ്പും ഇസ്രായേലിന്റെ അക്കൗണ്ടില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. അതേസമയം എന്തുകൊണ്ടാണ് മാര്‍പാപ്പയുടെ നിര്യാണത്തിലുള്ള അനുശോചനം പിന്‍വലിച്ചത് എന്ന് ഇസ്രയേല്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അതിനിടെ ഇസ്രയേലിനെതിരെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്നും പിഴവ് മൂലമാണ് അനുശോചനം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതെന്നും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ജറുസലം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണം ആഘോഷമാക്കുകയാണ് കേരളത്തിലെ തീവ്ര ക്രിസ്ത്യന്‍ വിഭാഗമായ കാസ.
കാസയുടെ ഫേസ്ബുക്ക് പേജിലൂടനീളം ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇകഴ്ത്തും വിധത്തിലുള്ള കുറിപ്പുകളും കമന്റുകളുമാണ് കാസ അനുകൂലികള്‍ പങ്ക് വെക്കുന്നത്. പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തെ പലകുറി മാര്‍പാപ്പ എതിര്‍ത്തിരുന്നു. കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും ആക്രമിക്കപ്പെടുന്നവര്‍ക്കും വേണ്ടി പക്ഷപാതിത്വമില്ലാതെ സംസാരിച്ചയാളായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.
ഇക്കാരണം കൊണ്ട് തന്നെയാണ് തീവ്ര ക്രിസ്ത്യന്‍ വിഭാഗമായ കാസ മാര്‍പാപ്പയെ പോലും തള്ളിപ്പറയുന്നതും. ക്രിസ്ത്യാനികള്‍ ഒഴികെ എല്ലാവര്‍ക്കും വേണ്ടി രാപകല്‍ അധ്വാനിച്ച മഹാഅനുഭവന്‍, പിതാവേ പോകൂ നീതിമാനായ ദൈവം അങ്ങയോടെ സ്വസമുദായത്തോട് ചെയ്ത തെറ്റുകള്‍ ക്ഷമിച്ചു സ്വര്‍ഗം നല്‍കട്ടെ'' എന്നൊക്കെയാണ് കാസയുടെ പേജില്‍ വരുന്ന കമന്റുകള്‍.
'ഓശാന ഞായറാഴ്ച കുട്ടികളെയടക്കം 51 നൈജീരിയന്‍ ക്രിസ്ത്യാനികളെ ബൊക്കോ ഹറാം ജിഹാദികള്‍ കൊന്നൊടുക്കിയത് അയാള്‍ക്ക് ബാധകമല്ല. ഹമാസിന് വല്ലോം പറ്റിയാല്‍ അയാള്‍ക്ക് നോവുവൊള്ളൂ' എന്നാണ് മറ്റൊരാളുടെ കമന്റ്. 'മാര്‍ കാക്ക പണ്ടേ മരിച്ചത് ആണു ഈസ്റ്റര്‍ വരെ അഭിനയിച്ചത് പക്കാ ഡ്യുപ് സഭക്ക് ഈസ്റ്റര്‍ ദിനത്തില്‍ ഒരു വിശുദ്ധന്‍ വേണം, നാടകമേ ഉലകം,' എന്നാണ് വേറൊരു കമന്റ്.
അതേസമയം തന്റെ അവസാന ശ്വാസത്തിലും ഗാസയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയാണ് പോപ് ഫ്രാന്‍സിസ് വിട വാങ്ങിയത്. അവസാന ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ ഗാസയിലെ വെടിനിര്‍ത്തലിന് വേണ്ടി അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.












Click it and Unblock the Notifications