കരുണയുടെ നിത്യകുടീരമായി മാര്‍പാപ്പ; സെന്റ് മേരീസ് മേജര്‍ ബസിലിക്കയില്‍ കബറടക്കി
വത്തിക്കാന്‍ സിറ്റി: എക്കാലവും സമാധാനത്തിനും ലോകശാന്തിക്കും വേണ്ടി വാദിച്ച മഹാ ഇടയന് കണ്ണീരോടെ വിട നല്‍കി ലോകം. ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പയുടെ ഭൗതികശരീരം റോമിലെ സെന്റ് മേരീസ് മേജര്‍ ബസിലിക്കയില്‍ കബറടക്കി. മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം കന്യകമറിയാമിന്റെ രൂപത്തിന് അരികിലാണ് കബറിടം ഒരുക്കിയത്. മാതാവുമായി ഹൃദയം കൊണ്ട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്നതിനാല്‍ ഇവിടെ അടക്കണമെന്ന ആഗ്രഹം മരണപത്രത്തില്‍ പാപ്പ പ്രകടിപ്പിച്ചിരുന്നു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലായിരുന്നു പ്രാരംഭഘട്ട ശുശ്രൂഷകള്‍ നടന്നത്. അതിനുശേഷം നാല് കിലോമീറ്റര്‍ അകലെയുള്ള സെന്റ് മേരീസ് മേജര്‍ ബസിലിക്കയിലേക്ക് വിലാപയാത്രയായാണ് ഭൗതികശരീരം എത്തിച്ചത്. കര്‍ദിനാള്‍ സംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ജൊവാന്നി ബാറ്റിസ്റ്റ റേയാണ് അന്ത്യ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചത്. വിലാപയാത്ര കടന്നുപോയ വഴികളുടെ ഇരുവശവും വിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ആയിരക്കണക്കിന് പുരോഹിത വൃന്ദവും ലോകനേതാക്കളും രാജകുടുംബാംഗങ്ങളും ലക്ഷത്തിലേറെ സാധാരണക്കാരായ വിശ്വാസികളും ചടങ്ങിന് നേരിട്ട് സാക്ഷിയായി. ട്രംപ് അടക്കുമുള്ളവര്‍ എത്തിയിരുന്നതിനാല്‍ റോമില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. എന്നിട്ടും നിരവധി വിശ്വാസികളാണ് പാപ്പയെ അവസാനമായി ഒരുനോക്കു കാണാന്‍ വത്തിക്കാനില്‍ എത്തിയത്.
ഏറ്റവും ലളിതമായിട്ടായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍ സംഘടിപ്പിച്ചത്. വിലാപയാത്രയിലും വളരെ കുറച്ച് വാഹനങ്ങളാണ് അകമ്പടിയേകിയത്. കൊളോസിയം അടക്കം ചരിത്ര സ്മാരകങ്ങള്‍ക്ക് മുന്നിലൂടെയാണ് വിലാപ യാത്ര കടന്നുപോയത്.
അശരണരുടെ ഒരു സംഘമാണ് പാപ്പയുടെ മൃതശരീരം സെന്റ് മേരീസ് മേജര്‍ ബസിലിക്കയില്‍ ഏറ്റുവാങ്ങിയത്. പ്രാര്‍ഥനകള്‍ക്ക് ശേഷം പാപ്പയെ ആഡംബരങ്ങളില്ലാത്ത ഒരു തടിപ്പെട്ടിയില്‍ കബറടക്കി. ഒരു സാധാരണ മരത്തിന്റെ തടിയില്‍ നിര്‍മിച്ച പെട്ടിയില്‍ അടക്കണമെന്ന് പാപ്പ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
സംസ്‌കാരച്ചടങ്ങില്‍ സംസാരിച്ച കര്‍ദിനാള്‍ ജൊവാന്നി ബാറ്റിസ്റ്റ മാര്‍പാപ്പാ സ്വീകരിച്ച സമാധാന നിലപാടാണ് ചൂണ്ടിക്കാട്ടിയത്. അഭയാര്‍ത്ഥികളോടും പ്രകൃതിയോടും പ്രകടിച്ച കരുതലും വധഭീഷണികളെ ഭയക്കാതെ ഇറാഖ് സന്ദര്‍ശിച്ചതും സഭയില്‍ നടപ്പാക്കിയ പരിഷ്‌കരണങ്ങളുമൊക്കെ പ്രസംഗത്തില്‍ സൂചിപ്പിപ്പു.
കത്തോലിക്കാ സഭയിലെ 23 വ്യക്തിഗത സഭകളുടെ തലവന്മാരാണ് പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കിയത്. കേരളത്തെ പ്രതിനിധീകരിച്ച് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, സിറോ മലങ്കര സഭയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്, വിരമിച്ച മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി, ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു തുടങ്ങി നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള ലോക നേതാക്കളും രണ്ട് ലക്ഷത്തിലധികം വിശ്വാസികളും വത്തിക്കാനിലെത്തി സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തു.
പൊതുജനങ്ങള്‍ക്ക് സംസ്‌കാരച്ചടങ്ങുകളിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഞായറാഴ്ച രാവിലെ മുതല്‍ വിശ്വാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി ഇവിടം തുറന്നുകൊടുക്കും.












Click it and Unblock the Notifications