പുടിൻ കളി തുടങ്ങി? വെടിനിർത്തൽ കരാർ സംബന്ധിച്ച് മിണ്ടാട്ടമില്ല, പഴയ ഉപാധികൾ മുന്നോട്ട് വെച്ചു?
യുക്രൈനിൽ യുദ്ധം അവസാനിപ്പിക്കാൻ യുഎസിന് മുൻപിൽ ഉപാധികൾ അവതരിപ്പിച്ച് റഷ്യ. മുൻപ് യുഎസിനും നാറ്റോയ്ക്കും യുക്രൈനും മുന്നിൽ വെച്ച ഉപാധികൾ തന്നെയാണ് റഷ്യ ഉന്നയിച്ചിരിക്കുന്നതെന്നാണ് സൂചന. നാറ്റോ അംഗത്വം യുക്രൈൻ മറക്കണമെന്നത് അടക്കമുള്ള ആവശ്യമായിരുന്നു റഷ്യ നേരത്തേ മുന്നോട്ട് വെച്ചത്. ഇത് അന്ന് തന്നെ യുക്രൈൻ തള്ളിയിരുന്നു.
യുക്രൈന് നാറ്റോ അംഗത്വം നൽകരുത്, വിദേശ സൈന്യത്തെ വിന്യസിക്കില്ലെന്ന ഉറപ്പ് നൽകണം, ക്രിമിയ അടക്കം നാല് പ്രവിശ്യകൾ റഷ്യയുടേതാണെന്ന് അംഗീകരിക്കണം തുടങ്ങിയവയായിരുന്നു റഷ്യ മുൻപ് വെച്ച ഉപാധികൾ. യുക്രെയ്ൻ നാറ്റോ അംഗത്വത്തിന് ശ്രമിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് റഷ്യ മുൻപ് പറഞ്ഞിരുന്നു. അതേസമയം ജിദ്ദയിൽ നടന്ന സമാധാന ചർച്ചയിൽ യുക്രൈൻ അംഗീകരിച്ച നിർദേശങ്ങളിൽ റഷ്യ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് യു എസ് ഉറ്റുനോക്കുന്നത്.

ചർച്ചയിൽ 30 ദിവസത്തെ അടിയന്തര വെടിനിർത്തൽ നിർദേശമാണ് യുഎസ് മുന്നോട്ട് വെച്ചത്. ഇത് യുക്രൈൻ അംഗീകരിച്ചിരുന്നു. ഇതോടെ സൈനികസഹായവും രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നതും പുനരാരംഭിക്കാൻ തങ്ങള്‍ തയ്യാറാണെന്ന് യു എസ് യുക്രൈനെ അറിയിച്ചു. അതേസമയം ചർച്ച സംബന്ധിച്ച് റഷ്യ ഇതുവരേയും പ്രതികരിച്ചിട്ടില്ല. യുഎസ് നിർദേശങ്ങൾ പെട്ടെന്ന് റഷ്യ അംഗീകരിച്ചേക്കില്ലെന്ന് തന്നെയാണ് യുഎസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. യുഎസിനും യുക്രൈനും യൂറോപ്പിനും ഇടയിലുള്ള ഇപ്പോഴത്തെ ഐക്യത്തിൽ വിളളൽ വീഴ്ത്താനും സമാധാന ചർച്ചകൾ തടസപ്പെടുത്താനും പുടിൻ ശ്രമിച്ചേക്കുമെന്ന ആശങ്കയും ഇവർ പങ്ക്വെയ്ക്കുന്നുണ്ട്.
റഷ്യ അംഗീകരിച്ചാൽ വെടിനിർത്തലിന് തങ്ങൾ തയ്യാറാണെന്നാണ് കഴിഞ്ഞ ദിവസം നടന്ന മധ്യസ്ഥ ചർച്ചയ്ക്ക് പിന്നാലെ യുക്രൈൻ പ്രസിഡന്റ് വ്ളാഡമിർ സെലൻസ്കി വ്യക്തമാക്കിയത്. 'യു എസ് നിർദേശം ഞങ്ങൾ അംഗീകരിക്കുകയാണ്. പോസിറ്റീവായാണ് ഞങ്ങൽ ഇതിനെ കാണുന്നത്. ഇത്തരത്തിലുള്ള ഏത് നീക്കത്തിനും ഞങ്ങൾ തയ്യറാണ്. യുദ്ധം അവസാനിപ്പിക്കാൻ യുഎസ് റഷ്യക്ക് മേൽ സമർദ്ദം ചെലുത്തണം. റഷ്യയും കൂടി വെടി നിർത്തൽ അംഗീകരിച്ചാൽ ഇപ്പോൾ തന്നെ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. ഞങ്ങളുടെ നിർദേശങ്ങൾ യു എസ് മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. യുക്രൈനും യുഎസിനുമിടയിൽ മികച്ചൊരു ചർച്ച സാധ്യമാക്കിയതിന് ഡൊണാൾഡ് ട്രംപിന് നന്ദി', എന്നായിരുന്നു സെലൻസ്കി പറഞ്ഞത്.












Click it and Unblock the Notifications