പുടിന്‍ ലോകത്തിലെ ഏറ്റവും വലിയ ധനികന്‍? കരിങ്കടലില്‍ 8000 കോടിയുടെ ബംഗ്ലാവ്: റഷ്യന്‍ പ്രസിഡന്റിന്റെ ശമ്പളം
നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് വൈകിട്ട് ആറരയോടെയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ മണ്ണില്‍ വിമാനം ഇറങ്ങുന്നത്. വലിയ ആകാംക്ഷയോടെയാണ് പുടിന്റെ സന്ദര്‍ശനത്തെ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. ഇപ്രാവശ്യത്തെ സന്ദര്‍ശനത്തിന് പ്രത്യേകതകള്‍ ഏറെയുണ്ട്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഉലഞ്ഞതിനു ശേഷമാണ് പുടിന്‍ ഇന്ത്യയില്‍ എത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നിര്‍ദേശത്തെ ഇന്ത്യ തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രംപ് ഇന്ത്യക്കെതിരെ രൂക്ഷമായ നിലപാടും സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുടിനും മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. യുക്രൈന്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസവും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ കടുത്ത നിലപാട് പുടിന്‍ സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ-റഷ്യ ബന്ധം ശക്തമാകുന്നതിലുള്ള അതൃപ്തിയും മറ്റ് ലോക രാജ്യങ്ങള്‍ക്കുണ്ട്.

ഡല്‍ഹിയിലാണ് പുടിന്‍ വിമാനം ഇറങ്ങുന്നത്. റഷ്യന്‍ പ്രസിഡന്റിന് ഒരുക്കുന്ന അസാധാരണമായ സുരക്ഷ ഇതിനകം വാര്‍ത്തകളില്‍ ഇടംപിടിച്ചു കഴിഞ്ഞു. അതീവ രഹസ്യമായിട്ടാണ് പുടിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ എല്ലാം നടക്കുന്നത്. ഭക്ഷണം മുതല്‍ ടോയ്‌ലറ്റ് വരെയുള്ള കാര്യങ്ങളില്‍ കൃത്യമായ പ്രോട്ടോക്കോളുകള്‍ റഷ്യന്‍ പ്രസിഡന്റിനുണ്ട്.
അമേരിക്കന്‍ പ്രസിഡന്റിനെ പോലും കവച്ചുവയ്ക്കുന്ന രീതിയിലാണ് റഷ്യന്‍ പ്രസിഡന്റിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍. പുടിനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ദേശീയ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരു കാര്യമാണ് അദ്ദേഹത്തിന്റെ ആസ്തിയും ശമ്പളവും.
ഒരു റഷ്യന്‍ പ്രസിഡന്റിന് എത്ര രൂപ ശമ്പളം ഉണ്ടെന്നത് ഏവര്‍ക്കും അറിയാന്‍ ആകാംക്ഷയുള്ള കാര്യമാണ്. റഷ്യന്‍ പ്രസിഡന്റിന്റെ പുറത്തറിയുന്ന വാര്‍ഷിക ശമ്പളം ഏകദേശം ഒരു ലക്ഷത്തി നാല്‍പതിനായിരം ഡോളറാണ്. ഇന്ത്യന്‍ രൂപയില്‍ ഒരു കോടിയിലേറെ രൂപ. ലളിതമായി ജീവിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ ചിത്രമാണ് ക്രെംലിന്‍ പുറത്ത് വിടുന്നതെങ്കിലും റഷ്യയില്‍ വലിയൊരു സാമ്രാജ്യത്തിന്റെ അധിപനാണ് ഇദ്ദേഹം എന്ന അഭ്യൂഹങ്ങള്‍ ഇതിനകം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.
