റോമിലെ ആശുപത്രി ജനാലയിലൂടെ മാര്‍പാപ്പ നാളെ വിശ്വാസികളെ ആശീര്‍വദിക്കും; ആശങ്കയൊഴിയുന്നു
വത്തിക്കാന്‍ സിറ്റി: ഇരു ശ്വാസകോശങ്ങള്‍ക്കും കടുത്ത അണുബാധ ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ആഗോള കത്തോലിക്ക സഭാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ വിശ്വാസികളെ അഭിസംബോധന ചെയ്യും. സാധാരണ ജീവിതത്തിലേക്കു മാര്‍പാപ്പ മടങ്ങി വരുന്ന വാര്‍ത്തകള്‍ ഏറെ ആശ്വാസത്തോടെയാണ് വിശ്വാസികള്‍ സ്വീകരിക്കുന്നത്. അസുഖ ബാധിതനായതിനാല്‍ കഴിഞ്ഞ അഞ്ച് ഞായറാഴ്ചകളില്‍ മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നില്ല.
മാര്‍പാപ്പ ചികിത്സയില്‍ കഴിയുന്ന റോമിലെ ജെമെല്ലി ആശുപത്രിയില്‍ നിന്നായിരിക്കും വിശ്വാസികളെ കാണുകയെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12 കഴിയുമ്പോള്‍ ആശുപത്രി മുറിയുടെ ജനാല വഴി വിശ്വാസികള്‍ക്ക് ആശീര്‍വാദം നല്‍കും. അതേസമയം, പാപ്പയ്ക്ക് എന്ന് ആശുപത്രി വിടാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ ഇതുവരെ സൂചന നല്‍കിയിട്ടില്ല. ചികിത്സയും ഫിസിയോതെറാപ്പിയും പ്രാര്‍ത്ഥനയും ചെറിയ ജോലികളും ഉള്‍പ്പെട്ടതാണ് മാര്‍പാപ്പായുടെ ആശുപത്രിയിലെ ഒരു ദിവസത്തെ ദിനചര്യ.

ഒരു മാസത്തിലേറെയായി വലിയ ആശങ്കകളിലൂടെയാണ് കത്തോലിക്ക വിശ്വാസി സമൂഹം കടന്നുപോയത്. ശ്വാസനാള വീക്കത്തെത്തുടര്‍ന്ന് ഫെബ്രുവരി 14 നാണ് 88 കാരനായ മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നുള്ള പരിശോധകളിലാണ് രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ സ്ഥിരീകരിച്ചത്. മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വത്തിക്കാന്‍ അറിയിച്ചിരുന്നു.
രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പാപ്പയ്ക്ക് ആന്റിബയോട്ടിക് ചികിത്സയാണ് നല്‍കുന്നത്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് ഫ്രാന്‍സിസ് പാപ്പ സന്ദേശത്തിലൂടെ നന്ദി അറിയിച്ചിരുന്നു. നിരവധി വിശ്വാസികളാണ് പൂക്കളും ആശംസാ കാര്‍ഡുകളുമായി ജെമെല്ലി ആശുപത്രിയില്‍ പാപ്പയെ കാണാന്‍ എത്തിക്കൊണ്ടിരുന്നത്. എന്നാല്‍ പാപ്പയെ നേരിട്ടു കാണുന്നതില്‍ സന്ദര്‍ശകര്‍ക്കു വിലക്കുണ്ട്. ആശുപത്രിയിലെ പ്രാര്‍ത്ഥനാ മുറിയില്‍ ബലിപീഠത്തിനരികില്‍ ഇരിക്കുന്ന പാപ്പയുടെ ചിത്രം കഴിഞ്ഞ ദിവസം വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു.
പാപ്പായുടെ രോഗമുക്തിക്കായുള്ള പ്രാര്‍ത്ഥനകള്‍ വത്തിക്കാനിലും ലോകത്തിന്റെ എല്ലാ കത്തോലിക്ക ദേവാലയങ്ങളിലും നടത്തുന്നുണ്ട്. വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ എല്ലാ ദിവസവും രാത്രി പ്രത്യേക ജപമാല പ്രാര്‍ത്ഥനകളും ചൊല്ലുന്നുണ്ട്.
ചെറുപ്പം മുതല്‍ മാര്‍പാപ്പ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇതേതുടര്‍ന്ന് ശ്വാസകോശം ഭാഗികമായി നീക്കം ചെയ്തിരുന്നു. ഇതു കാരണം ശ്വാസകോശത്തിന് അണുബാധ ബാധിക്കാന്‍ എപ്പോഴും ഉയര്‍ന്ന സാധ്യതയുണ്ട്. സമീപകാലത്തായി കാല്‍മുട്ട് പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ വീല്‍ചെയറിന്റെ സഹായത്തോടെയാണ് മാര്‍പാപ്പ സഞ്ചരിച്ചിരുന്നത്.
ഏപ്രില്‍ എട്ടിന് ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പാപ്പ പദ്ധതിയിട്ടിരുന്നു. അതിനു മുന്‍പ് ചികിത്സ പൂര്‍ത്തിയാക്കി വത്തിക്കാനിലേക്ക് മടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചികിത്സ തുടരുന്നതിനാല്‍ വിവിധ രാജ്യങ്ങളിലേക്കുള്ള പാപ്പയുടെ അപ്പോസ്‌തോലിക യാത്രകളും അനിശ്ചിതമായി നീട്ടിവച്ചിരിക്കുകയാണ്. 2013 ലാണ് കത്തോലിക്ക സഭയുടെ ആഗോള പരമാധ്യക്ഷനായി ഫ്രാന്‍സിസ് പാപ്പ നിയമിതനായത്.












Click it and Unblock the Notifications