പള്ളിയില്‍ കയറി വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചു
നൗവാകോട്ട്: ആഫ്രിക്കന്‍ രാജ്യമായ മോരിതെയ്‌നിയില്‍ അജ്ഞാതരായ ഒരു സംഘം ആളുകള്‍ മുസ്ലിം പള്ളിയിലേക്ക് അതിക്രമിച്ചു കയറി വിശുദ്ധ ഖുറാന്‍ വലിച്ചുകീറിയതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ ദിനപ്പത്രമായ വാന്‍കൂവര്‍സണ്‍ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ച വിവംര പുറത്തറിഞ്ഞതോടെ തലസ്ഥാനമായ നൗവാകോട്ടില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതായും വിവരമുണ്ട്.
ആയിരക്കണക്കിന് വിശ്വാസികളാണ് വിശുദ്ധ ഗ്രന്ഥം അപമാനിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് തെരുവില്‍ ഇറങ്ങിയത്. പോലീസുമായി കലാപകാരികള്‍ നടത്തിയ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടതായാണ് വിവരം. കണ്ണീര്‍വാതകം ഉപയോഗിച്ചാണ് പോലീസുകാര്‍ പ്രക്ഷോഭകാരികളെ എതിരിട്ടത്.

കണ്ണീര്‍വാതകം ശ്വസിച്ച് 21 കാരനായ ചെറുപ്പക്കാരനാണ് മരിച്ചത്. പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു മെഡിക്കല്‍ ഓഫീസറാണ് ഈ യുവാവിന്റെ മരണവിവരം അറിയിച്ചത്. അജ്ഞാതരായ നാല് ചെറുപ്പക്കാര്‍ പള്ളിക്കകത്തേക്ക് ഇരച്ചുകയറിയ ശേഷം വിശുദ്ധ ഗ്രന്ഥം വലിച്ചുകീറുകയായിരുന്നത്രെ. തുടര്‍ന്ന് ഇവര്‍ വിശുദ്ധ ഗ്രന്ഥം ടോയ്‌ലെറ്റില്‍ എറിഞ്ഞതായും പരാതിയുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് അജ്ഞാതരായ നാല് ചെറുപ്പക്കാര്‍ പള്ളിയില്‍ ആക്രമണം നടത്തിയത് എന്ന് പള്ളിയിലെ ഇമാമായ മുഹമ്മദ് സലീം പറഞ്ഞു. വിശുദ്ധ ഗ്രന്ഥത്തിന്റെ നാല് കോപ്പികളാണ് ഇവര്‍ വലിച്ചുകീറിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ വിവരമറിഞ്ഞ വിശ്വാസികള്‍ പ്രദേശത്ത് തടിച്ചുകൂടി പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു.












Click it and Unblock the Notifications