പുഞ്ചിരിയോടെ വിശ്വാസികളുടെ മുന്നിലേക്ക്; ഫ്രാന്‍സിസ് പാപ്പ ആശുപത്രി വിട്ട് വത്തിക്കാനിലേക്കു മടങ്ങി
വത്തിക്കാന്‍ സിറ്റി: അഞ്ച് ആഴ്ച നീണ്ട ആശുപത്രി വാസത്തിന് ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്ത് ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പ. റോമിലെ ജെമെല്ലി ആശുപത്രിയുടെ ജനാലയ്ക്കരികിലെത്തിയാണ് പുറത്ത് കാത്തുനിന്ന വിശ്വാസികളെ പാപ്പ കണ്ടത്. ഫെബ്രുവരി ഒമ്പതിന് ശേഷം ഇതാദ്യമായാണ് മാര്‍പാപ്പ വിശ്വാസികള്‍ക്ക് മുന്നിലെത്തുന്നത്. വീല്‍ചെയറില്‍ പുഞ്ചിരിച്ചുകൊണ്ട് ജനാലയ്ക്കരികിലെത്തിയ പാപ്പ തന്നെ കാത്തു നിന്ന വിശ്വാസികളോട് അപ്രതീക്ഷിതമായി സംസാരിക്കുകയും ചെയ്തു.
'ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി' - സഹായി നല്‍കിയ മൈക്കില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. തുടര്‍ന്ന് വിശ്വാസികള്‍ക്ക് നേരെ കൈവീശി കാണിച്ച ശേഷമാണ് മുറിയിലേക്ക് മടങ്ങിയത്. നിറഞ്ഞ കൈയടികളോടെയാണ് പാപ്പയെ വിശ്വാസികള്‍ സ്വീകരിച്ചത്. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളാണ് ആശുപത്രിക്കു ചുറ്റും തടിച്ചുകൂടിയത്.

തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി വത്തിക്കാനിലെ ഔദ്യോഗിക വസതിയായ സാന്താ മാര്‍ത്തയിലേക്ക് പാപ്പ പോയി. ഇനിയുള്ള രണ്ട് മാസം പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സംസാരിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ശബ്ദം സാധാരണ നിലയിലാകാനുള്ള ചികിത്സകള്‍ തുടരും. ഓക്സിജന്‍ തെറപ്പിയും തുടരുന്നുണ്ട്. കടുത്ത ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ഫെബ്രുവരി 14 നാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി വിട്ടാലും വത്തിക്കാനിലെ വസതിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും മാര്‍പാപ്പ. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടാകും.
37 ദിവസത്തിന് ശേഷമാണ് പാപ്പ വിശ്വാസികള്‍ക്ക് മുന്നില്‍ എത്തിയത്. കഴിഞ്ഞ അഞ്ച് ആഴ്ചയായി വത്തിക്കാനില്‍ പാപ്പയ്ക്ക് വിശ്വാസികളെ നേരിട്ടു കാണാന്‍ സാധിച്ചിട്ടില്ല. വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന പ്രാര്‍ത്ഥനകളിലും പങ്കെടുത്തിട്ടില്ല. വരാനിരിക്കുന്ന വിശുദ്ധവാര ചടങ്ങുകളില്‍ ഉള്‍പ്പെടെ മാര്‍പാപ്പ പങ്കെടുക്കുമോ എന്നത് വത്തിക്കാന്‍ പ്രസ് ഓഫീസ് വ്യക്തമാക്കിയിട്ടില്ല.
ആശുപത്രിവിടും മുന്‍പ് പാലസ്തീന്‍ ജനതയ്ക്കു വേണ്ടി മാര്‍പാപ്പ പ്രാര്‍ത്ഥന നടത്തിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണം അവസാനിപ്പിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.
ഗാസ മുനമ്പില്‍ ഇസ്രായേല്‍ ബോംബാക്രമണം പുനരാരംഭിച്ചതില്‍ താന്‍ ദുഃഖിതനാണെന്നും അടിയന്തരമായി ആയുധങ്ങള്‍ താഴെവച്ച് സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു. ഗാസ മുനമ്പില്‍ മാനുഷിക സാഹചര്യം വളരെ ഗുരുതരമായതിനാല്‍ രാജ്യാന്തര സമൂഹത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications