പോണ്‍ താരത്തിന് പണം നല്‍കിയെന്ന കേസ്; ഡൊണാൾഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി , അറസ്റ്റിന് സാധ്യത
വാഷിംഗ്ടൺ; യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ അശ്ലീലചിത്ര നടിക്ക് പണം നല്‍കിയ കേസിൽ ട്രംപിനെതിരെ ന്യൂയോർക്ക് ഗ്രാൻഡ് കോടതി കുറ്റം ചുമത്തി. ഇതോടെ ക്രിമിനൽ കുറ്റം ചാർത്തപ്പെടുന്ന ആദ്യ യുഎസ് പ്രസിഡന്റായിരിക്കുകയാണ് ട്രംപ്. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ട്രംപിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
ട്രംപ‌് പോൺ താരമായ സ്റ്റോമി ഡാനിയലുമായി ബന്ധം പുലർത്തിയിരുന്നതായും 2016ലെ തെരഞ്ഞെടുപ്പ് സമയത്ത് ഇവർ ഇക്കാര്യം പുറത്ത് പറയാതിരിക്കാനായി പ്രചാരണ ഫണ്ടില്‍ നിന്ന് 130,000 ഡോളര്‍ നല്‍കി എന്നുമാണ് കേസ്.ട്രംപിനെതിരെ ലൈംഗീകാരോപണമുന്നയിച്ച് സ്‌റ്റോമി ഡാനിയല്‍സ് നേരത്തേ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിനു മുന്‍പ് ഇത് ഒത്തുതീര്‍ക്കാന്‍ വേണ്ടിയാണ് പണം കൈമാറിയതെന്നായിരുന്നു കേസ്.

ഇക്കാര്യത്തിൽ പണം നൽകിയിരുന്നുവെന്ന് പിന്നീട് ട്രംപ് സമ്മതിച്ചിരുന്നുവെങ്കിലും പ്രചരണ ഫണ്ടിൽ നിന്നല്ലെന്നാണ് ട്രംപ് വിശദീകരിച്ചത്. അതേസമയം കുറ്റം ചുമത്തിയതോടെ ട്രംപിനോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് കൊണ്ട് ട്രംപിന്റെ അഭിഭാഷകരുമായി ബന്ധപ്പെട്ടതായി മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗിന്റെ ഓഫീസ് സ്ഥിരീകരിച്ചു. അടുത്താഴ്ചയോടെ ട്രംപിനോട് കീഴടങ്ങാൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം.
നിലവിൽ ട്രംപിനെതിര ചുമത്തിയ കുറ്റങ്ങൾ എന്താണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കേസിനെ നിയമപരമായി നേരിടുമെന്ന് ട്രംപിന്റെ അഭിഭാഷകർ പ്രതികരിച്ചു. അതേസമയം കോടതി വിധിക്കെതിരെ ട്രംപ് രംഗത്തെത്തി. കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തന്റെ സാധ്യതകൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ട്രംപ് ആരോപിച്ചു.
ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള പ്രതികാര നടപടിയാണ് കേസ് എന്ന് റിപബ്ലിക്കൻ നേതാക്കളും പ്രതികരിച്ചു.പാർട്ടിയിലെ ട്രംപിന്റെ പ്രധാന എതിരാളിയായ ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് 'അൺ അമേരിക്കൻ' എന്നായിരുന്നു വിധിയെ വിശേഷിപ്പിച്ചത്. അതേസമയം വിധി 2024 ല് ലക്ഷ്യം വെച്ചുള്ള ട്രംപിന്റെ നീക്കത്തിന് തിരിച്ചടിയായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
കുറ്റക്കാരനായ വ്യക്തിക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രചരണം നയിക്കാൻ പാടില്ലെന്നോ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പാടില്ലെന്നോ യുഎസ് നിയമത്തിൽ പറയുന്നില്ല. ഒരു സ്ഥാനാർത്ഥിക്ക് ജയിലിൽ കിടന്ന് പോലും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കും. എന്നിരുന്നാലും ട്രംപിനെതിര പാർട്ടിക്കുള്ളിൽ തന്നെ നീക്കം നടക്കുന്ന പശ്ചാത്തലത്തിൽ മുന്നോട്ടുള്ള ദിനങ്ങൾ എളുപ്പമായേക്കില്ല.












Click it and Unblock the Notifications