ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് ഞങ്ങള്‍: 'വ്യാപാരം' ആയുധമാക്കിയെന്ന് ആവർത്തിച്ച് ട്രംപ്
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിൽ തന്റെ ഭരണകൂടം നിർണായക പങ്ക് വഹിച്ചുവെന്ന് ആവർത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'പരസ്പരം വെടിവയ്ക്കുന്നവരുമായി വ്യാപാരം നടത്താനാകില്ല' എന്ന ഇരു രാജ്യങ്ങളോടും നിർദേശം നല്‍കിയിരുന്നതായും ട്രംപ് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയുണ്ടായ ഇന്ത്യ-പാക് സംഘർഷം വെടിനിർത്തലിലേക്ക് എത്തിക്കുന്നതില്‍ അമേരിക്കയുടെ ഭാഗത്ത് നിന്നും ഇത്തരം ഒരു നിലപാട് ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
വെള്ളിയാഴ്ച ഓവൽ ഓഫീസിൽ ടെസ്‌ല സിഇഒ ഇലോൺ മസ്‌കിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇന്ത്യ-പാക് വെടിനിർത്തലിനെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കിയത്. 'ഞങ്ങൾ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചു. അത് ഒരു ആണവ ദുരന്തമായി മാറിയേനെ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇന്ത്യയുടെയും പാകിസ്ഥാന്റെയും നേതാക്കൾ മികച്ചവരാണ്, അവർ ഞങ്ങളുടെ നിർദ്ദേശം മനസ്സിലാക്കി, അംഗീകരിച്ചു, എല്ലാം നിന്നു' ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

'ഞങ്ങൾ വ്യാപാരത്തെക്കുറിച്ച് സംസാരിച്ചു, പരസ്പരം വെടിവയ്ക്കുന്നവരുമായോ ആണവായുധങ്ങൾ ഉപയോഗിക്കാൻ സാധ്യതയുള്ളവരുമായോ വ്യാപാരം നടത്താനാകില്ല എന്ന് ഞങ്ങൾ പറഞ്ഞു' എന്നും വാർത്താ സമ്മേളനത്തില്‍ ട്രംപ് കൂട്ടിച്ചേർത്തു.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നാല് ദിവസത്തെ തീവ്രമായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ശേഷം വെടിനിർത്തലിന് ധാരണയിലെത്തിയിരുന്നു. ഇരു രാജ്യങ്ങളും വെടിനിർത്തലിന് ധാരണയില്‍ എത്തിയെന്ന് ആദ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചതും ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു. മെയ് 10-ന്, യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന നീണ്ട രാത്രിയിലെ ചർച്ചകൾക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും "പൂർണവും തൽക്ഷണവുമായ" വെടിനിർത്തലിന് ധാരണയിലെത്തി. ഈ വെടിനിർത്തൽ "ചരിത്രപരം" എന്നുമായിരുന്നു ട്രംപ് അന്ന് വിശേഷിപ്പിച്ചത്.
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടതിനെ തുടർന്ന്, ഇന്ത്യ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരാക്രമണ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് "ഓപ്പറേഷൻ സിന്ദൂർ" ആരംഭിച്ചു. ഇതിനെതിരെ പാകിസ്ഥാൻ പ്രതികരിക്കുകയും, ഇരു രാജ്യങ്ങളും തമ്മിൽ തീവ്രമായ സംഘർഷം ഉടലെടുക്കുകയും ചെയ്തു. ഈ സംഘർഷം ആണവയുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക ലോകമെമ്പാടും ഉയർന്നിരുന്നു.
തുടർന്ന് പ്രശ്നപരിഹാരത്തിനായി സൗദി അറേബ്യയും അമേരിക്കയും ഇടപെട്ടതായുള്ള വാർത്തകള്‍ ഉണ്ടായിരുന്നെങ്കിലും വെടിനിർത്തല്‍ നിർദേശവുമായി പാകിസ്ഥാന്‍ ഇങ്ങോട്ട് ബന്ധപ്പെടുകയായിരുന്നുവെന്നാണ് ഇന്ത്യ ഔദ്യോഗികമായി വ്യക്തമാക്കിയത്. അമേരിക്ക ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടെങ്കിലും വ്യാപാരം ഒരു തരത്തിലും ചർച്ചാ വിഷയമായിരുന്നില്ലെന്നും ഇന്ത്യ പറഞ്ഞു.
'ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ കരാർ അമേരിക്കൻ മധ്യസ്ഥതയോ വ്യാപാര ഇടപാടുകളോ മൂലമല്ല, മറിച്ച് ഇരു രാജ്യങ്ങളുടെയും സൈനിക ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (DGMO) തലത്തിലുള്ള നേരിട്ടുള്ള ചർച്ചകളിലൂടെയാണ് ഉണ്ടായത്. വ്യാപാരം ഒരു വിഷയമായി ഒരിക്കലും ചർച്ച ചെയ്യപ്പെട്ടിട്ടില്ല' എന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ നേരത്തെ വ്യക്തമാക്കിയത്.
മെയ് 10-ന് ഉച്ചയ്ക്ക് 3:35-ന് നടന്ന ഇന്ത്യ-പാകിസ്ഥാൻ ഡി ജി എം ഓകൾ തമ്മിലുള്ള ഫോൺ സംഭാഷണത്തിലാണ് വെടിനിർത്തലിന്റെ തീയതിയും സമയവും തീരുമാനിച്ചത്. അന്ന് രാവിലെ ഇന്ത്യ പാകിസ്ഥാൻ എയർഫോഴ്സ് ബേസുകളിൽ ഫലപ്രദമായ ആക്രമണം നടത്തിയ ശേഷമാണ് ഈ ചർച്ചകൾ നടന്നത്. വ്യാപാര വിഷയം ചർച്ചയിൽ ഒരിക്കലും ഉൾപ്പെട്ടില്ലെന്ന് രൺധീർ ജയ്സ്വാൾ പറഞ്ഞു.
പഹൽഗാമിൽ ഭീകരാക്രമണത്തിന് ഇരയായത് ഇന്ത്യൻ വിനോദസഞ്ചാരികളാണെന്നും, തീവ്രവാദത്തിന്റെ ഉറവിടം അതിർത്തിക്കപ്പുറത്തുള്ള പാകിസ്ഥാനാണെന്നും ലോകത്തിന് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. നിരവധി വിദേശ നേതാക്കൾ ഇന്ത്യയുടെ സ്വയം പ്രതിരോധവും ജനങ്ങളെ സംരക്ഷിക്കാനുള്ള അവകാശവും പിന്തുണച്ചതായും വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തിരുന്നു.












Click it and Unblock the Notifications