
നരേന്ദ്ര മോദി യുഎഇയില്‍; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ്
ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയില്‍. ജര്‍മനിയില്‍ വിവിധ രാജ്യങ്ങളുടെ നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് മോദി യുഎഇയിലെത്തിയത്. അദ്ദേഹത്തെ സ്വീകരിക്കാന്‍ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അബുദാബി വിമാനത്താവളത്തില്‍ നേരിട്ടെത്തി. കൂടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. വിശദമായ ചര്‍ച്ചകള്‍ ഇന്ന് നടക്കുമെന്നാണ് കരുതുന്നത്. മോദിയുടെ നാലാം യുഎഇ സന്ദര്‍ശനമാണിത്. 2015, 2018, 2019 വര്‍ഷങ്ങളില്‍ മോദി യുഎഇ സന്ദര്‍ശിച്ചിരുന്നു. 2016, 2017 വര്‍ഷങ്ങളില്‍ ശൈഖ് മുഹമ്മദ് ഇന്ത്യയും സന്ദര്‍ശിച്ചു.
ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ജര്‍മനിയിലെത്തിയ മോദി അവിടെ നിന്നാണ് യുഎഇയിലേക്ക് തിരിച്ചത്. ഇന്നു രാത്രി തന്നെ മോദി ഇന്ത്യയിലേക്ക് മടങ്ങും. ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ മോദി അനുശോചനം അറിയിക്കും. പുതിയ പ്രസിഡന്റ് ശൈഖ് മുഹമ്മദുമായി ചര്‍ച്ച നടത്തും. പ്രവാസികള്‍ക്ക് അനുകൂലമായ പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നാണ് പ്രവാസി സമൂഹം നോക്കുന്നത്.
അമ്മയില്‍ പൊട്ടിത്തെറി; ഷമ്മി തിലകനെ പിന്തുണച്ച് ഗണേഷ് കുമാര്‍, വിജയ് ബാബു രാജിവെക്കണം
ഇക്കഴിഞ്ഞ ജനുവരിയില്‍ മോദി യുഎഇയിലെത്തുമെന്നാണ് നേരത്തെ കരുതിയിരുന്നത്. ദുബായ് ഫെസ്റ്റിവലിന്റെ ഭാഗമായിട്ടാണ് യാത്ര പദ്ധതിയിട്ടത്. കൊവിഡ് കാരണം യാത്ര നടന്നില്ല. തുടര്‍ന്ന് വ്യാപാര പങ്കാളിത്ത കരാര്‍ ഫെബ്രുവരിയിലാണ് മോദിയും ശൈഖ് മുഹമ്മദും ഒപ്പുവച്ചത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 11500 കോടി ഡോളര്‍ എത്തിക്കുക എന്നതാണ് കരാറിന്റെ ലക്ഷ്യം. കരാര്‍ യാഥാര്‍ഥ്യമായ ശേഷം ആദ്യമായിട്ടാണ് മോദി യുഎഇയില്‍ എത്തിയിരിക്കുന്നത്.

2021ല്‍ യുഎഇയുമായി ഏറ്റവും കൂടുതല്‍ വ്യാപാരം നടത്തിയ രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. യുഎഇ ലോകരാജ്യങ്ങളുമായി നടത്തിയ മൊത്തം വ്യാപാരത്തിന്റെ 9 ശതമാനം ഇന്ത്യയുമായിട്ടായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാനാണ് ഇന്ത്യയുടെ ഉദ്ദേശം. 2019ല്‍ യുഎഇയിലെത്തിയ വേളയില്‍ യുഎഇയുടെ ഏറ്റവും വലിയ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് നല്കി മോദിയെ ആദരിച്ചിരുന്നു.