ബ്രിട്ടീഷ് രാജകുടുംബത്തെ ഞെട്ടിച്ച് ഹാരി രാജകുമാരനും മേഗനും, രാജകീയ പദവികൾ വേണ്ട
ലണ്ടൻ: രാജകീയ ചുമതലകളിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ച് ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കലും. ബ്രിട്ടീഷ് രാജകുടുംബത്തിലെ ' മുതിർന്ന അംഗങ്ങൾ' എന്ന നിലയിലുള്ള ചുമതലകളിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചതായി ഇരുവരും പ്രസ്താവനയിൽ വ്യക്തമാക്കി. രാജകുടുംബത്തെ ഞെട്ടിച്ചിരിക്കുകയാണ് ഇരുവരുടെയും തീരുമാനം.
എലിസബത്ത് രാഞ്ജിക്കും ബ്രിട്ടീഷ് രാജകുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും ഈ നീക്കത്തെക്കുറിച്ച് മുൻകൂർ അറിയിപ്പ് ലഭിച്ചിട്ടില്ലായിരുന്നു എന്നാണ് വിവരം. ഇനിയുള്ള സമയം യുകെയിലും വടക്കേ അമേരിക്കയിലുമായി ചെലവിടാനാണ് ഉദ്ദേശിക്കുന്നതെന്നും ഇരുവരും വ്യക്തമാക്കി.

രാഞ്ജിയോടും കോമൺവെൽത്തിനോടുമുള്ള കടപ്പാട് നിലനിർത്താൻ ഏതാനും ചില രാജകീയ ചുമതലകൾ മാത്രം തുടർന്ന് വഹിക്കുമെന്നും ഇരുവരും പറയുന്നു. സാമ്പത്തികസ്വാതന്ത്രം നേടാനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് ഹാരിയും മേഗനും വ്യക്തമാക്കുന്നു.
മാസങ്ങളുടെ ആലോചനയ്ക്ക് ശേഷമാണ് തീരുമാനം. രാജ കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ എന്ന പദവിയിൽ നിന്നും വിട്ടുനിൽക്കാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനുമാണ് ആഗ്രഹിക്കുന്നത്. രാജകുടുംബത്തിനും രാഞ്ജിക്കുമുള്ള പിന്തുണ നിർബാധം തുടരുമെന്നും ഇരുവരും വ്യക്തമാക്കുന്നു. തങ്ങളുടെ മകനെ രാജകീയ മൂല്യങ്ങൾ ചോരാതെ വളർത്തുമെന്നും അതിനോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുമെന്നും സമൂഹമാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ ഇവർ പറയുന്നു.
വ്യത്യസ്തമായ ഒരു സമീപനം തീരുമാനിക്കാനുള്ള അവരുടെ ആഗ്രഹം മനസിലാക്കുന്നു. എന്നാൽ കാര്യങ്ങൾ സങ്കീർണമാണെന്നും ഇതിന് സമയമെടുക്കുമെന്നും ബക്കിംങാം കൊട്ടാരം പ്രതികരിച്ചു. ഹാരിയും മേഗനുമായുളള ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണ്. കിരീടാവകാശത്തിലേക്ക് ആറാം സ്ഥാനമാണ് ഹാരിക്കുള്ളത്. ആറ് ആഴ്ചയോളം നീണ്ട ക്രിസ്തുമസ് ആഘോഷങ്ങളുമായി കാനഡയിൽ ചെലവിട്ട് മടങ്ങിയെത്തിയ ശേഷമാണ് ഇരുവരുടെയും പ്രഖ്യാപനം. അനാവശ്യമായി മാധ്യമശ്രദ്ധ ലഭിക്കുന്നതിൽ അസ്വസ്ഥനാണെന്ന് നേരത്തെ ഹാരി പറഞ്ഞിരുന്നു. അതേ സമയം ജേഷ്ഠനായ വില്യം രാജകുമാരനുമായുള്ള അകൽച്ചയാണ് തീരുമാനത്തിന് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്.












Click it and Unblock the Notifications