റഷ്യന്‍ പ്രസിഡന്റ് എത്രത്തോളം സമ്പന്നനാണെന്ന ഔദ്യോഗിക വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. രേഖപ്പെടുത്തിയ സ്വത്തുക്കള്‍ പ്രകാരം 800 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ചെറിയ അപ്പാര്‍ട്ട്‌മെന്റ്, ഒരു ചെറിയ പ്ലോട്ട്, ഒരു ട്രെയിലര്‍, മൂന്ന് ആഡംബര വാഹനങ്ങള്‍ എന്നിവ മാത്രമാണ് അദ്ദേഹത്തിനുള്ളത്. ഇത് പുടിന്‍ ലളിതമായി ജീവിക്കുന്ന ഒരു രാഷ്ട്രീയ നേതാവ് എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ വേണ്ടി പ്രസിദ്ധീകരിക്കുന്ന രേഖ മാത്രമാണ്.
എന്നാല്‍ 72 കാരനായ പുടിന്‍ ലോകത്തിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളാണെന്ന് റഷ്യയിലെ തന്നെ നിരവധി സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. പുടിന്റെ യഥാര്‍ത്ഥ ആസ്തിയെക്കുറിച്ചും സാമ്രാജ്യത്തെക്കുറിച്ചുമുള്ള കൃത്യമായ വിവരങ്ങള്‍ ദുരൂഹമായി തുടരുകയാണ്.
പുടിന്റെ രഹസ്യ ആസ്തി ഏകദേശം 200 ബില്യണ്‍ വരുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 16.6 ലക്ഷം കോടി. ഈ കണക്കുകള്‍ ശരിയാണെങ്കില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ വരെ കടത്തിവെട്ടും റഷ്യന്‍ പ്രസിഡന്റിന്റെ ആസ്തി.
പുടിന്റെ വാര്‍ഷിക വരുമാനത്തേക്കാള്‍ ഇരട്ടി വിലയുള്ള ആഡംബര വാച്ചുകള്‍ ധരിച്ച് പലപ്പോഴും ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കരിങ്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഏകദേശം 8300 കോടി രൂപ വിലവരുന്ന പുടിന്‍ പാലസ് എന്നറിയപ്പെടുന്ന ആഡംബര ബംഗ്ലാവ് പുടിന്റെ അടുത്ത അനുയായിയുടെ പേരിലുള്ളതാണ്. ഏകദേശം 6000 കോടിയോളം വിലമതിക്കുന്ന ഒരു ആഡംബര ഉല്ലാസ നൗകയും ഇദ്ദേഹത്തിനുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
ആഡംബര വസതികള്‍, വിലകൂടിയ കാറുകള്‍, വിമാനങ്ങള്‍. ഹെലികോപ്റ്ററുകള്‍ എന്നിവയും അദ്ദേഹത്തിന്റെ ശേഖരത്തില്‍ ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും ക്രെംലിന്‍ ഔദ്യോഗിക രേഖകളില്‍ കാണിച്ചിട്ടില്ല.
ഇദ്ദേഹത്തിന് ഇത്രയും വലിയ ആസ്തി ഉണ്ടായത് എങ്ങനെയാണെന്ന ചോദ്യത്തിനുള്ള മറുപടി ദുരൂഹമാണ്. റഷ്യയില്‍ വിവിധ കേസുകളില്‍പെടുന്ന അതിസമ്പന്നരായ വ്യവസായികളില്‍ നിന്ന് പ്രോസിക്യൂഷനില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിന് പകരമായി ഓഹരികളും പണവും പുടിന്‍ വാങ്ങാറുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.
തന്റെ ഏറ്റവും അടുത്ത വിശ്വസ്തര്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ലാഭകരമായ ബിസിനസ് ഡീലുകള്‍ ഒരു പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് പുടിന്‍ വാങ്ങിക്കൊടുക്കാറുണ്ട്. ഇതിനു പകരമായി അദ്ദേഹം കമ്മീഷന്‍ തിരികെ വാങ്ങുന്നു. യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കെതിരെ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ട് പോലും റഷ്യ പ്രസിഡന്റിന്റെ ആസ്തിക്കോ സമ്പത്തിനോ വലിയ ഇടിവുണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications