ഷീ ജിൻപിങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; അതിർത്തി പ്രശ്നത്തിൽ നിലപാട് വ്യക്തമാക്കി
ജൊഹന്നാസ്ബെർഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബ്രിക്സ് ഉച്ചകോടിയ്ക്കിടെ ഇരുവരും ഹസ്തദാനം ചെയ്ത് അഭിവാദ്യം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുനേതാക്കളും ഹ്രസ്വ കൂടിക്കാഴ്ച നടത്തിയതായി മന്ത്രാലയം അറിയിച്ചത്.
നേരത്തേ ബ്രിക്സ് ഉച്ചക്കോടിയ്ക്കിടെ മോദിയും ഷീ ജിൻപിങും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും വിദേശകാര്യ മന്ത്രാലയം കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇതിനിടയിൽ കഴിഞ്ഞ ദിവസം പ്ലീനറി സെഷന്റെ ഭാഗമായുള്ള ഫോട്ടോയ്ക്കു രണ്ടുപേരും അടുത്തായിരുന്നില്ല. ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ അതിർത്തി പ്രശ്നങ്ങളിൽ നേതാക്കൾ ചർച്ച നടത്താൻ സാധ്യത ഇല്ലെന്ന നിലയ്ക്കുള്ള വാർത്തകളും ഉണ്ടായിരുന്നു.

അതേസമയം കൂടുക്കാഴ്ചയിൽ അതിർത്തി വിഷയത്തിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയതായി മന്ത്രാലയം അറിയിച്ചു. ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാക്കുന്നതിന് അതിർത്തി പ്രദേശങ്ങളിൽ സമാധാനം നിലനിർത്തേണ്ടതുണ്ടെന്നും അതിർത്തിയിൽ സാഹചര്യങ്ങൾ നിരീക്ഷിക്കുകയും പരസ്പര ബഹുമാനം പുലർത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു.
ഈ സാഹചര്യത്തിൽ അതിർത്തിയിൽ നിന്നും ഘട്ടംഘട്ടമായി പിൻമാറാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നതിന് കൂടിക്കാഴ്ചയിൽ ധാരണയായതായും ക്വാത്ര വ്യക്തമാക്കി.സൈനിക, നയതന്ത്ര മാർഗങ്ങളിലൂടെയും സംഭാഷണങ്ങളിലൂടേയും പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാനും നേതാക്കൾ തമ്മിൽ തീരുമാനമായതായും അദ്ദേഹം വ്യക്തമാക്കി.
2020ൽ ലഡാക്കിലെ സംഘർഷത്തിനു ശേഷമുള്ള ഇരുനേതാക്കളുടേയും ആദ്യ കൂടിക്കാഴ്ചയാണിത്.ഇന്തൊനീഷ്യയിലെ ബാലിയിൽ കഴിഞ്ഞ നവംബറിൽ ജി20 നേതാക്കളുടെ അത്താഴത്തിനിടെയായിരുന്നു അവസാനമായി ഇരുവരും കൂടുക്കാഴ്ച നടത്തിയത്. പിന്നാലെയായിരുന്നു ലഡാക്കിലെ ഗാൽവനിൽ ഇരുരാജ്യങ്ങളിലേയും സൈനികർ തമ്മിൽ സംഘർമുണ്ടായത്. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു. അതിർത്തി വിഷയത്തിൽ ഇതുവരെ 19 തവണയാണ് ചൈനയും ഇന്ത്യയും തമ്മിൽ ചർച്ച നടത്തിയത്.












Click it and Unblock the Notifications