13,500 കോടിയുടെ വായ്പാ തട്ടിപ്പ്; വജ്രവ്യാപാരി മെഹുല്‍ ചോക്‌സി ബെല്‍ജിയത്തില്‍ അറസ്റ്റില്‍
ബ്രസല്‍സ്: ഇന്ത്യന്‍ ബാങ്കിങ് മേഖലയെ പിടിച്ചുകുലുക്കി കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രക്ഷപ്പെട്ട മെഹുല്‍ ചോക്‌സി ബെല്‍ജിയത്തില്‍ അറസ്റ്റില്‍. പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് ഇന്ത്യന്‍ രത്നവ്യാപാരിയായ മെഹുല്‍ ചോക്സി അറസ്റ്റിലായത്. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബാങ്കിങ് മേഖലയെ ഞെട്ടിച്ച് 13,500 കോടിയുടെ വായ്പാ തട്ടിപ്പാണ് പ്രതി നടത്തിയത്. വിവരങ്ങള്‍ പുറത്തുവരുന്നതിന് തൊട്ടുമുന്‍പാണ് ചോക്‌സി രാജ്യം വിട്ടത്. 2018 ജനുവരി ആദ്യ വാരത്തോടെയാണ് ചോക്സിയും അനന്തരവന്‍ നീരവ് മോഡിയും ഇന്ത്യയില്‍ നിന്ന് കടന്നത്. ഭാര്യ പ്രീതി ചോക്‌സിക്കൊപ്പമാണ് ബെല്‍ജിയത്തില്‍ താമസിച്ചു വന്നിരുന്നത്. ഇവര്‍ക്ക് ബെല്‍ജിയം പൗരത്വമുണ്ട്. അതേസമയം, ബെല്‍ജിയത്തില്‍ താമസിക്കുന്നതിനുള്ള പെര്‍മിറ്റിനായി പ്രതി നല്‍കിയ രേഖകള്‍ വ്യാജമാണെന്ന് ആരോപണമുണ്ട്.

ചോക്സി ബെല്‍ജിയത്തിലുണ്ടെന്ന് അടുത്തിടെ ബെല്‍ജിയം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. കാന്‍സര്‍ ചികിത്സയ്ക്കായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് താമസം മാറാന്‍ ചോക്സി തയാറെടുക്കുകയാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. വീല്‍ചെയറിലുള്ള പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
സിബിഐയുടെ അപേക്ഷയില്‍ ബെല്‍ജിയം പൊലീസ് ശനിയാഴ്ചയാണ് 65-കാരനായ മെഹുല്‍ ചോക്സിയെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇയാള്‍ ബെല്‍ജിയത്തില്‍ ജയിലിലാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2018-ലും 2021-ലുമായി മുംബൈ കോടതി പുറപ്പെടുവിച്ച രണ്ട് അറസ്റ്റ് വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് ചോക്സിയെ പിടികൂടിയത്.
സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഏജന്‍സികള്‍ സംയുക്തമായാണ് അന്വേഷണം നടത്തിയിരുന്നത്.
പിഎന്‍ബിയില്‍ നിന്ന് 13,500 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതില്‍ ചോക്സിയും അനന്തരവന്‍ നീരവ് മോദിയും പങ്കാളികളാണ്. നീരവ് മോദിയുടെ സഹോദരീപുത്രനാണ് മെഹുല്‍ ചോക്‌സി. നീരവ് മോദി നിലവില്‍ ലണ്ടനിലെ ജയിലിലാണ്. ഇയാളെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ബ്രിട്ടനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇരുവരുടെയും സ്വത്തുക്കള്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കണ്ടുകെട്ടിയിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകളിലൊന്നാണിത്.












Click it and Unblock the Notifications