മനുഷ്യക്കടത്തിനെതിരേ ഇന്ത്യയും യുഎസും ഒരുമിച്ച് പോരാടും; നാടുകടത്തലില്‍ ആദ്യമായി പ്രതികരിച്ച് മോദി
ന്യൂഡല്‍ഹി: അമേരിക്കയില്‍ അനധികൃതമായി താമസിക്കുന്ന ഏതൊരു ഇന്ത്യന്‍ പൗരനെയും മാതൃരാജ്യത്തേക്കു തിരികെ കൊണ്ടുവരാന്‍ ഇന്ത്യ പൂര്‍ണമായും തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യക്കടത്ത് അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈറ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് മോദി നാടുകടത്തല്‍ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചത്. നിയമവിരുദ്ധമായി ഒരു രാജ്യത്ത് പ്രവേശിക്കുന്ന ആര്‍ക്കും അവിടെ താമസിക്കാന്‍ അവകാശമില്ല. ഇത് അമേരിക്കയില്‍ മാത്രമല്ല, ലോകമെമ്പാടും ബാധകമാണെന്ന് മോദി പറഞ്ഞു.
യു.എസില്‍ അനധികൃതമായി താമസിച്ചിരുന്ന 104 ഇന്ത്യക്കാരെ കൈകാലുകള്‍ ബന്ധിച്ച് സൈനിക വിമാനത്തില്‍ ഇന്ത്യയിലേക്ക് നാടുകടത്തിയതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന വരുന്നത്. ഈ വിഷയത്തില്‍ പ്രധാനമന്ത്രി ആദ്യമായി നടത്തുന്ന പ്രസ്താവനയാണിത്. യു.എസിന്റെ മനുഷ്യത്വരഹിതമായ നടപടി വലിയ വിവാദത്തിന് കാരണമായിരുന്നു.

'ഇന്ത്യയിലെ യുവതലമുറയും ദുര്‍ബലരും ദരിദ്രരുമായ ജനങ്ങളും കുടിയേറ്റം എന്ന ആകര്‍ഷണത്തില്‍ വഞ്ചിതരാകുന്നു. വളരെ സാധാരണ കുടുംബങ്ങളിലെ കുട്ടികളാണിവര്‍. വലിയ സ്വപ്നങ്ങളും വാഗ്ദാനങ്ങളും നല്‍കി അവരെ ആകര്‍ഷിക്കുന്നു. എന്തിനാണ് തങ്ങളെ കൊണ്ടുവരുന്നതെന്ന് പോലും അറിയാതെ പലരും പോകുന്നു. മനുഷ്യക്കടത്ത് സംവിധാനത്തിലൂടെ അവര്‍ ചതിക്കുഴികളില്‍ വീഴുന്നു - അദ്ദേഹം പറഞ്ഞു.
മനുഷ്യക്കടത്തിന്റെ വേരറുക്കാന്‍ ഇന്ത്യയും യുഎസും സംയുക്തമായി ശ്രമിക്കണം. മനുഷ്യക്കടത്തിനെതിരേയാണ് ഞങ്ങളുടെ ഏറ്റവും വലിയ പോരാട്ടം. ഈ ദൗത്യം പൂര്‍ത്തിയാക്കുന്നതില്‍ പ്രസിഡന്റ് ട്രംപ് ഇന്ത്യയുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട് - മോദി കൂട്ടിച്ചേര്‍ത്തു.
അതേസമയം, മോദി-ട്രംപ് കൂടിക്കാഴ്ച്ചയെ ശുഭാപ്തി വിശ്വാസത്തോടെയാണ് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം കാണുന്നത്. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയും അമേരിക്കയും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതും മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരന്‍ പാക് വംശജന്‍ തഹാവൂര്‍ ഹുസൈന്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതുമടക്കം നിര്‍ണായക തീരുമാനങ്ങളാണ് ഇരു രാഷ്ട്രത്തലവന്മാരും കൈക്കൊണ്ടത്.
തഹാവൂര്‍ റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറുന്നതില്‍ ട്രംപിന് മോദി നന്ദി അറിയിച്ചു. '2008 ല്‍ ഇന്ത്യയില്‍ വംശഹത്യ നടത്തിയ കുറ്റവാളിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ തീരുമാനിച്ചതിന് പ്രസിഡന്റിനോട് എനിക്ക് നന്ദിയുണ്ട്'. ഇന്ത്യയിലെ കോടതികള്‍ ഉചിതമായ നടപടി സ്വീകരിക്കും' - മോദി പറഞ്ഞു.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ വാള്‍ട്ട്‌സ്, അമേരിക്കന്‍ ശതകോടീശ്വരനും സ്‌പേസ് എക്‌സ് മേധാവിയുമായ ഇലോണ്‍ മസ്‌ക്, റിപ്പബ്ലിക്കന്‍ നേതാവും ഇന്ത്യന്‍ വംശജനുമായ വിവേക് രാമസ്വാമി എന്നിവരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.












Click it and Unblock the Notifications