ഇനി ജനഹൃദയങ്ങളില്‍; മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങുകള്‍ പുരോഗമിക്കുന്നു
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങുകള്‍ വത്തിക്കാനില്‍ ആരംഭിച്ചു. സെന്റ് പീറ്റേഴ്‌സ് ചതുരത്വത്തില്‍ ദിവ്യബലി ശുശ്രൂഷകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. സെന്റ് പീറ്റേഴ്‌സ് ചതുരത്വത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം ഭൗതികശരീരം വിലാപയാത്രയായി റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്കു കൊണ്ടുപോകും. ഇവിടെയാണ് മാര്‍പാപ്പയ്ക്കായി മൃതകുടീരം ഒരുക്കിയിട്ടുള്ളത്. മുന്‍ മാര്‍പാപ്പമാര്‍ പിന്തുടര്‍ന്നു വന്നിരുന്ന പരമ്പരാഗത രീതികളില്‍ നിന്ന് മാറ്റം വരുത്തിയാണ് സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പയെ അടക്കം ചെയ്യുന്നത്.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ശുശ്രൂഷാ ചടങ്ങുകള്‍ ആരംഭിച്ചത്. കര്‍ദിനാള്‍ സംഘത്തിന്റെ തലവന്‍ ജൊവാന്നി ബാറ്റിസ്റ്റയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ പുരോഗമിക്കുന്നത്. രാഷ്ട്രത്തലവന്മാര്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ള ജനസാഗരത്തെ സാക്ഷിയാക്കിയാണ് ചടങ്ങുകള്‍ നടക്കുന്നത്.

ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി, രാജകുടുംബാംഗങ്ങള്‍ തുടങ്ങി 100 ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കുന്നുണ്ട്. ഇതുകൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ വിശ്വാസി സമൂഹവും സെന്റ് പീറ്റേഴ്‌സ് ചതുരത്വത്തില്‍ തടിച്ചുകൂടിയിട്ടുണ്ട്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പൊതുദര്‍ശനത്തിലും ആയിരക്കണക്കിന് ആളുകള്‍ മാര്‍പാപ്പയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
മരണാനന്തര നടപടികളുടെയും ശുശ്രൂഷകളുടെയും ക്രമം കഴിഞ്ഞ നവംബറില്‍ മാര്‍പാപ്പ തന്നെ മുന്‍കൈയെടുത്ത് പരിഷ്‌കരിച്ചിരുന്നു. ആഡംബരങ്ങള്‍ ഒഴിവാക്കി സാധാരണ മരത്തില്‍ നിന്നു നിര്‍മിക്കുന്ന തടിപ്പെട്ടിയില്‍ തന്നെ അടക്കം ചെയ്യണമെന്ന് മാര്‍പാപ്പ നേരത്തെ നിഷ്‌കര്‍ഷിച്ചിട്ടുണ്ടായിരുന്നു.
170 ലോക രാജ്യങ്ങളുടെ നേതാക്കളാണ് ചടങ്ങിന് സാക്ഷ്യം വഹിക്കുന്നത്. മൊത്തം രണ്ടു ലക്ഷത്തോളം പേരാണ് സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നത്. പത്രോസിന്റെ ചത്വരത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം വിലാപയാത്രയായിട്ടാണ് നാലു കിലോമീറ്റര്‍ അകലെയുള്ള റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്കു കൊണ്ടുപോയത്. വഴിനീളെ ജനങ്ങള്‍ പൂക്കളുമായി ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കാത്തുനിന്നിരുന്നു. കൊളോസിയം അടക്കം ചരിത്ര സ്മാരകങ്ങള്‍ക്ക് മുന്നിലൂടെയാണ് വിലാപ യാത്ര കടന്നുപോയത്.
ട്രംപ് അടക്കമുള്ള ലോകനേതാക്കള്‍ സംഗമിക്കുന്നതിനാല്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് റോമിലുടനീളം ഏര്‍പ്പെടുത്തിയിട്ടുള്ളത്. സംസ്‌കാര ശുശ്രൂഷ തത്സമയം കാണാനായി വത്തിക്കാന്റെയും റോമിന്റെയും വിവിധ ഭാഗങ്ങളില്‍ വലിയ സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഏപ്രില്‍ 21-നാണ് ലോകത്തെയാകെ ദുഖത്തിലാഴ്ത്തി ഫ്രാന്‍സിസ് പാപ്പ കാലം ചെയ്തത്.
സംസ്‌കരച്ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതോടെ അടുത്ത മാര്‍പാപ്പയ്ക്കായുള്ള തിരഞ്ഞെടുപ്പിനാണ് ഇനി ലോകം ഉറ്റുനോക്കുന്നത്. പുരോഗമന ആശയങ്ങളെ മുറുകെപ്പിടിച്ച ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയുടെ നിലപാടുകളും ലോകചരിത്രത്തില്‍ അടയാളപ്പെടുത്തും.












Click it and Unblock the Notifications