റഷ്യ അവകാശം ഉന്നയിക്കുന്ന യുക്രൈൻ പ്രദേശങ്ങൾ യുഎസ് അംഗീകരിക്കണം; പുടിന്റെ പ്രതീക്ഷ ഇങ്ങനെ
ക്രിമിയയ്ക്ക് പുറമേ, തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന നാല് യുക്രൈൻ പ്രദേശങ്ങളും ഔദ്യോഗികമായി അംഗീകരിക്കാൻ യുഎസ് തയ്യാറാകുമെന്നാണ് പ്രസിഡന്റ് പുടിന്റെ പ്രതീക്ഷയെന്ന് റഷ്യൻ മാധ്യമം. പുടിന്റെ സ്വകാര്യ ബിസിനസ് പരിപാടിയിൽ പങ്കെടുത്ത വ്യക്തിയെ ഉദ്ധരിച്ച് കൊമ്മർസെന്റ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അങ്ങനെ അംഗീകരിച്ചാൽ യുക്രേനിയൻ തുറമുഖ നഗരമായ ഒഡെസയി അടക്കമുള്ള പ്രദേശങ്ങളിൽ റഷ്യ അവകാശം ഉന്നയിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ക്രിമിയയ്‌ക്കൊപ്പം ലുഹാൻസ്‌ക്, ഡൊണെറ്റ്‌സ്ക്, സപോരിഷിയ, കെർസൺ എന്നീ നാല് പ്രദേശങ്ങളെ യുഎസ് ഔദ്യോഗികമായി അംഗീകരിക്കണമെന്നാണ് പുടിൻ ആഗ്രഹിക്കുന്നത്. 2014 ലാണ് റഷ്യ ഈ സ്ഥലങ്ങൾ പിടിച്ചെടുത്തത്. എന്നിരുന്നാലും ഈ നാല് സ്ഥലങ്ങളിലും പൂർണമായ സ്വാധീനം റഷ്യക്കില്ല.

അതേസമയം റിപ്പോർട്ട് സംബന്ധിച്ച ചോദ്യത്തിന് പുടിനും ട്രംപും ചൊവ്വാഴ്ച നടത്തിയ ചർച്ചയിൽ ഇക്കാര്യങ്ങൾ പ്രതിപാദിച്ചിട്ടില്ലെന്ന് ക്രംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. റഷ്യയിലെ ബിസിനസ് ഉന്നതരുമായി ചൊവ്വാഴ്ച നടന്ന അടച്ചിട്ട വാതിൽ കൂടിക്കാഴ്ചയിൽ യുക്രൈൻ സംഘർഷത്തെ കുറിച്ച് പുടിൻ ചർച്ച ചെയ്തതായി അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ ദിവസം യുക്രൈൻ വിഷയത്തിൽ മണിക്കൂറോളം നീണ്ട ഫോൺ സംഭാഷണമായ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പുടിനും നടത്തിയത്. ട്രംപ് പുടിനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ചർച്ചയിൽ യുക്രൈനിൽ ശാശ്വത സമാധാനം ഉണ്ടാകണമെന്ന് പുടിൻ അംഗീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ഊർജ്ജ, അടിസ്ഥാന സൗകര്യ മേഖലകളിൽ വെടിനിർത്തൽ നടപ്പാക്കി സമാധാന ശ്രമങ്ങൾ ആരംഭിക്കാനും പൂർണ്ണവും ശാശ്വതവുമായ സമാധാനം ലക്ഷ്യമിട്ട് കരിങ്കടലിൽ നടക്കുന്ന സൈനിക അഭ്യാസവും നിർത്തലാക്കാനും ഇരുനേതാക്കളും സമ്മതിച്ചു. എന്നാൽ വെടിനിർത്തൽ അംഗീകരിക്കുന്നതിന് ചില ഉപാധികളും പുടിൻ ചർച്ചയിൽ ഉന്നയിച്ചു.
യുക്രൈനിനുള്ള വിദേശ സൈനിക സഹായം പൂർണമായും നിർത്തലാക്കണമെന്നും കൈവിലേക്ക് രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറരുതെന്നുമാണ് പുടിൻ ആവശ്യപ്പെട്ടത്. എന്നാൽ ഇത്തരത്തിലുള്ള ഉപാധികളൊന്നും തന്നെ അംഗീകരിക്കില്ലെന്നാണ് യുക്രൈൻ നിലപാട്. 30 ദിവസത്തെ വെടിനിർത്തൽ എന്ന നിർദേശം യാതൊരു ഉപാധികളുമില്ലാതെ റഷ്യ അംഗീകരിക്കണമെന്നാണ് യുക്രൈൻ ആവർത്തിക്കുന്നത്. റഷ്യ ഇക്കാര്യം അംഗീകരിച്ചാൽ ആ സമയം മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നും യുക്രൈൻ വ്യക്തമാക്കിയിരുന്നു. റഷ്യക്ക് മേൽ യുഎസ് ഇത് സംബന്ധിച്ച് സമ്മർദ്ദം ചെലുത്തണമെന്നും യുക്രൈൻ ആവശ്യപ്പെട്ടു.












Click it and Unblock the Notifications