ഐക്യത്തിനായി ആഹ്വാനം; ആഗോള കത്തോലിക്കാ സഭയുടെ 267 മത് മാര്‍പാപ്പയായി ലിയോ പതിനാലാമന്‍ സ്ഥാനമേറ്റു
വത്തിക്കാന്‍ സിറ്റി: സമാധാനത്തിനും ഐക്യത്തിനുമായി ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി സ്ഥാനമേറ്റു. കാലം ചെയ്ത ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയായാണ് ലിയോ പതിനാലാമന്‍ ചുമതലയേറ്റത്. വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന സുദീര്‍ഘമായ ചടങ്ങിലായിരുന്നു സ്ഥാനാരോഹണം. ലോക നേതാക്കള്‍ ഉള്‍പ്പെടെ രണ്ട് ലക്ഷത്തോളം ആളുകള്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു.
ആഗോള കത്തോലിക്കാ സഭയുടെ 267 മത് മാര്‍പാപ്പയായാണ് ലിയോ പതിനാലാമന്‍ സ്ഥാനമേറ്റത്. അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയാണ് ലിയോ പതിനാലാമന്‍. അതിനാല്‍ ആയിരക്കണക്കിന് വിശ്വാസികളാണ് അമേരിക്കയില്‍ നിന്നും എത്തിയത്. അമേരിക്കന്‍ ഭരണകൂടത്തെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പങ്കെടുത്തു. രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘവും വത്തിക്കാനിലെത്തിയിരുന്നു.

വത്തിക്കാനില്‍ പ്രാദേശിക സമയം രാവിലെ പത്തിന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30) ദിവ്യബലിയോടെയാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ ആരംഭിച്ചത്. ദിവ്യബലി മധ്യേ പാലിയം എന്നറിയപ്പെടുന്ന വലിയ ഇടയന്റെ വസ്ത്രവും സ്ഥാന മോതിരവും പുതിയ മാര്‍പാപ്പ ഏറ്റുവാങ്ങി. തുടര്‍ന്ന് വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായി സഭയുടെ നേതൃത്വം ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഏറ്റെടുത്തു.
വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള മെത്രാന്‍, വൈദികന്‍, ഡീക്കന്‍ തുടങ്ങി വ്യത്യസ്ത പദവികളെ പ്രതിനിധീകരിച്ച് മൂന്ന് കര്‍ദിനാള്‍മാരാണ് ഈ ചടങ്ങ് നിര്‍വഹിച്ചത്. തന്റെ മിടുക്ക് കൊണ്ടല്ല മാര്‍പാപ്പയായതെന്ന് സ്ഥാനാരോഹണ ചടങ്ങിനിടെ പുതിയ പാപ്പ പറഞ്ഞു. ദൈവസ്‌നേഹത്തിന്റെ വഴിയില്‍ നിങ്ങള്‍ക്കൊപ്പം നടക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സ്‌നേഹവും ഐക്യവും പ്രധാനമാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
സ്ഥാനാരോഹണ ചടങ്ങുകള്‍ക്കു മുമ്പായി മാര്‍പാപ്പ സെന്റ് പീറ്റേഴ്സ് ചത്വരത്തിലൂടെ തന്റെ യാത്രാ വാഹനമായ പോപ് മൊബീലില്‍ സഞ്ചരിച്ചു. എല്ലാവരെയും കൈവീശി ആശീര്‍വദിച്ചശേഷം സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലേക്ക് പാപ്പാ എത്തിയപ്പോഴേക്കും സ്ഥാനാരോഹണ ചടങ്ങുകളുടെ ആരംഭം അറിയിച്ച് മണികള്‍ മുഴങ്ങി.
കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗമുണ്ടായത്. അതിനു ശേഷം കര്‍ദിനാള്‍മാര്‍ പങ്കെടുത്ത കോണ്‍ക്ലേവിലാണ് ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്തത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തോട് ചേര്‍ന്നുള്ള വത്തിക്കാന്‍ കൊട്ടാരത്തിലാകും മാര്‍പാപ്പ താമസിക്കുക.
തന്റെ മുന്‍ഗാമിയായ ഫ്രാന്‍സിസ് പാപ്പയുടെ പാത പിന്തുടരുമെന്ന സൂചനയാണ് പുതിയ മാര്‍പാപ്പ നല്‍കുന്നത്. ഭൂമിയുടെ വിഭവങ്ങള്‍ ചൂഷണം ചെയ്ത് ദരിദ്രരെ അവഗണിക്കുന്ന കുത്തക വ്യവസ്ഥയ്ക്കെതിരെയുള്ള ശക്തമായ നിലപാട് പുതിയ പാപ്പയും പങ്കുവെച്ചു.












Click it and Unblock the Notifications