മോദിക്ക് ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ദ നൈല്‍; 13-ാമത്തെ ലോകോത്തര ബഹുമതി
കെയ്‌റോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ദ നൈല്‍. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സിസിയില്‍ നിന്നാണ് മോദി ബഹുമതി ഏറ്റുവാങ്ങിയത്. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങള്‍ മോദിക്ക് നല്‍കുന്ന 13-ാമത്തെ പരമോന്നത ബഹുമതിയാണിത്. ഈജിപ്ഷ്യന്‍ പ്രസിഡന്‍സിയുടെ വെബ്സൈറ്റ് അനുസരിച്ച്, 'ഓര്‍ഡര്‍ ഓഫ് ദി നൈല്‍' മൂന്ന് ചതുരശ്ര സ്വര്‍ണ്ണ യൂണിറ്റുകള്‍ അടങ്ങുന്ന ഒരു സ്വര്‍ണ്ണ ഹാരമാണ്.
ഫറവോനിക് ചിഹ്നങ്ങള്‍ ഇതില്‍ കൊത്തിയിട്ടുണ്ട്. ആദ്യത്തെ യൂണിറ്റ് തിന്മകളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുക എന്ന ആശയത്തെ പ്രതിനിധാനം ചെയ്യുന്നു. രണ്ടാമത്തേത് നൈല്‍ നദി നല്‍കുന്ന സമൃദ്ധിയേയും സന്തോഷത്തേയും പ്രതീകപ്പെടുത്തുന്നു. മൂന്നാമത്തേത് സമ്പത്തിനെയും സഹിഷ്ണുതയെയും സൂചിപ്പിക്കുന്നു. അതിനിടെ അബ്ദുല്‍ ഫത്താഹ് എല്‍ സിസിയുമായി മോദി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ഇരു നേതാക്കളും ധാരണാപത്രങ്ങളില്‍ ഒപ്പുവെക്കുകയും ചെയ്തു. 26 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈജിപ്ത് സന്ദര്‍ശിക്കുന്നത്. 1997 ല്‍ ആണ് ഇതിന് മുന്‍പ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ഈജിപ്തിലെത്തിയത്. അതേസമയം ഇന്ത്യയില്‍ സെപ്തംബറില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് ഈജിപ്തിനെ പ്രത്യേക അതിഥിയായി ക്ഷണിച്ചിട്ടുണ്ട്.
ഇതിനിടെ ഈജിപ്തിലെ പതിനൊന്നാം നൂറ്റാണ്ടിലെ ചരിത്രപ്രസിദ്ധമായ അല്‍-ഹക്കിം പള്ളിയില്‍ മോദി സന്ദര്‍ശനം നടത്തി. ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയുടെ ഹൃദയഭാഗത്താണ് ഇമാം അല്‍-ഹക്കിം ബി അംര്‍ അല്ലാഹ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ആയിരം വര്‍ഷം പഴക്കമുള്ള പള്ളിയാണിത്. 13560 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ മസ്ജിദ് ഇന്ത്യയിലെ ദാവൂദി ബൊഹ്‌റ സമൂഹത്തിന്റെ സഹായത്തോടെയാണ് പുനര്‍നിര്‍മിച്ചത്.
വര്‍ഷങ്ങളായി ഗുജറാത്തില്‍ കഴിയുന്ന ബൊഹ്റ സമുദായവുമായി മോദിക്ക് വളരെ അടുത്ത ബന്ധമുണ്ടെന്ന് ഈജിപ്തിലെ ഇന്ത്യന്‍ അംബാസഡര്‍ അജിത് ഗുപ്തെ പറഞ്ഞു. ഒന്നാം ലോക മഹായുദ്ധത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് കെയ്‌റോയിലെ ഹീലിയോപോളിസ് യുദ്ധ സെമിത്തേരിയില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. പോര്‍ട്ട് ട്യൂഫിക് സ്മാരകവും ഏഡന്‍ സ്മാരകവും അടങ്ങുന്ന സെമിത്തേരിയില്‍ മോദി പുഷ്പാഞ്ജലി അര്‍പ്പിച്ചു.
സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പുവെക്കുകയും ചെയ്ത ശേഷമാണ് മോദി ഇവിടെ നിന്ന് മടങ്ങിയത്. ഒന്നാം ലോകമഹായുദ്ധത്തില്‍ ഈജിപ്തിലും പലസ്തീനിലും പോരാടി വീരമൃത്യു വരിച്ച ഏകദേശം 4000 ഇന്ത്യന്‍ സൈനികരെ അനുസ്മരിക്കുന്ന സ്മാരകമാണ് ഹീലിയോപോളിസ് യുദ്ധ സെമിത്തേരി.












Click it and Unblock the Notifications