തെറ്റായ നയങ്ങളാണ് സാമ്പത്തിക പ്രതിസന്ധികളിലേക്ക് നയിച്ചതെന്ന് സമ്മതിച്ച് ശ്രീലങ്കൻ പ്രസിഡന്റ്
കൊളംബോ; തന്റെ തെറ്റായ നയങ്ങളാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധികളിലേക്ക് നയിച്ചതെന്ന് സമ്മതിച്ച് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ. തനിക്ക് പറ്റിയ തെറ്റുകൾ അം ഗികരിക്കുന്നുവെന്നും അത് തിരുത്താൻ താൻ ആത്മാർത്ഥമായി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച നിയമിച്ച 17 പുതിയ കാബിനറ്റ് മന്ത്രിമാരോട് സംസാരിക്കവെയാണ് രാജപക്‌സെ ഇക്കാര്യം സമ്മതിച്ചത്.
നിലവിൽ ശ്രീലങ്ക പാപ്പരത്വത്തിന്റെ വക്കിലാണ്. രാജ്യത്തിന് ആകെയുള്ള കടം ഏകദേശം 25 ബില്യൺ യുഎസ് ഡോളറോളം ആണ്. ഈ വർഷം തന്നെ ഏകദേശം 7 ബില്യൺ യുഎസ് ഡോളർ തിരിച്ചടക്കണം എന്നതാണ് ശ്രീലങ്ക നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വിദേശ നാണ്യത്തിന്റെ കടുത്തക്ഷാമവും ഇവിടെയുണ്ട്. നിലവിൽ ഇറക്കുമതി ചെയ്ത സാധനങ്ങൾ വാങ്ങാൻ പോലും രാജ്യത്തിന് പണമില്ല. ഭക്ഷണം, പാചകവാതകം, ഇന്ധനം, മരുന്ന് എന്നിവക്കെല്ലാം രാജ്യത്ത് കടുത്ത ക്ഷാമമാണ്. ആവശ്യ സാധനങ്ങൾ വാങ്ങാൻ തന്നെ മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്തയാണ് ഇവിടെ.

"രാജ്യത്തിന്റെ പ്രധാന വരുമാന മാർ ഗമായ ടൂറിസം കോവിഡ് പ്രതിസന്ധിയിൽ നിലച്ചുപോയത് രാജ്യത്തിന്റെ ബാധ്യത വർധിപ്പിച്ചു. സംഭവിച്ച തെറ്റുകൾ തിരുത്തി മുന്നോട്ട് പോകണം. നമുക്ക് ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്." രാജപക്‌സെ പറഞ്ഞു. "വരാനിരിക്കുന്ന കടക്കെണിയെ അഭിമുഖീകരിക്കുന്നതിനുള്ള സഹായത്തിനായി നേരത്തെ തന്നെ അന്താരാഷ്ട്ര നാണയ നിധിയെ സമീപിക്കേണ്ടതായിരുന്നു. ശ്രീലങ്കൻ കൃഷി പൂർണ്ണമായും ജൈവികമാക്കാനുള്ള ശ്രമത്തിൽ രാസവളം നിരോധിക്കരുതായിരുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു. ഇറക്കുമതി ചെയ്യുന്ന വളം നിരോധിച്ചത് രാജ്യത്തെ കുറയുന്ന വിദേശനാണ്യ നിക്ഷേപം സംരക്ഷിക്കാനായിരുന്നെന്നും ഇത് കർഷകരെ മോശമായി ബാധിച്ചു എന്നും വിമർശകർ നേരത്തെ പറഞ്ഞിരുന്നു.
ലങ്കയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി വലിയ തുക രാജ്യം വായ്പയെടുത്തിരുന്നു. എന്നാൽ ഇത് തിരിച്ചടക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. ഇതിനെതിരെയും വിമർശകർ രം ഗത്ത് വന്നിട്ടുണ്ട്. രാജപക്‌സെയ്‌ക്കും അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയ്‌ക്കുമെതിരെ വളരെയധികം ജനരോഷം ആണ് ഉയർന്നിട്ടുള്ളത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇവരാണ് ഇവിടെ അധികാരം കൈയാളുന്നത്. കഴിഞ്ഞ കുറച്ചു ആഴ്ചകളായി കലാപ സമാനമായ അന്തരീക്ഷത്തിലൂടെയാണ് ശ്രീലങ്ക കടന്നു പോകുന്നത്. പ്രസിഡന്റും പ്രധാനമന്ത്രിയും ഒഴികെ ബാക്കിയുള്ളവർക്കെല്ലാം രാജിവെച്ച് ഒഴിയേണ്ടി വന്നിരുന്നു.
രാജ്യത്തുടനീളം പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും പ്രകടനക്കാർ ചില കാബിനറ്റ് മന്ത്രിമാരുടെ വീടുകൾ ആക്രമിക്കുകയും ചെയ്തതിനെത്തുടർന്ന് ഏപ്രിൽ 3 ന് മിക്ക ക്യാബിനറ്റുകളും രാജിവച്ചു. പിന്നീട് സർക്കാരിനെ നിലനിർത്താനായി പ്രതിപക്ഷത്തെ ഒപ്പം ചേർത്ത് ഐക്യ സർക്കാർ ഉണ്ടാക്കാം എന്ന പ്രതീക്ഷയും തകിടം മറിഞ്ഞു. പ്രസിഡന്റ് രാജപക്‌സെയുടെ വാഗ്ദാനം പ്രതിപക്ഷ പാർട്ടികൾ നിരസിക്കുകയായിരുന്നു. അതേസമയം പാർലമെന്റിൽ ഭൂരിപക്ഷം നേടുന്നതിൽ പ്രതിപക്ഷ പാർട്ടികളും പരാജയപ്പെട്ടു.












Click it and Unblock the Notifications